ഉന്നത ഉദ്യോഗസ്ഥരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു; പ്രശാന്ത് ഐഎഎസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു

സസ്‌പെന്‍ഷനിലായി ഒമ്പത് മാസങ്ങള്‍ക്ക് ശേഷമാണ് നടപടി. മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് കൈമാറാനാണ് നിര്‍ദ്ദേശം

dot image

തിരുവനന്തപുരം: ഉന്നത ഉദ്യോഗസ്ഥരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് എന്‍ പ്രശാന്ത് ഐഎഎസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെക്കാണ് അന്വേഷണ ചുമതല. സസ്‌പെന്‍ഷനിലായി ഒമ്പത് മാസങ്ങള്‍ക്ക് ശേഷമാണ് നടപടി. മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് കൈമാറാനാണ് നിര്‍ദ്ദേശം. പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളാണ് പ്രസന്റിംഗ് ഓഫീസര്‍.

നേരത്തെ ഗോപാലകൃഷ്ണന്‍ ഐഎഎസ്, എ ജയതിലക് ഉള്‍പ്പെടെയുള്ളവരെ സമൂഹമാധ്യമത്തില്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന കാരണത്താലായിരുന്നു സസ്‌പെന്‍ഷന്‍. പ്രശാന്ത് സാമൂഹ്യ മാധ്യമങ്ങളില്‍ തുടര്‍ച്ചയായി പോസ്റ്റുകള്‍ എഴുതിയിരുന്നു. പല ഘട്ടങ്ങളിലും പരസ്യമായി വിമര്‍ശനം ഉന്നയിച്ചിരുന്നു. പിന്നാലെ സര്‍വീസ് ചട്ടത്തിന്റെ ലംഘനമെന്ന് പറഞ്ഞായിരുന്നു സസ്‌പെന്‍ഷൻ.

അതേസമയം അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ എന്തായിരുന്നു അധിക്ഷേപം എന്നറിയാന്‍ ആകാംഷയുണ്ടെന്ന് പറഞ്ഞ് പ്രശാന്ത് രംഗത്തെത്തിയിട്ടുണ്ട്. അഴിമതിയും, വ്യാജരേഖ ചമയ്ക്കലും, സര്‍ക്കാര്‍ ഫയലില്‍ കൃത്രിമം കാണിക്കലും കയ്യോടെ പൊക്കി പൊതുജന മധ്യത്തില്‍ ഇടുന്നതിനെ എന്തിനാണാവോ 'അധിക്ഷേപിച്ചു' എന്ന് വിശേഷിപ്പിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ ചോദിച്ചു.

'ഞാനെന്താണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്ന് അവിടെപ്പോയി വായിച്ചാല്‍ ഇപ്പോഴും കാണാം. ചെയ്തത് പുറത്തറിഞ്ഞതിലുള്ള ജാള്യതയാണോ ഈ 'അധിക്ഷേപം'? നരേറ്റീവ് മാറ്റാനും ഉന്നയിച്ച വിഷയം കുഴിച്ച് മൂടാനും ഇതുകൊണ്ടാവില്ല. ആരോപണങ്ങള്‍ തെളിവ് സഹിതം നല്‍കിയിട്ടും അന്വേഷിക്കില്ലെന്നും, അത് സംബന്ധിച്ച വിവരങ്ങള്‍ പരാതിക്കാരനായ എനിക്ക് നല്‍കാന്‍ യാതൊരു ബാധ്യതയുമില്ലെന്നും മുന്‍ ചീഫ് സെക്രട്ടറി ഒരു അഭിമുഖത്തില്‍ പറഞ്ഞത് എല്ലാവരെയും ഞെട്ടിച്ചതാണ്. എന്നാല്‍ ഒന്നോര്‍ക്കുക, കേവലം ഐഎഎസ് പോരെന്നും അധിക്ഷേപമെന്നും വരുത്തിത്തീര്‍ത്ത് ഡോ. ജയതിലകും ഗോപാലകൃഷ്ണനും ചെയ്ത ഗുരുതരമായ കുറ്റങ്ങള്‍ എക്കാലവും മറയ്ക്കാന്‍ സാധിക്കില്ല', അദ്ദേഹം പറഞ്ഞു.

Content Highlights: Investigation against N Prasanth IAS

dot image
To advertise here,contact us
dot image