
കണ്ണൂർ: കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയതിൽ ജയിൽ ജീവനക്കാരുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. ജയിലിൽ നിന്നും പുറത്ത് കടക്കാൻ ഗോവിന്ദച്ചാമിക്ക് ഏന്തെങ്കിലും സഹായം ലഭിച്ചോ എന്നതായിരിക്കും പ്രധാനമായും അന്വേഷിക്കുക. സഹതടവുകാരിൽ നിന്നും സഹായം ലഭിച്ചിട്ടുണ്ടോ എന്നതും അന്വേഷണ സംഘം പരിശോധിക്കും. സെൽ മുറിച്ച് പുറത്തെത്തിയ ശേഷം 3 മിനുട്ട് നേരം ജയിലിൻ്റെ വരാന്തയിൽ നിന്നത് സിസിടിവിയിൽ ദൃശ്യമായിട്ടും അറിഞ്ഞില്ലെന്ന ജയിലർമാരുടെ വാദവും പൊലീസിൻ്റെ അന്വേഷണ പരിധിയിൽ ഉൾപ്പെടും. ഇതിനിടെ ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ഇന്ന് ജയിൽ മേധാവിയ്ക്ക് സമർപ്പിക്കും. ജയിൽ ഡിഐജി വി. ജയകുമാറിൻ്റെ അന്വേഷണ റിപ്പോർട്ടാണ് ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായക്ക് ഇന്ന് സമർപ്പിക്കുക. റിപ്പോർട്ടിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകാൻ സാധ്യതയുണ്ട്.
അതേസമയം നേരത്തെ പൊലീസ് കോടതിയിൽ നൽകിയ തടവ് ചാടൽ വകുപ്പ് മാത്രം ഉൾപ്പെടുത്തിയ എഫ്ഐആറിൽ പൊതു മുതൽ നശിപ്പിച്ച വകുപ്പ് കൂടെ ചേർക്കാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. അന്വേഷണം ഒരു വശത്ത് പുരോഗമിക്കുമ്പോഴും മറുവശത്ത് സംശയങ്ങളും ദുരൂഹതകളും കുമിഞ്ഞ് കൂടുകയാണ്. പി വി അൻവർ ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം പുനരാവിഷ്ക്കരിച്ച് ഉന്നയിച്ച ചോദ്യങ്ങളിൽ പലതും പൊതുജനങ്ങളുടെ ആ സംശയങ്ങൾ വർധിപ്പിക്കുകയാണ്.
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിലെ അവിശ്വസനീയത ഇപ്പോഴും തുടരുകയാണ്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ഒരുപാട് കാര്യങ്ങൾ പുറത്തുവന്നെങ്കിലും ജയിൽ ചാട്ടത്തിലെ ദുരൂഹത മാറിയിട്ടില്ല. ഒരു കൈ മാത്രം ഉപയോഗിച്ച് ഗോവിന്ദച്ചാമി നടത്തിയത് അമാനുഷിക ജയിൽ ചാട്ടമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ജയിൽ ചാടിയ ശേഷം മാത്രാണ് ഗോവിന്ദച്ചാമി നടത്തിയ പത്തുമാസത്തെ തയ്യാറെടുപ്പ് പുറത്ത് അറിഞ്ഞതെന്ന ജയിൽ അധികൃതരുടെ വാദമാണ് ഏറ്റവും ദുരൂഹമാകുന്നത്. ഒരു കൈക്ക് മാത്രം സ്വാധീനമുള്ള ഒരാൾ നടത്തിയത് അസാധാരണമായ ജയിൽ ചാട്ടമാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. സെല്ലിൽ നിന്നും കമ്പി മുറിച്ച് പുറത്തു കടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നെങ്കിലും ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട് ഉയരുന്ന സംശയങ്ങൾക്ക് അത് മറുപടി ആകുന്നില്ല.
