'അന്നത്തെ വിഎസിൻ്റെ ആ പ്രസംഗമാണ് ഞാനൊരു ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകയായി മാറാന്‍ ഇടയായത്' ; മേഴ്സിക്കുട്ടിയമ്മ

പുത്രി വാത്സല്യത്തോടെയായിരുന്നു വി എസ് തന്നെ കണ്ടിരുന്നതെന്നും മേഴ്‌സിക്കുട്ടിയമ്മ ഓർത്തെടുത്തു

dot image

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദനെ അനുസ്മരിച്ച് മുന്‍ മന്ത്രിയും സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡൻ്റുമായ ജെ മേഴ്‌സിക്കുട്ടിയമ്മ. വിഎസിന്റെ പ്രസംഗങ്ങളാണ് തനിക്ക് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകയാകാന്‍ ഊര്‍ജ്ജം പകര്‍ന്നതെന്ന് മേഴ്‌സിക്കുട്ടിയമ്മ ഫേയ്‌സ്ബുക്കില്‍ കുറിച്ചു. അഭിപ്രായ വ്യത്യാസങ്ങള്‍ തുറന്ന് പറയാന്‍ തനിക്ക് എല്ലായിപ്പോഴും വി എസിന്റെയടുത്ത് ഒരിടമുണ്ടായിരുന്നുവെന്നും പുത്രി വാത്സല്യത്തോടെയായിരുന്നു വി എസ് തന്നെ കണ്ടിരുന്നതെന്നും മേഴ്‌സിക്കുട്ടിയമ്മ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ട വിഎസ്,
കണ്ണീരോടെ വിട…
നിലയ്ക്കാത്ത ഓര്‍മ്മകളാണ് വിഎസ് മായി ബന്ധപ്പെട്ട് മനസ്സിലൂടെ കടന്നു പോകുന്നത്. എഴുതാന്‍ തന്നെ കഴിയാത്ത ഒരു മാനസികാവസ്ഥ. പക്ഷേ വിഎസ്, വിഎസിന്റെ ഓര്‍മ്മകള്‍ എന്നും ഊര്‍ജ്ജം ആയിരിക്കും.

വിഎസിന്റെ പ്രസംഗം ഞാന്‍ ഏറെ അടുത്തുനിന്ന് ശ്രദ്ധിക്കുന്നത് വിദ്യാര്‍ത്ഥി ആയിരിക്കെയാണ്. കശുവണ്ടി തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണാന്‍, പില്‍ക്കാലത്ത് 'ഡി എ' സമരം എന്ന് പ്രസിദ്ധി ആര്‍ജിച്ച കശുവണ്ടി സമരത്തിന് തുടക്കം കുറിച്ചുകൊണ്ട് വലിയൊരു കണ്‍വെന്‍ഷന്‍ അന്ന് കൃ അതിന് പരിഹാരം കഷ്ണ തീയേറ്ററില്‍ സംഘടിപ്പിച്ചിരുന്നു. ആ തിയേറ്റര്‍ ഇന്നില്ല. ആ കണ്‍വെന്‍ഷനില്‍ എസ് എഫ് ഐ നേതാക്കളായ ഞങ്ങളും പങ്കെടുത്തു. പ്രസംഗത്തില്‍ ഉടനീളം വിഎസ് തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ എങ്ങനെയാണ് പാര്‍ട്ടി ഏറ്റെടുക്കേണ്ടത്,ാണാനുള്ള പോരാട്ടത്തില്‍ പാര്‍ട്ടി എങ്ങനെ നേതൃത്വം നല്‍കണം എന്ന് തുടങ്ങി വിഎസിന്റെ പ്രസംഗം കേട്ടുകൊണ്ടിരിക്കുന്ന ഓരോ ആളുകളിലും തൊഴിലാളികളുടെ പ്രശ്‌നം സ്വന്തം പ്രശ്‌നമായി അനുഭവവേദ്യമാകുന്ന തരത്തിലായിരുന്നു. ആ പ്രസംഗം ഞങ്ങളെ ആകെ ഇലക്ട്രിഫൈ ചെയ്തു. അന്നത്തെ വിഎസിന്റെ ആ പ്രസംഗമാണ് ഞാനൊരു ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകയായി മാറാന്‍ ഇടയായത്. എത്രയെത്രയോ ഓര്‍മ്മകള്‍…

വര്‍ഗ്ഗ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടും മതനിരപേക്ഷ നിലപാടില്‍ ഉറച്ചുനിന്നുകൊണ്ടും വിഎസ് നടത്തിയ ബഹുമുഖ പോരാട്ടങ്ങള്‍ ഞങ്ങളുടെ തലമുറയെ ആവേശംകൊള്ളിച്ചു. പല പ്രശ്‌നങ്ങളും വിഎസ് മായി ചര്‍ച്ച ചെയ്യുമ്പോള്‍, വാത്സല്യത്തോടെ കൂടിയാണ് വിഎസ് നമ്മള്‍ പറയുന്നത് കേള്‍ക്കുന്നതും പ്രതികരിക്കുന്നതും. പ്രതിപക്ഷനേതാവ് ആയിരിക്കുമ്പോഴും മുഖ്യമന്ത്രി ആയിരിക്കുമ്പോഴും വസതിയില്‍ എത്തിയാല്‍, ഉച്ചയായെങ്കില്‍ വി എസുമായി ഒരുമിച്ച് ഭക്ഷണം കഴിക്കുക മിക്കവാറുമുള്ള അനുഭവമായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടയിലാണ് ചര്‍ച്ചകളില്‍ നല്ലൊരു ഭാഗവും നടത്തുക. എനിക്ക് അഭിപ്രായവ്യത്യാസമുള്ള കാര്യങ്ങള്‍ വിഎസിനോട് തുറന്നു പറയാനുള്ള സ്വാതന്ത്ര്യം എനിക്ക് എപ്പോഴും ഉണ്ടായിരുന്നു. അതെല്ലാം വിഎസ് ഒരു പുത്രി വാത്സല്യത്തോടെ കേട്ടിരുന്നു.

വിഎസ്, വിഎസ് നല്‍കിയ ഊര്‍ജ്ജം ഏത് പ്രതിസന്ധികളെയും ഏത് പ്രതിബന്ധങ്ങളെയും അതിജീവിക്കാന്‍ എനിക്ക് കരുത്ത് നല്‍കി. അതാണ് വിഎസ്, ഇപ്പോഴും എന്റെ കരുത്ത്.

വിഎസ്,
കണ്ണീരോടെ വിട.

Content Highlights- 'That speech by VS that day made me become a trade union activist'; Mercy kutty Amma

dot image
To advertise here,contact us
dot image