ഒറ്റക്കെട്ടായി ഭിന്നത പരിഹരിച്ചില്ലെങ്കില്‍ പരാജയം ഉണ്ടാകുമെന്ന താക്കീത് നല്‍കിയതാണ്:വിശദീകരണവുമായി പാലോട് രവി

കൃത്യമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ അത് പാര്‍ട്ടിയെ ഇല്ലാതാക്കും എന്ന സന്ദേശമാണ് താന്‍ നല്‍കിയതെന്നും പാലോട് രവി പറഞ്ഞു

dot image

തിരുവനന്തപുരം: സംസ്ഥാനത്ത് എല്‍ഡിഎഫ് ഭരണം തുടരുമെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി തിരുവനന്തപുരം ഡിസിസി അധ്യക്ഷന്‍ പാലോട് രവി. ഒറ്റക്കെട്ടായി നിന്ന് ഭിന്നത പരിഹരിച്ചില്ലെങ്കില്‍ പരാജയമുണ്ടാകും എന്ന താക്കീതാണ് താന്‍ നല്‍കിയതെന്നും കൃത്യമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ അത് പാര്‍ട്ടിയെ ഇല്ലാതാക്കുമെന്ന സന്ദേശം നൽകാനാണ് ഉദ്ദേശിച്ചതെന്നും പാലോട് രവി പറഞ്ഞു. ശബ്ദരേഖ പുറത്തുവന്നതില്‍ ഗൂഢാലോചനയുണ്ടെന്ന് കരുതുന്നില്ലെന്നും സംഭവത്തില്‍ നടപടിയുടെ കാര്യം പാര്‍ട്ടി നേതൃത്വവുമായി ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളോടായിരുന്നു പാലോട് രവിയുടെ പ്രതികരണം.

'യുഡിഎഫ് അധികാരത്തില്‍ വരാനായി കഴിഞ്ഞ മൂന്നര വര്‍ഷമായി ജില്ലയിലെ മുഴുവന്‍ നേതാക്കളും പ്രവര്‍ത്തിക്കുകയാണ്. യുഡിഎഫിന് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അനുകൂലമായി നിന്നിട്ടുളള ജില്ലയാണ് തിരുവനന്തപുരം. പഞ്ചായത്തുകളിലെ തര്‍ക്കങ്ങള്‍ തീരണം. മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ അതിനുവേണ്ടിയുളള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. പല മണ്ഡലങ്ങളിലും ത്രികോണ മത്സരമാണ്. ബിജെപി ഏറ്റവും കൂടുതല്‍ തളളിക്കയറിയ ജില്ലയായിട്ടും രണ്ട് പാര്‍ലമെന്റും മണ്ഡലങ്ങളും യുഡിഎഫ് നിലനിര്‍ത്തി. ഒറ്റക്കെട്ടായി ഭിന്നത പരിഹരിച്ചില്ലെങ്കില്‍ പരാജയമുണ്ടാകുമെന്ന താക്കീതാണ് നല്‍കിയത്' -പാലോട് രവി പറഞ്ഞു. ഫോണ്‍ സംഭാഷണം പുറത്തുവിടാന്‍ പാടില്ലായിരുന്നുവെന്നും ശബ്ദരേഖ പുറത്തുവന്നതില്‍ നടപടിയുടെ കാര്യം പാര്‍ട്ടി നേതൃത്വവുമായി ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേതൃത്വത്തില്‍ നിന്നും ആരും ഇതുവരെ തന്നെ വിളിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായുള്ള പാലോട് രവിയുടെ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും തദ്ദേശ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകും എന്നുമാണ് പാലോട് രവി ഫോണ്‍ സംഭാഷണത്തിൽ പറയുന്നത്. 'പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മൂന്നാമത് പോകും. നിയമസഭയില്‍ താഴെ വീഴും. 60 നിയമസഭാ മണ്ഡലത്തില്‍ ബിജെപി എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് നീ നോക്കിക്കോ. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ചതുപോലെ കാശ് കൊടുത്ത് വോട്ട് പിടിക്കും. കോണ്‍ഗ്രസ് പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് വീഴും. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഭരണം തുടരും. ഇതാണ് കേരളത്തില്‍ സംഭവിക്കാന്‍ പോകുന്നത്. ഇതോടെ ഈ പാര്‍ട്ടിയുടെ അധോഗതിയായിരിക്കും. മുസ്ലിം സമുദായം കുറച്ചുപേര്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലേക്കും പോകും. കോണ്‍ഗ്രസിലുണ്ടെന്ന് പറയുന്നവര്‍ ബിജെപിയിലേക്കും മറ്റേതെങ്കിലും പാര്‍ട്ടിയിലേക്കും പോകും. പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പോടെ ഇതൊരു എടുക്കാചരക്കായി മാറും. നാട്ടിലിറങ്ങി ജനങ്ങളോട് സംസാരിക്കാന്‍ 10 ശതമാനം സ്ഥലത്തേ നമുക്ക് ആളുള്ളൂ. ആത്മാര്‍ത്ഥമായി ഒറ്റൊരാള്‍ക്കും പരസ്പര ബന്ധമോ സ്‌നേഹമോ ഇല്ല. എങ്ങനെ കാല് വാരാമോ അത് ചെയ്യും. ചിന്നഭിന്നമാക്കും'- എന്നാണ് പാലോട് രവി പറയുന്നത്.

Content Highlights: Trivandrum DCC president Palode Ravi Explanation on Leaked Audio criticizing congress

dot image
To advertise here,contact us
dot image