മാസങ്ങൾ എടുത്ത് സെല്ലിലെ കമ്പികൾ ഗോവിന്ദച്ചാമി അറുത്തത് ജയിലർമാർ ആരും അറിഞ്ഞില്ല എന്നത് തന്നെയാണ് ഏറ്റവും ദുരൂഹമാകുന്നത്. ജയിൽ ചാടും മുമ്പ് വേണ്ട ആയുധങ്ങൾ സംഘടിപ്പിച്ചതും അത് സൂക്ഷിച്ചതും ആരുടെയും കണ്ണിൽ പെട്ടില്ല എന്നതിലും ദുരൂഹതയുണ്ട്. സെല്ലിൽ നിന്നും പുറത്തു കടക്കുന്നത് മൂന്ന് മിനുട്ടോളം സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിട്ടും സിസിടിവി മോണിറ്റർ ചെയ്യുന്ന ഉദ്യോഗസ്ഥൻ അറിഞ്ഞതേയില്ലെന്ന് പറയുന്നതിലും ദുരൂഹതയുണ്ട്. പുറത്തു കടന്ന ഗോവിന്ദച്ചാമി മണിക്കൂറുകൾ ജയിൽ വളപ്പിനകത്ത് തന്നെ ചിലവഴിച്ചിട്ടും ആരും കണ്ടില്ല എന്നതും സംശയാസ്പദമാണ്. ഒറ്റക്കൈ മാത്രമുള്ള ഗോവിന്ദച്ചാമി ബാരലുകൾ മൂന്നെണ്ണം മതിൽനരികിൽ എത്തിച്ചെന്നതും മുകളിൽ കയറി മതിലിൽ തുണി കുടുക്കി കെട്ടുകൾ ഉണ്ടാക്കി ചാടാൻ പാകത്തിൽ തയ്യാറാക്കി എന്നതിലും അവിശ്വസനീയതയുണ്ട്. അങ്ങനെയാണ് സംഭവിച്ചതെന്ന് ജയിൽ അധികൃതർ വാദിക്കുമ്പോൾ ഗോവിന്ദച്ചാമി അമാനുഷികനാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. നിലവിൽ പുറത്ത് വന്നിരിക്കുന്ന പുറത്തുവന്ന തെളിവുകൾ, മൊഴികൾ, ദൃശ്യങ്ങൾ, ചിത്രങ്ങൾ എന്നിവ അധികൃതരുടെ ചില വാദങ്ങളെ ശരിവെയ്ക്കുന്നുണ്ട്. എന്നാൽ ഇതിൽ പലതും ദുരൂഹത ഇരട്ടിപ്പിക്കുന്നതാണ് എന്നതാണ് ജയിൽ അധികൃതരെയും ഉദ്യോഗസ്ഥരെയും ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ പ്രതിക്കൂട്ടിലാക്കുന്നത് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ജയിൽമാറ്റം ആഗ്രഹിച്ചിരുന്നെന്നും പരോൾ കിട്ടാത്തതിൽ വിഷമം ഉണ്ടായിരുന്നെന്നും ഗോവിന്ദച്ചാമി പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു. 2017 മുതൽ ജയിൽ ചാടാൻ തീരുമാനിച്ചിരുന്നു. പലതവണ സെല്ലുകൾ മാറ്റിയതുകൊണ്ട് ഒരുക്കിയ പദ്ധതി നീണ്ടു. 10 മാസം മുൻപ് സെല്ലിലെ അഴി മുറിച്ചുതുടങ്ങി. ഏഴ് കമ്പികളാണ് മുറിച്ചുമാറ്റിയത്. ഓരോന്നും മുറിച്ചുമാറ്റുമ്പോൾ നൂൽ കൊണ്ട് കെട്ടിവെക്കും. രാത്രി കാലങ്ങളിൽ കമ്പി മുറിക്കും. പകൽ കിടന്നുറങ്ങുമെന്നും മൊഴി നൽകിയിട്ടുണ്ട്.
