
പാലക്കാട്: വധശിക്ഷയ്ക്ക് വിധിച്ച മലയാളി നഴ്സ് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി യെമനിൽ വീട്ടുതടങ്കലാണെന്ന് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് സേവ് നിമിഷപ്രിയ ഫോറം. വ്യാജ പ്രചരണങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവർക്ക് മറ്റെന്തോക്കെയോ താൽപര്യങ്ങളുണ്ടാകുമെന്ന് നിമിഷപ്രയിയുടെ ഭർത്താവ് ടോമി പറഞ്ഞതായും സേവ് നിമിഷ പ്രിയ ഫോറം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
പ്രേമകുമാരിയുമായി ടോമി തോമസ് ഫോണിൽ സംസാരിച്ചിരുന്നതായും പ്രസ്താവനയിലുണ്ട്. നിമിഷപ്രിയയുടെ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് കുടുംബത്തിന്റെ പവർ ഓഫ് അറ്റോണി ഹോൾഡർ ആയ സാമുവൽ ജെറോമിന്റെ സംരക്ഷണയിലാണ് നിമിഷപ്രിയയുടെ അമ്മയുളളത്. ടോമിയുടെ അറിവോടും സമ്മതത്തോടും കൂടിയാണ് പ്രേമകുമാരി യെമനിൽ തുടരുന്നതെന്നും പ്രസ്താവനയിലുണ്ട്. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് 40,000 ഡോളർ കേന്ദ്രസർക്കാരിന്റെ വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ട് വഴിയാണ് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. കേസ് നടത്തുന്നതിനായി ഇന്ത്യൻ സർക്കാർ യെമന്‍ സ്വദേശിയായ വക്കീലിനെ നിയമിച്ചിരുന്നു. വക്കീലിന്റെ ചെലവുകൾക്ക് വേണ്ടിയാണ് തുക ഉപയോഗിക്കുന്നതെന്നും ടോമി തോമസ് വ്യക്തമാക്കി.
അതേ സമയം, നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ കഴിഞ്ഞ ദിവസം കേന്ദ്രത്തെ സമീപിച്ചിരുന്നു. തുടർ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ പിന്തുണ വേണമെന്നും കാന്തപുരം ആവശ്യപ്പെട്ടിരുന്നു. വിഷയത്തെ സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കാന്തപുരം കത്ത് നൽകിയിരുന്നു. യെമനിലെ മധ്യസ്ഥ ചർച്ചകൾക്ക് കേന്ദ്ര സർക്കാർ പ്രതിനിധികൾ കൂടി പങ്കെടുക്കണം. യോജിച്ച നീക്കം ഉണ്ടെങ്കിൽ മാത്രമേ മോചന ശ്രമങ്ങൾ വിജയിക്കൂ. അനുബന്ധ നിയമ നടപടിക്രമങ്ങൾക്ക് ഡിപ്ലോമാറ്റിക് ചാനലുകൾ ഉപയോഗപ്പെടുത്തണമെന്നാണ് കത്തിൽ പറയുന്നത്. യെമനിൽ മധ്യസ്ഥ ചർച്ചകൾ തുടരുമെന്ന് കാന്തപുരത്തിന്റെ ഓഫീസും അറിയിച്ചിരുന്നു.
നിമിഷപ്രിയയുടെ മോചനത്തിനായുളള ശ്രമങ്ങൾ അവരുടെ കുടുംബം മാത്രമായി ഏറ്റെടുക്കണമെന്നാണ് നിലപാടെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ നേരത്തെ അറിയിച്ചിരുന്നു. ബാഹ്യ സംഘടനകളുടെ ഇടപെടൽ വിഷയത്തിൽ ഫലം നൽകാനിടയില്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു. ഇരയുടെ ബന്ധുക്കളുമായി നിമിഷ പ്രിയയുടെ കുടുംബം മാത്രമേ ചർച്ചകൾ നടത്താവൂ. നല്ല ഉദ്ദേശത്തോടെ ആണെങ്കിൽ കൂടി പുറത്തുനിന്നുള്ള ആരും അതിൽ ഉൾപ്പെടാതിരിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ വിഷയത്തിൽ തിരിച്ചടി നേരിടേണ്ടി വരുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.
