'അങ്ങിനെ ഇതാ പ്രതിപക്ഷ നിരയിൽ നിന്നൊരാൾ രാഷ്ട്രീയ വനവാസത്തിന് തയ്യാറെടുക്കുന്നു'; സതീശനെ ട്രോളി ശിവൻകുട്ടി

ഫേസ്ബുക്കിലൂടെയാണ് ശിവൻകുട്ടി സതീശനെ ട്രോളി പോസ്റ്റ് പങ്കുവെച്ചത്

dot image

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫിനെ അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിൽ താൻ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ പ്രസ്താവനയിൽ ട്രോളുമായി മന്ത്രി വി ശിവൻകുട്ടി. ഫേസ്ബുക്കിലൂടെയാണ് ശിവൻകുട്ടി സതീശനെതിരായ പോസ്റ്റ് പങ്കുവെച്ചത്. 'അങ്ങിനെ ഇതാ പ്രതിപക്ഷ നിരയിൽ നിന്ന് ഒരാൾ രാഷ്ട്രീയ വനവാസത്തിന് തയ്യാറെടുക്കുന്നു..
All The Best..!' എന്നായിരുന്നു മന്ത്രിയുടെ പോസ്റ്റ്.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമർശനങ്ങളോട് പ്രതികരിക്കവെയായിരുന്നു വി ഡി സതീശന്റെ പ്രസ്താവന. യുഡിഎഫ് 100 സീറ്റ് തികച്ചാൽ താൻ രാജിവെക്കുമെന്നും കിട്ടിയില്ലെങ്കിൽ വി ഡി സതീശൻ രാഷ്ട്രീയ വനവാസത്തിന് പോകുമോയെന്നും വെള്ളാപ്പള്ളി നടേശൻ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.

'ആർക്കുവേണ്ടിയാണ് വെള്ളാപ്പള്ളി സംസാരിക്കുന്നതെന്ന് അറിയില്ല. ഞാനദ്ദേഹത്തോട് മത്സരത്തിനോ തർക്കത്തിനോ പോകുന്നില്ല. 98 സീറ്റ് യുഡിഎഫിന് കിട്ടിയാൽ രാജിവെക്കുമെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. അപ്പോൾ 97 വരെ യുഡിഎഫിന് ലഭിക്കുമെന്ന് അദ്ദേഹത്തിന് യാതൊരു സംശയവുമില്ല. കഠിനാധ്വാനത്തിലൂടെ 100 ലധികം സീറ്റ് നേടും. യുഡിഎഫിനെ അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ രാഷ്ട്രീയവനവാസത്തിന് പോകും. പിന്നെ എന്നെ കാണില്ല. വെല്ലുവിളിയൊന്നുമില്ല. അത്രയേ ഇക്കാര്യത്തിൽ പറയാനുള്ളൂ', വി ഡി സതീശൻ പറഞ്ഞു.

വെള്ളാപ്പള്ളിക്കെതിരെ ഒരുവാക്ക് പോലും താൻ പറഞ്ഞിട്ടില്ലെന്നും നാട്ടിൽ വിദ്വേഷത്തിന്റെ ക്യാമ്പയിൻ നടത്താൻ ആര് ശ്രമിച്ചാലും അതിനെ യുഡിഎഫ് നേരിടുമെന്നും വി ഡി സതീശൻ പറഞ്ഞിരുന്നു. അത് ടീം യുഡിഎഫിന്റെ തീരുമാനമാണ്. ഈ തകർച്ചയിൽ നിന്നും കേരളത്തെ രക്ഷിക്കും. അതിന് പദ്ധതികളും പരിപാടികളും തങ്ങളുടെ പക്കലുണ്ടെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

യുഡിഎഫിന് 98 സീറ്റ് പോലും കിട്ടില്ലെന്നും 100 സീറ്റ് കിട്ടിയില്ലെങ്കിൽ സതീശൻ രാജിവെച്ച് വനവാസത്തിന് പോകുമോയെന്നും വെള്ളാപ്പള്ളി ചോദിച്ചിരുന്നു. പറവൂരിലെ ഒരു ചടങ്ങിലായിരുന്നു വെള്ളിപ്പള്ളിയുടെ വെല്ലുവിളി. വി ഡി സതീശൻ ഈഴവ വിരോധിയാണെന്നും അഹങ്കാരത്തിന് കയ്യും കാലും വെച്ച പ്രതിപക്ഷനേതാവാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

Content Highlights: v sivankutty's fb post about vd satheesan

dot image
To advertise here,contact us
dot image