സുരക്ഷാ ഉദ്യോഗസ്ഥർ ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാൻ പാത്രം കൊണ്ട് കൊട്ടി നോക്കും. ഇല്ലെന്ന് മനസിലായാൽ കമ്പി മുറിക്കാൻ തുടങ്ങും. ജയിൽ വളപ്പിൽ നിന്ന് ലഭിച്ച ആക്രിയാണ് കമ്പി മുറിക്കാൻ ഉപയോഗിച്ചത്. കൂടുതൽ ശബ്ദം പുറത്തുവരാതിരിക്കാൻ തുണി ചേർത്തുപിടിച്ചായിരുന്നു മുറിച്ചത്. അതിനിടെ തടി കുറയ്ക്കാനായി ഭക്ഷണക്രമീകരണവും നടത്തിയെന്നാണ് ഗോവിന്ദച്ചാമി മൊഴി നൽകിയിരുന്നു. ജയിൽ ചാടിയ ശേഷം തമിഴ്നാട്ടിൽ എത്തി മാധ്യമങ്ങളെ ഉപയോഗിച്ച് നിരപരാധിയെന്ന് വരുത്തുകയായിരുന്നു ഗോവിന്ദച്ചാമിയുടെ ലക്ഷ്യമെന്നും ഗോവിന്ദച്ചാമി വെളിപ്പെടുത്തിയിരുന്നു. തമിഴ്നാട്ടുകാരനായ തന്നെ ചെയ്യാത്ത കുറ്റത്തിന് ജയിലിൽ ഇട്ടിരിക്കുന്നുവെന്ന് പ്രചരിപ്പിക്കുകയായിരുന്നു ഉദ്ദേശ്യമെന്നും ഗോവിന്ദച്ചാമി വെളിപ്പെടുത്തിയിരുന്നു.
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വിയ്യൂർ ജയിലിലേയ്ക്ക് മാറ്റിയ ഗോവിന്ദച്ചാമിയെ ജി എഫ് വൺ സെല്ലാണ് പാർപ്പിച്ചിരിക്കുന്നത്. സുസജ്ജമായ സിസിടിവി നീരീക്ഷണത്തിലാണ് ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരിക്കുന്നത്. ഗോവിന്ദച്ചാമിയെ നിരീക്ഷിക്കാൻ കൂടുതൽ ജീവനക്കാരെയും ജയിൽവകുപ്പ് നിയോഗിച്ചിട്ടുണ്ട്. ഗോവിന്ദച്ചാമിയുടെ കൂടെ ഒരു തടവുകാരനെ പാർപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ജൂലൈ 25ന് പുലർച്ചെ അഞ്ചേകാലോടെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. തുടർന്ന് നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിൽ രാവിലെ പത്തരയോടെയാണ് പൊലീസ് ഗോവിന്ദച്ചാമിയെ കണ്ടെത്തിയത്. തളാപ്പിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിനുള്ളിൽ നിന്നായിരുന്നു ഇയാളെ കണ്ടെത്തിയത്. കിണറ്റിൽ ഒളിഞ്ഞിരിക്കുകയായിരുന്നു ഗോവിന്ദച്ചാമി. ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടവുമായി ബന്ധപ്പെട്ട് ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. ഹെഡ് വാർഡനെയും മൂന്ന് വാർഡൻമാരെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായി എന്ന് ജയിൽ മേധാവി വ്യക്തമാക്കിയിട്ടുണ്ട്.
2011 ഫെബ്രുവരി ഒന്നിന് എറണാകുളത്ത് നിന്നും ഷൊർണ്ണൂരിലേക്കുള്ള ട്രെയിനിലെ വനിതാ കംപാർട്ട്‌മെന്റിൽ വെച്ചാണ് സൗമ്യ ആക്രമിക്കപ്പെടുന്നത്. ഗോവിന്ദച്ചാമി ട്രെയിനിൽ നിന്നും തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2016ലാണ് ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയത്. കൊലപാതകം സംശയാതീതമായി തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ചായിരുന്നു ഹൈക്കോടതിയുടെ ശിക്ഷാവിധി സുപ്രീംകോടതി റദ്ദാക്കിയത്. എന്നാൽ ബലാത്സംഗം നടന്നതായി ബോധ്യപ്പെടുകയും ഹൈക്കോടതി നൽകിയ ജീവപര്യന്തം ശിക്ഷയും മറ്റുവകുപ്പുകൾ പ്രകാരമുള്ള ശിക്ഷകൾ നിലനിൽക്കുമെന്നും കോടതി വിധിന്യായത്തിൽ വ്യക്തമാക്കിയിരുന്നു.
Govindachamy's jail escape remains a mystery; Police to record employees' statements today