അതുല്യയുടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചു; റീ പോസ്റ്റ്‌മോര്‍ട്ടത്തിന്‌ ശേഷം സംസ്കാരം

വൈകിട്ടോടെ വീട്ടുവളപ്പില്‍ സംസ്‌കാരം

dot image

തിരുവനന്തപുരം: ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത അതുല്യയുടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചു. മൃതദേഹം ഇന്ന് രാവിലെ 9 മണിയോടെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലെത്തിക്കും. പിന്നാലെ റീ പോസ്റ്റ്‌മോര്‍ട്ടം നടത്താനാണ് തീരുമാനം. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായാല്‍ മൃതദേഹം കൊല്ലത്തെ അതുല്യയുടെ വീട്ടിലേക്ക് കൊണ്ടുപോകും. വൈകിട്ടോടെ വീട്ടുവളപ്പിലാണ് സംസ്‌കാരം. അതുല്യയുടെ പോസ്റ്റ്‌മോര്‍ട്ടം ഷാര്‍ജയില്‍ നടത്തിയിരുന്നു. അതുല്യയുടേത് ആത്മഹത്യ തന്നെയാണെന്നായിരുന്നു റിപ്പോർട്ട്. എന്നാല്‍ ഇത് കുടുംബം വിശ്വാസത്തിലെടുത്തിട്ടില്ല. അതുല്യയെ ഭര്‍ത്താവ് സതീഷ് കൊലപ്പെടുത്തിയതാണെന്ന ആരോപണത്തിൽ കുടുംബം ഇപ്പോഴും ഉറച്ച് നിൽക്കുകയാണ്.

ഇക്കഴിഞ്ഞ ജൂലൈ 19നാണ് ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ അതുല്യയെ കണ്ടെത്തുന്നത്. ഇതിന് പിന്നാലെ അതുല്യയെ ഭര്‍ത്താവ് സതീഷ് ശങ്കര്‍ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അതുല്യയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ വീഡിയോകളും പുറത്തുവന്നിരുന്നു. അതുല്യ, സതീഷില്‍ നിന്ന് ക്രൂരമായ പീഡനം നേരിട്ടിരുന്നുവെന്നും അതുല്യയെ സതീഷ് കൊലപ്പെടുത്തിയതാണെന്നുമുള്ള ആരോപണവുമായി കുടുംബവും രംഗത്ത് വന്നു.

അതുല്യ ജീവനൊടുക്കില്ലെന്ന വാദവുമായി സതീഷും രംഗത്തെത്തിയിരുന്നു. അതുല്യയെ മര്‍ദ്ദിക്കാറുണ്ടെന്ന് സമ്മതിച്ച സതീഷ് മദ്യലഹരിയില്‍ സംഭവിച്ചതാണെന്നും പറഞ്ഞിരുന്നു. അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ ഫാനില്‍ കെട്ടിത്തൂങ്ങി താനും മരിക്കാന്‍ ശ്രമിച്ചുവെന്നും ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സതീഷിനെതിരെ അതുല്യയുടെ കുടുംബം ചവറ പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ സതീഷിനെതിരെ കൊലക്കുറ്റം, ആത്മഹത്യാപ്രേരണ, സ്ത്രീധന നിരോധന നിയമം അടക്കം ചുമത്തി ചവറ പൊലീസ് കേസെടുത്തിരുന്നു.

അതുല്യയുടെ മരണത്തില്‍ സതീഷിന് പങ്കുണ്ടെന്ന് കാണിച്ച് സഹോദരി അഖില നല്‍കിയ പരാതിയില്‍ ഷാര്‍ജ പൊലീസും അന്വേഷണം നടത്തിയിരുന്നു. പിന്നാലെയാണ് ഫോറന്‍സിക് പരിശോധനയില്‍ അതുല്യയുടേത് ആത്മഹത്യ തന്നെയെന്നാണ് വ്യക്തമായത്. ഫോറന്‍സിക് പരിശോധനയുടെ പകര്‍പ്പ് ഷാര്‍ജ പൊലീസ് അഖിലയ്ക്ക് അയച്ചുനല്‍കിയിരുന്നു. എന്നാല്‍ അതുല്യയെ സതീഷ് കൊലപ്പെടുത്തിയതാണെന്ന സംശയത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം. നാട്ടില്‍ നടത്തുന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഇക്കാര്യം വ്യക്തമാകുമെന്നാണ് കുടുംബം പ്രതീക്ഷിക്കുന്നത്.

Content Highlights- Athulya's body brought to Thiruvananthapuram airport, cremation after re-postmortem

dot image
To advertise here,contact us
dot image