
തിരുവനന്തപുരം: കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തല്‍ നടത്തിയ ജയില്‍ ഉദ്യോഗസ്ഥനെതിരെ നടപടി. കൊട്ടാരക്കര സ്‌പെഷ്യല്‍ സബ്ജയിലിലെ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ അബ്ദുള്‍ സത്താറിനെ സസ്‌പെന്‍ഡ് ചെയ്തു. അബ്ദുള്‍ സത്താറിന്റെ പരാമര്‍ശം വകുപ്പിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതിനും മറ്റുള്ള ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നതിനും വഴിയൊരുക്കിയെന്ന് സസ്‌പെന്‍ഡ് ചെയ്തുള്ള ഉത്തരവില്‍ പറയുന്നു. ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര അച്ചടക്ക വീഴ്ചയാണെന്നും ഉത്തരവില്‍ പറയുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ മുന്‍ സീനിയര്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറായിരുന്നു അബ്ദുള്‍ സത്താര്‍. ആ സമയത്ത് ഗോവിന്ദച്ചാമിയില്‍ നിന്നും നേരിട്ട ദുരനുഭവമായിരുന്നു റിപ്പോര്‍ട്ടറോട് വെളിപ്പെടുത്തിയത്.
ജയില്‍ ചാടുമെന്ന് ഗോവിന്ദച്ചാമി തന്നോട് പലതവണ ഭീഷണിസ്വരത്തില്‍ പറഞ്ഞിരുന്നു. ഏറ്റവും സുരക്ഷിതമായ പത്താംബ്ലോക്കില്‍ നിന്നും ചാടുമെന്ന് പറഞ്ഞപ്പോള്‍ തമാശയായിട്ടാണ് എടുത്തത്. ജയില്‍ ചാടി വന്നാല്‍ തന്റെ കുടുംബാംഗങ്ങളെ ബലാത്സംഗം ചെയ്യുമെന്ന് ഗോവിന്ദച്ചാമി ഭീഷണിപ്പെടുത്തിയതായും അബ്ദുള്‍ സത്താര്‍ പറഞ്ഞിരുന്നു.
'കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയിലിനകത്തെ ജയിലിലാണ് ഗോവിന്ദച്ചാമിയെ താമസിപ്പിക്കുന്നത്. അവിടെ നിന്നും ഗോവിന്ദച്ചാമി ജയില്‍ ചാടില്ലെന്ന പ്രതീക്ഷയായിരുന്നു എനിക്ക്. ടൈറ്റാനിക്ക് മുങ്ങില്ലായെന്ന് പറയുന്നതുപോലത്തെ ഒരു പ്രതീക്ഷയായിരുന്നു അത്. ഗോവിന്ദച്ചാമി ജയില്‍ ചാടിയപ്പോള്‍ അവന്‍ ഇവിടെവരെ എത്താനുള്ള സമയംപോലും ഞാന്‍ കണക്കുകൂട്ടിയിരുന്നു. ജയില്‍നിയമം അനുസരിക്കുന്ന കാര്യങ്ങളിലൊന്നും താല്‍പര്യമുള്ളയാളായിരുന്നില്ല ഗോവിന്ദച്ചാമി. സൈക്കോയാണ്. പലപ്പോഴും നിര്‍ബന്ധിതമായി ജയില്‍ നിയമങ്ങള്‍ അനുസരിപ്പിക്കേണ്ടി വന്നിട്ടുണ്ട്', എന്നായിരുന്നു അബ്ദുള്‍ സത്താറിന്റെ വാക്കുകള്‍.
Content Highlights: Govindachamy escaping kerala jail officer suspended