തമിഴ്നാട്ടിലേയ്ക്ക് കടക്കാനായിരുന്നു പദ്ധതി, റെയിൽവെ സ്റ്റേഷനിലേയ്ക്കുള്ള വഴിതെറ്റി: റിമാൻഡ് റിപ്പോർട്ട്

ജയിലിൽ നിന്ന് പുറത്തെത്തി റെയിൽവെ സ്റ്റേഷനിലേക്ക് പോകാനായിരുന്നു പദ്ധതി

dot image

കണ്ണൂർ: ജയിൽ ചാട്ടത്തിന് ശേഷം തമിഴ്നാട്ടിലേയ്ക്ക് കടക്കാനായിരുന്നു ​​ഗോവിന്ദച്ചാമിയുടെ പ​ദ്ധതിയെന്ന് റിമാൻഡ് റിപ്പോർട്ട്. റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു. ജയിലിൽ നിന്ന് പുറത്തെത്തി റെയിൽവെ സ്റ്റേഷനിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാൽ വഴി തെറ്റിയതിനാൽ റെയിൽവെ സ്റ്റേഷനിലേയ്ക്ക് എത്താനായില്ലെന്നും റിമാൻഡ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. സഹതടവുകാരനോട് ജയിൽ ചാട്ടത്തെക്കുറിച്ച് പറഞ്ഞിരുന്നുവെന്നും ജയിൽ ചാട്ടത്തിന് 6 മാസം മാത്രമേ ശിക്ഷയുള്ളൂ എന്ന് സഹതടവുകാരൻ പറഞ്ഞുവെന്നും റിമാൻഡ് റിപ്പോർട്ടിൽ സൂചനയുണ്ട്.

ഇതിനിടെ ​ഗോവിന്ദച്ചാമിയെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് അതീവ സുരക്ഷയുള്ള വിയ്യൂർ ജയിലിലേയ്ക്ക് ഇന്ന് മാറ്റിയിരുന്നു. രാവിലെയാണ് കണ്ണൂരിൽ നിന്ന് ​ഗോവിന്ദച്ചാമിയെ വിയ്യൂരിലേയ്ക്ക് കൊണ്ടുപോയത്. വിയ്യൂരിലെ അതീവ സുരക്ഷ ജയിലിൽ നിലവിൽ 300 തടവുകാരാണ് ഉള്ളത്. ഇവിടെ 535 തടവുകാരെ പാർപ്പിക്കാം. ജയിലിലുള്ളത് 40 ജീവനക്കാർ മാത്രമാണ്. നിലവിൽ റിപ്പർ ജയാനന്ദൻ, പാലക്കാട് ചെന്താമര തുടങ്ങി കൊടും ക്രിമിനലുകൾ അതീവ സുരക്ഷാ ജയിലിൽ ഉണ്ട്.

ഗോവിന്ദച്ചാമി കറുത്ത വസ്ത്രം ധരിച്ച് ജയിൽച്ചാടിയതിൻ്റെ ദൃശ്യങ്ങൾ നേരത്തെ റിപ്പോർട്ടറിന് ലഭിച്ചിരുന്നു. പിന്നീട് വസ്ത്രം മാറുകയായിരുന്നു. പുലർച്ചെ അഞ്ചേകാലോടെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. പുറത്തെത്തിയ ​ഗോവിന്ദച്ചാമി കൈപ്പത്തി ഇല്ലാത്ത കൈ തലയിൽ വെച്ച് മുകളിൽ സഞ്ചി കൊണ്ട് മറച്ചു പിടിച്ചാണ് ​റോഡിലൂടെ നടക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. ജയിലിൽ നിന്നിറങ്ങിയത് മുതൽ കൈ തലയിൽ വച്ച് നടക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ആരെങ്കിലും സൂക്ഷിച്ചു നോക്കുന്നത് കണ്ടാൽ ​ഗോവിന്ദച്ചാമി അപ്പോൾ തിരിഞ്ഞ് നടക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

