
ആലപ്പുഴ: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദനെ അനുസ്മരിച്ച് സിപിഐഎം കേന്ദ്രകമ്മിറ്റിയംഗവും മട്ടന്നൂര്‍ എംഎല്‍എയുമായ കെ കെ ഷൈലജ. വി എസിന്‌റെ ഭൗതികശരീരത്തില്‍ പുഷ്പചക്രം സമര്‍പ്പിക്കുന്ന കഴിഞ്ഞ ദിവസത്തെ ചിത്രവും, വര്‍ഷങ്ങള്‍ക്ക് മുന്‍പ് വി എസ് കെ കെ ഷൈലജയെ പൊന്നാട അണിയിക്കുന്ന ചിത്രവും ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹത്തെ അനുസ്മരിച്ചത്.
ചിത്രം പങ്കുവെച്ച ശേഷം ഇനിയുള്ള സമരമുഖങ്ങളില്‍ വി എസിന്റെ ഓര്‍മ്മകള്‍ തനിക്ക് കരുത്ത് പകരുമെന്ന് കെ കെ ഷൈലജ തന്‌റെ ഫേസ്ബുക്കില്‍ കുറിച്ചു. സഖാവ് വി എസിന്റെ സംഭവബഹുലമായ ജീവിത നിമിഷങ്ങള്‍ക്കിടയില്‍ നിന്ന് നൂറുകണക്കിന് സഖാക്കളെപ്പോലെ തനിക്കും ചില ധന്യ മുഹൂര്‍ത്തങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും കുറിച്ചിട്ടുണ്ട്. ഈ നിമിഷങ്ങളെക്കാള്‍ വലിയ മറ്റൊരു അവാര്‍ഡില്ല എന്നും കെ കെ ഷൈലജ തന്‌റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ഹൃദയത്തിനുള്ളില്‍ നിന്ന് വി എസിന് ഒരു
ലാല്‍സലാം പറഞ്ഞുകൊണ്ടാണ് കെ കെ ഷൈലജ തന്‌റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്‌റെ പൂര്‍ണരൂപം,
ഇന്നലെ വലിയ ചുടുകാട്ടില്‍
കേരളത്തിന്റെ സമര നായകന്‍
സ:വി.എസിന്റെ ഭൗതിക ശരീരം
എരിഞ്ഞടങ്ങി. വിതുമ്പുന്ന പതിനായിരങ്ങളെ സാക്ഷിയാക്കി വി.എസ് ചരിത്രത്തിലേക്ക് യാത്രയായി.
കമ്മ്യൂണിസ്റ്റ് കാര്‍ക്ക് ചരിത്രം വിസ്മൃതിയുടെ എടുകളല്ല.
വര്‍ത്തമാനത്തിലേക്കുള്ള ചൂണ്ടുപലകകളാണ്. പോയകാലത്തെ പോരാട്ടങ്ങ ളിലൂടെ നേടിയെടുത്ത അവകാശങ്ങളില്‍ നിന്ന് ഊര്‍ജ്ജം ഉള്‍കൊണ്ടു കൊണ്ട്
വര്‍ത്തമാനകാലത്തിന്റെ വെല്ലു
വിളികളെ നേരിടുകയാണ് കമ്മ്യൂണിസ്റ്റ്കാരുടെ ധര്‍മ്മം.
ഇനിയുള്ള സമരമുഖങ്ങളില്‍
വി.എസിന്റെ ഓര്‍മ്മകള്‍ കരുത്ത് പകരും.
സഖാവ് വി.എസിന്റെ സംഭവബഹുലമായ ജീവിത നിമിഷങ്ങള്‍ക്കിടയില്‍ നിന്ന്
നൂറുകണക്കിന് സഖാക്കളെപ്പോലെ എനിക്കും കിട്ടി ചില ധന്യ മുഹൂര്‍ത്തങ്ങള്‍'
ഇതിനേക്കാള്‍ വലിയ മറ്റൊരു
അവാര്‍ഡില്ല.
ഹൃദയത്തിനുള്ളില്‍ നിന്ന് ഒരു
ലാല്‍സലാം സഖാവെ.
ജൂലൈ 21-ന് വൈകിട്ട് 3.20-നായിരുന്നു വി എസിന്റെ മരണം സ്ഥിരീകരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വി എസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വിഎസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോള്‍ 101 വയസ്സായിരുന്നു വി എസ് അച്യുതാനന്ദന്റെ പ്രായം.
content highlights: k k shailaja condemns on v s achuthanandan's death