അറ്റോണി ജനറൽ ആർ വെങ്കിട്ടരമണിയാണ് കേന്ദ്രത്തിന്റെ നിലപാട് സുപ്രീം കോടതിയെ അറിയിച്ചത്. നിമിഷപ്രിയയുമായി ബന്ധപ്പെട്ടുളള ചർച്ചകൾ നടത്താൻ അവരുടെ കുടുംബം തന്നെ ഒരാളെ ഏർപ്പാടാക്കിയിട്ടുണ്ട്. ചർച്ചകൾ പുരോഗമിക്കുന്നത് അവരുടെ നേതൃത്വത്തിലാണ്. നിമിഷപ്രിയയുടെ കാര്യത്തിൽ ഏറ്റവും കൂടുതൽ ആശങ്ക ഉണ്ടാകുക അവരുടെ കുടുംബത്തിനാണ്. പുറത്ത് നിന്നുള്ള ആരും ചർച്ചകളുടെ ഭാഗമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.
ജൂലൈ 16നായിരുന്നു നിമിഷപ്രിയയുടെ വധശിക്ഷ നടക്കേണ്ടിയിരുന്നത്. എന്നാല്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരിന്റെ ബന്ധങ്ങള്‍ ഉപയോഗിച്ച് നടത്തിയ ഇടപെടലിനെ തുടർന്ന് വധശിക്ഷ മാറ്റിവെക്കുകയായിരുന്നു. പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷപ്രിയ. കൊല്ലങ്കോട് മാത്തൂരിലെ തോട്ടം കാര്യസ്ഥനായിരുന്ന തൊടുപുഴ സ്വദേശി ടോമിയെ കല്യാണം കഴിച്ച ശേഷം 2012ലാണ് നിമിഷപ്രിയയും ടോമിയും കുഞ്ഞും ചേര്‍ന്ന് യെമനിലേക്ക് പോയത്. നാട്ടില്‍ നഴ്‌സായിരുന്ന നിമിഷപ്രിയ അവിടെയും അതേ ജോലി തന്നെ ചെയ്ത് പോന്നു, ടോമി ഒരു സ്വകാര്യ കമ്പനിയിലും ജോലി നേടി. അതിനിടെയാണ് ഇവര്‍ തലാല്‍ അബ്ദുള്‍ മഹ്ദി എന്ന യെമന്‍ പൗരനെ പരിചയപ്പെടുന്നതും, കച്ചവട പങ്കാളിത്തത്തില്‍ ഒരു ക്ലിനിക് തുടങ്ങാന്‍ തീരുമാനിക്കുന്നതും.
യെമനില്‍ ആ നാട്ടിലെ തന്നെ ഒരാളുടെ സഹായമില്ലാതെ ക്ലിനിക് തുടങ്ങാന്‍ നിര്‍വ്വാഹമില്ലാത്തതിനാലാണ് തലാലിന്റെ സഹായം തേടിയത്. ക്ലിനിക് തുടങ്ങിയതിന് ശേഷം നിമിഷപ്രിയ തന്റെ ഭാര്യയാണെന്ന് തലാല്‍ എല്ലാവരെയും വിശ്വസിപ്പിച്ചു. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കുകയും, പിന്നീട് ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം നടത്തുകയും ചെയ്തു. പങ്കാളിത്തത്തില്‍ തുടങ്ങിയ ക്ലിനിക്കിന്റെ വരുമാനം മുഴുവനായും തലാല്‍ സ്വന്തമാക്കാന്‍ തുടങ്ങി. പാസ്‌പോര്‍ട്ട് തട്ടിയെടുക്കുകയും, അവരുടെ പക്കലുണ്ടായിരുന്ന സ്വര്‍ണം വില്‍ക്കുകയും ചെയ്തു. സഹിക്കാന്‍ വയ്യെന്ന ഘട്ടത്തില്‍ നിമിഷപ്രിയ അധികൃതര്‍ക്ക് പരാതി നല്‍കി, ഇതോടെ തലാല്‍ ശാരീരിക ഉപദ്രവങ്ങള്‍ ആരംഭിച്ചു. ജീവന്‍ അപകടത്തിലാവും എന്ന ഘട്ടത്തിലാണ് താന്‍ തലാലിനെ അപായപ്പെടുത്താന്‍ ശ്രമിച്ചത് എന്നായിരുന്നു നിമിഷപ്രിയ വ്യക്തമാക്കിയിട്ടുള്ളത്.
Content Highlights: Nimisha Priy's Mother Premkumari is not Under the House Arrest at Yemen