
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി സിനിമയിലെ സ്ത്രീ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവ്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അതിജീവിതയ്ക്ക് നീതി തേടി നടത്തിയ പോരാട്ടത്തില്‍ പങ്കെടുത്ത വി എസിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ പ്രതികരണം. 'വി എസിന് വിട' എന്ന കുറിപ്പും ഡബ്ല്യുസിസി പങ്കുവെച്ചു.
തിരക്കഥാകൃത്തും എഴുത്തുകാരിയുമായ ദീദി ദാമോദരനും വിഷയത്തില്‍ വി എസ് സ്വീകരിച്ച നിലപാട് ചൂണ്ടിക്കാട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. 2017 ല്‍ സിനിമയിലെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ടപ്പോള്‍ അനാരോഗ്യം മറന്നും 'അവള്‍ക്കൊപ്പം' എന്ന പോരാട്ടത്തില്‍ വി എസ് തങ്ങള്‍ക്കൊപ്പം നിന്നുവെന്നും 'നീതി ലഭിക്കും വരെ അവള്‍ക്കൊപ്പം' എന്ന നിലപാടായിരുന്നു വി എസിന്റേതെന്നും ദീദി ദാമോദര്‍ പറഞ്ഞിരുന്നു. സൂര്യനെല്ലിക്കേസിലും ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസിലും കവിയൂര്‍, കിളിരൂര്‍ കേസിലുമൊക്കെ വി എസിന്റെ നിശ്ചയദാര്‍ഢ്യം പൊരുതുന്ന സ്ത്രീകള്‍ തിരിച്ചറിഞ്ഞതാണെന്നും ദീദീ ദാമോദര്‍ പറഞ്ഞിരുന്നു.
ഇന്നലെ വൈകിട്ട് 3.20നായിരുന്നു വി എസിന്റെ മരണം സ്ഥിരീകരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വി എസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വിഎസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോള്‍ 101 വയസ്സായിരുന്നു വി എസ് അച്യുതാനന്ദന്റെ പ്രായം.
കേരളത്തിന്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വിഎസ് അച്യുതാനന്ദന്‍. സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവത്തിച്ച വി എസ് അക്ഷരാര്‍ത്ഥത്തില്‍ സമരകേരളത്തിന്റെ രാഷ്ട്രീയ മുഖമായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സിലില്‍ നിന്നും ഇറങ്ങി വന്ന് സിപിഐഎം രൂപീകരിക്കുന്നതില്‍ മുന്നിലുണ്ടായിരുന്ന അവസാന നേതാവ് കൂടിയാണ് ഓര്‍മ്മയാകുന്നത്. തിരുവിതാംകൂറിലും പിന്നീട് ഐക്യകേരളത്തിലും നടന്ന തൊഴിലാളി വര്‍ഗ രാഷ്ട്രീയ പോരാട്ടങ്ങളുടെ ഒരുയുഗം കൂടിയാണ് വിഎസിന്റെ വിയോഗത്തോടെ അവസാനിച്ചിരിക്കുന്നത്.
Content Highlights-WCC facebook post about v s achuthanandans death