ഗോവിന്ദച്ചാമി ജയില്‍ച്ചാടിയത് സര്‍ക്കാരിന്‌റെ പരാജയം; മറുപടി പറയണമെന്ന് കെ സുധാകരന്‍

നടപടിയെടുക്കേണ്ടതും മറുപടി പറയേണ്ടതും സര്‍ക്കാരാണെന്നും കെ സുധാകരന്‍ പറഞ്ഞു

dot image

കണ്ണൂര്‍: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടിയതിന് പിന്നാലെ സര്‍ക്കാരിനെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ഗോവിന്ദച്ചാമിക്ക് ജയില്‍ ചാടാന്‍ കഴിഞ്ഞത് അകത്തുനിന്ന് സഹായം ലഭിച്ചതുകൊണ്ടാണെന്ന് കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. സെന്‍ട്രല്‍ ജയിലില്‍ മാത്രമല്ല നാട്ടില്‍ മുഴുവന്‍ ലഹരി സുലഭമാണ്. നടപടിയെടുക്കേണ്ടതും മറുപടി പറയേണ്ടതും സര്‍ക്കാരാണെന്നും കെ സുധാകരന്‍ പറഞ്ഞു. ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നത് സാമൂഹ്യ വ്യവസ്ഥിതിയാണ്. അത് മാറ്റേണ്ട ഉത്തരവാദിത്വവും സര്‍ക്കാരിനാണ്.

യുപി സ്‌കൂളില്‍ പോലും ഇപ്പോള്‍ ലഹരി സുലഭമായി ലഭിക്കുന്നു. അത് നിയന്ത്രിക്കാനുള്ള കഴിവും പ്രാപ്തിയും സര്‍ക്കാരിനില്ല. ഇതാരോട് ചോദിക്കാന്‍ ഇവിടെ നാഥന്‍ ഉണ്ടോ എന്നും കെ സുധാകരന്‍ ചോദിച്ചു. സര്‍ക്കാരിന്റെ പരാജയത്തിന് അവര്‍ തന്നെ മറുപടി പറയണം എന്നും കെ സുധാകരന്‍ വിമര്‍ശിച്ചു.

അതേ സമയം ഗോവിന്ദച്ചാമിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് അതീവ സുരക്ഷയുള്ള വിയ്യൂര്‍ ജയിലിലേയ്ക്ക് ഇന്ന് മാറ്റിയിരുന്നു. രാവിലെയാണ് കണ്ണൂരില്‍ നിന്ന് ഗോവിന്ദച്ചാമിയെ വിയ്യൂരിലേയ്ക്ക് കൊണ്ടുപോയത്. വിയ്യൂരിലെ അതീവ സുരക്ഷ ജയിലില്‍ നിലവില്‍ 300 തടവുകാരാണ് ഉള്ളത്. ഇവിടെ 535 തടവുകാരെ പാര്‍പ്പിക്കാം. ജയിലിലുള്ളത് 40 ജീവനക്കാര്‍ മാത്രമാണ്. നിലവില്‍ റിപ്പര്‍ ജയാനന്ദന്‍, പാലക്കാട് ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമര തുടങ്ങി കൊടും ക്രിമിനലുകള്‍ അതീവ സുരക്ഷാ ജയിലില്‍ ഉണ്ട്.

ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ പത്തരയോടെയാണ് പൊലീസ് കണ്ടെത്തിയത്. തളാപ്പിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിനുള്ളില്‍ നിന്നായിരുന്നു ഇയാളെ കണ്ടെത്തിയത്. കിണറ്റില്‍ ഒളിഞ്ഞിരിക്കുകയായിരുന്നു ഗോവിന്ദച്ചാമി. ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടവുമായി ബന്ധപ്പെട്ട് ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. ഹെഡ് വാര്‍ഡനെയും മൂന്ന് വാര്‍ഡന്‍മാരെയും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായി എന്ന് ജയില്‍ മേധാവി വ്യക്തമാക്കിയിട്ടുണ്ട്.

2011 ഫെബ്രുവരി ഒന്നിന് എറണാകുളത്ത് നിന്നും ഷൊര്‍ണ്ണൂരിലേക്കുള്ള ട്രെയിനിലെ വനിതാ കംപാര്‍ട്ട്മെന്റില്‍ വെച്ചാണ് സൗമ്യ ആക്രമിക്കപ്പെടുന്നത്. ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്നും തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2016ലാണ് ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയത്. കൊലപാതകം സംശയാതീതമായി തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ചായിരുന്നു ഹൈക്കോടതിയുടെ ശിക്ഷാവിധി സുപ്രീംകോടതി റദ്ദാക്കിയത്. എന്നാല്‍ ബലാത്സംഗം നടന്നതായി ബോധ്യപ്പെടുകയും ഹൈക്കോടതി നല്‍കിയ ജീവപര്യന്തം ശിക്ഷയും മറ്റുവകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷകള്‍ നിലനില്‍ക്കുമെന്നും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നു.

content highlights : Govindachamy's imprisonment is a failure of the government; K Sudhakaran demands an answer

dot image
To advertise here,contact us
dot image