പുറത്ത് വന്നിരുന്നു. ജയില്‍മാറ്റം ആഗ്രഹിച്ചിരുന്നെന്നും പരോള്‍ കിട്ടാത്തതില്‍ വിഷമം ഉണ്ടായിരുന്നെന്നും ഗോവിന്ദച്ചാമി പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു. 2017 മുതല്‍ ജയില്‍ ചാടാന്‍ തീരുമാനിച്ചിരുന്നു. പലതവണ സെല്ലുകള്‍ മാറ്റിയതുകൊണ്ട് ഒരുക്കിയ പദ്ധതി നീണ്ടു. 10 മാസം മുന്‍പ് സെല്ലിലെ അഴി മുറിച്ചുതുടങ്ങി. ഏഴ് കമ്പികളാണ് മുറിച്ചുമാറ്റിയത്. ഓരോന്നും മുറിച്ചുമാറ്റുമ്പോള്‍ നൂല്‍ കൊണ്ട് കെട്ടിവെക്കും. രാത്രി കാലങ്ങളില്‍ കമ്പി മുറിക്കും. പകല്‍ കിടന്നുറങ്ങും. സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാന്‍ പാത്രം കൊണ്ട് കൊട്ടി നോക്കും. ഇല്ലെന്ന് മനസിലായാല്‍ കമ്പി മുറിക്കാന്‍ തുടങ്ങും. ജയില്‍ വളപ്പില്‍ നിന്ന് ലഭിച്ച ആക്രിയാണ് കമ്പി മുറിക്കാന്‍ ഉപയോഗിച്ചത്. കൂടുതല്‍ ശബ്ദം പുറത്തുവരാതിരിക്കാന്‍ തുണി ചേര്‍ത്തുപിടിച്ചായിരുന്നു മുറിച്ചത്. അതിനിടെ തടി കുറയ്ക്കാനായി ഭക്ഷണക്രമീകരണവും നടത്തിയെന്നാണ് ഗോവിന്ദച്ചാമി മൊഴി നൽകിയിരുന്നു.

ഇന്നലെ പുലർച്ചെ ഒന്നരയോടെ ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ പത്തരയോടെയാണ് പൊലീസ് കണ്ടെത്തിയത്. തളാപ്പിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിനുള്ളില്‍ നിന്നായിരുന്നു ഇയാളെ കണ്ടെത്തിയത്. കിണറ്റില്‍ ഒളിഞ്ഞിരിക്കുകയായിരുന്നു ഗോവിന്ദച്ചാമി. ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടവുമായി ബന്ധപ്പെട്ട് ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. ഹെഡ് വാര്‍ഡനെയും മൂന്ന് വാര്‍ഡന്‍മാരെയും അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായി എന്ന് ജയില്‍ മേധാവി വ്യക്തമാക്കിയിട്ടുണ്ട്.

2011 ഫെബ്രുവരി ഒന്നിന് എറണാകുളത്ത് നിന്നും ഷൊര്‍ണ്ണൂരിലേക്കുള്ള ട്രെയിനിലെ വനിതാ കംപാര്‍ട്ട്‌മെന്റില്‍ വെച്ചാണ് സൗമ്യ ആക്രമിക്കപ്പെടുന്നത്. ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്നും തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2016ലാണ് ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയത്. കൊലപാതകം സംശയാതീതമായി തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ചായിരുന്നു ഹൈക്കോടതിയുടെ ശിക്ഷാവിധി സുപ്രീംകോടതി റദ്ദാക്കിയത്. എന്നാല്‍ ബലാത്സംഗം നടന്നതായി ബോധ്യപ്പെടുകയും ഹൈക്കോടതി നല്‍കിയ ജീവപര്യന്തം ശിക്ഷയും മറ്റുവകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷകള്‍ നിലനില്‍ക്കുമെന്നും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നു.

Content Highlights: Reporter Gets Govindachamy Remand report

dot image
To advertise here,contact us
dot image