
കൊച്ചി: വി എസ് അച്യുതാനന്ദന്റെ വിയോഗ വാര്‍ത്തയറിഞ്ഞ് നെഞ്ചുലഞ്ഞ് ടി വിക്ക് മുന്നില്‍ നിന്നും മുഷ്ടി ചുരുട്ടി അന്ത്യാഭിവാദ്യം അര്‍പ്പിക്കുന്ന സരോജിനി കൊച്ചുനാരായണന്‍ എന്ന 90കാരിയുടെ ചിത്രം കഴിഞ്ഞ ദിവസം നമ്മള്‍ കണ്ടിരുന്നു. ഒറ്റ ചിത്രത്തില്‍ സരോജിനിയുടെ വി എസ് അച്യുതാനന്ദനോടുള്ള സ്‌നേഹം പ്രകടമായിരുന്നു. വി എസ് പോയ പ്രയാസത്തില്‍ യാത്ര പറഞ്ഞതാണ് താനെന്ന് സരോജിനി പറയുന്നു.
'സമരത്തിലൊക്കെ പോയിട്ടുണ്ട്. എല്ലാ പ്രാവശ്യവും മാരാരിക്കുളത്ത് പോയിട്ടുണ്ട്. ഇപ്പോള്‍ പ്രായം ആയതിനാലാണ് പോവാത്തത്. എന്റെ കൊച്ചുനാള്‍ മുതല്‍ പാര്‍ട്ടിയിലുണ്ട്. എന്റേത് പാര്‍ട്ടി കുടുംബമാണ്. വിഎസ് നല്ലൊരു മനുഷ്യനും നേതാവുമാണ്. എല്ലാവര്‍ക്കും നല്ലതേ ചെയ്തിട്ടുള്ളൂ. ചെറുപ്പം മുതലേ എല്ലാ സ്ഥലത്തും വിഎസിന്റെ പ്രസംഗം കേള്‍ക്കാന്‍ പോകും' എന്നും സരോജിനി പറയുന്നു.
വി എസിന്റെ വിയോഗം അറിഞ്ഞപ്പോള്‍ വല്ലാത്ത ശൂന്യതയാണോയെന്ന് ചോദിച്ചപ്പോള്‍ ഉള്ളുപൊട്ടി കരഞ്ഞുകൊണ്ടായിരുന്നു സരോജിനി മറുപടി പറഞ്ഞത്.
'വി എസും പോയെന്നറിഞ്ഞപ്പോള്‍ വലിയ സങ്കടമായി. ഇന്നലെ രാത്രിയൊക്കെ ഓര്‍ത്തോര്‍ത്ത് കരയുകയായിരുന്നു. വിഷമമായിരുന്നു. ഇപ്പോഴും തീര്‍ന്നിട്ടില്ല. പോയില്ലേ. സങ്കടപ്പെട്ടിട്ട് എന്തിന്. അതുപോലൊരു ജന്മം ഇനി വരുമോ…'
പിന്നാലെ വി എസിനായി ഒരിക്കല്‍ കൂടി സരോജിനി ഉറക്കെയുറക്കെ മുദ്രാവാക്യം വിളിച്ചു,
കണ്ണേ കരളേ വി എസ്സേ…
കണ്ണേ കരളേ വി എസ്സേ….
വി എസ് എന്നാല്‍ ജീവനാണ് അമ്മയ്ക്ക് ജീവനാണെന്ന് ബന്ധുക്കളും പ്രതികരിച്ചു. പാര്‍ട്ടി പ്രവത്തകര്‍ വീട്ടിലേക്ക് വന്നാല്‍
ആദ്യം തിരക്കുന്നത് വി എസിനെയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: V S Achuthanandan Death sarojini amma reaction