ഗോവിന്ദച്ചാമി കേരളത്തിലെ സ്‌കൂളിലൊന്നും പഠിക്കുന്നില്ലല്ലോ; ചോദ്യത്തോട് വി ശിവന്‍കുട്ടി

ജയില്‍ ചാടുന്നതിനായി ഗോവിന്ദച്ചാമിക്ക് ജയിലിനകത്ത് നിന്നും പുറത്ത് നിന്നും എല്ലാ പിന്തുണയും ലഭിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു

dot image

തിരുവനന്തപുരം: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഒരു സുരക്ഷാ വീഴ്ചയും ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം സംബന്ധിച്ച് തന്നോട് ചോദ്യം ചോദിച്ചിട്ട് കാര്യമില്ല. ഗോവിന്ദച്ചാമി കേരളത്തിലെ സ്‌കൂളിലൊന്നും പഠിക്കുന്നില്ലല്ലോയെന്നും വി ശിവന്‍കുട്ടി പ്രതികരിച്ചു. ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച് പ്രതിപക്ഷവും ബിജെപിയും ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കവെയാണ് മന്ത്രിയുടെ പ്രതികരണം.

ജയില്‍ ചാടുന്നതിനായി ഗോവിന്ദച്ചാമിക്ക് ജയിലിനകത്ത് നിന്നും പുറത്ത് നിന്നും എല്ലാ പിന്തുണയും ലഭിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. ഒരു കൈക്ക് സ്വാധീനമില്ലാത്തയാള്‍ ഏകാന്തതടവില്‍ നിന്നും രാത്രി 1.15 ന് കമ്പികള്‍ മുറിച്ച് പുറത്തുവന്നതിലും നീളമുള്ള തുണിക്കൊണ്ട് ഇത്രയും വലിയ മതില്‍ ചാടിക്കടന്നതിലും ഒരുപാട് ദുരൂഹതകള്‍ ഉണ്ടെന്നും വി ഡി സതീശന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തിനു പിന്നാലെ ഗുരുതര സുരക്ഷാവീഴ്ച്ച സംബന്ധിച്ച ചോദ്യങ്ങളാണ് ഉയരുന്നത്. അതീവ സുരക്ഷയുളള പത്താം ബ്ലോക്കിലെ സെല്ലില്‍ കഴിഞ്ഞിരുന്ന ഒറ്റക്കൈ മാത്രമുളള ഗോവിന്ദച്ചാമി എങ്ങനെയാണ് കമ്പി മുറിച്ചതെന്നും അതിനുളള ആയുധം എങ്ങനെ ഉദ്യോഗസ്ഥരില്‍ നിന്നും മറച്ചുവെച്ചുവെന്നും ഉള്‍പ്പെടെയുളള ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. വൈകുന്നേരം അഞ്ചുമണിയോടെ ജയില്‍പുളളികളെ സെല്ലിനുളളിലാക്കുന്നതാണ് രീതി. ശേഷം പുലര്‍ച്ചെ ഒന്നേകാലോടെയാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്.

തുടര്‍ന്ന് ഇയാള്‍ ക്വാറന്റീന്‍ ബ്ലോക്ക് വഴി കറങ്ങി മതിലിനടുത്തെത്തിയെന്ന് ജയിലിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. തുടര്‍ന്ന് തുണി ഉപയോഗിച്ച് വടം ഉണ്ടാക്കി അത് മതിലിന് മുകളിലെ ഫെന്‍സിങ്ങിലേക്ക് എറിയുകയായിരുന്നു. ഇതുവഴി പുറത്തേക്ക് ചാടിയെന്നാണ് പ്രാഥമിക വിവരം. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ജയില്‍ അധികൃതര്‍ മതിലില്‍ തൂങ്ങിക്കിടക്കുന്ന നിലയില്‍ വടം കണ്ടത്. ഇതോടെ ഓരോ സെല്ലുകളായി പരിശോധിച്ചു. ഗോവിന്ദച്ചാമിയാണ് ചാടിപ്പോയതെന്ന് സെല്ലിനടുത്തെത്തിയപ്പോള്‍ മാത്രമാണ് ജയില്‍ അധികൃതര്‍ തിരിച്ചറിഞ്ഞതെന്നാണ് വിവരം.

Content Highlights: v sivankutty about Govindachamy escape From Jail

dot image
To advertise here,contact us
dot image