
കണ്ണൂര്‍: സൗമ്യാ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമിയുടെ രൂപസാദൃശ്യമുള്ളയാളെ കണ്ടതായി പ്രദേശവാസികൾ. കണ്ണൂരിലെ ഡിസിസി ഓഫീസിന് സമീപത്തുനിന്നും ഗോവിന്ദച്ചാമിയുടെ സാദൃശ്യമുള്ള ഒരാളെ കണ്ടെത്തി.ഇയാളെ പൊലീസ് പിടികൂടിയെന്നും സൂചനയുണ്ട്. പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഡിസിസി ഓഫീസിന് സമീപത്തെ ചായക്കടയ്ക്ക് പിന്നാല്‍ കണ്ടതായാണ് പ്രദേശവാസികള്‍ പറയുന്നത്. ജയിലിന് നാല് കിലോമീറ്റര്‍ അകലെയാണിത്. ആളുകളെ കണ്ടപ്പോള്‍ മതില്‍ ചാടി ഓടിയെന്നും പറയുന്നു. കള്ളി ഷര്‍ട്ടാണ് ആ സമയം ഗോവിന്ദച്ചാമി ധരിച്ചതെന്നും തലയില്‍ തുണി ചുറ്റിയെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. 'കറുത്ത പാന്റും വെള്ളയിൽ ലൈൻ ഉള്ള ഷർട്ടും ധരിച്ചയാളെ കണ്ടതായാണ് പ്രദേശവാസികൾ പറയുന്നത്.
പുലര്‍ച്ചെ 1.15 നാണ് ഗോവിന്ദച്ചാമി ജയില്‍ചാടിയത്. അതീവ സുരക്ഷാ ജയിലിന്റെ സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് പുറത്തേക്ക് കടന്നത്. ശേഷം ക്വാറന്റൈന്‍ ബ്ലോക്ക് (പകര്‍ച്ചാവ്യാധികള്‍ പിടിപ്പെട്ടാല്‍ മാത്രം പ്രതികളെ താമസിക്കുന്ന ബ്ലോക്ക്) വഴി കറങ്ങി കൈവശമുണ്ടായിരുന്ന വസ്ത്രങ്ങളുമായി മതിലിന്റെ വശത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. മതിലിന്റെ മുകളില്‍ ഇരുമ്പ് കമ്പി വെച്ചുള്ള ഫെന്‍സിംഗ് ഉണ്ട്. ഈ വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി പുറത്തേക്ക് കടക്കുകയായിരുന്നു. ഒരേ തുണി ഉപയോഗിച്ചാണ് മതിലിലേക്ക് വലിഞ്ഞ് കയറിയതും പുറത്തേക്ക് ഇറങ്ങിയതും.
ഗോവിന്ദച്ചാമിക്ക് പുറത്ത് നിന്നും സഹായം ലഭിച്ചെന്നാണ് വിവരം. പുലര്‍ച്ചെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഗോവിന്ദച്ചാമിയെ കാണാതായതായി മനസ്സിലാക്കുന്നത്. ജയില്‍ച്ചാട്ടത്തില്‍ ജയില്‍ മേധാവി റിപ്പോര്‍ട്ട് തേടി.
Content Highlights: Govindachamy is reportedly under arrest