വിട്ടുവീഴ്ചയില്ലാതെ നിലപാടുകൾ സ്വീകരിച്ചിരുന്ന, സമാനതകൾ ഇല്ലാത്ത സമര നേതാവായിരുന്നു വി എസ്; കേളി

വി എസ് അച്യുതാനന്ദനെ അനുസ്മരിച്ച് കേളി

dot image

റിയാദ്: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദനെ അനുസ്മരിച്ച് കേളി കലാസാംസ്കാരിക വേദി. പൊതുജനങ്ങളെയും പ്രകൃതിയെയും ബാധിക്കുന്ന എല്ലാം വിഷയങ്ങളിലും വിട്ടുവീഴ്ചയില്ലാതെ നിലപാടുകൾ സ്വീകരിച്ചിരുന്ന സമാനതകൾ ഇല്ലാത്ത സമര നേതാവായിരുന്നു വി എസ് അച്യുതാനന്ദൻ. 85 വർഷത്തോളം നീണ്ടുനിന്ന പൊതു പ്രവർത്തനത്തിൽ, സമര രംഗത്ത് മരണത്തെ മുഖാമുഖം നേരിടേണ്ടിവന്നിട്ടും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിൽ ഉറച്ചു നിന്ന വിഎസ്, പാർട്ടി പ്രവർത്തകർക്കും അവകാശ പോരാട്ടം നടത്തുന്നവർക്കും എന്നും പ്രചോദനമേകുന്ന നേതാവായിരുന്നുവെന്നും കേളി കലാസാംസ്കാരിക വേദി സെക്രട്ടറിയേറ്റ് പുറത്തിറക്കിയ അനുശോചന കുറിപ്പിൽ പറഞ്ഞു.

മുഖ്യമന്ത്രിയായിരിക്കെ 2006ൽ വി എസ് അച്യുതാനന്ദൻ സർക്കാർ പ്രവാസി ക്ഷേമ പദ്ധതി നിയമ സഭയിൽ പ്രഖ്യാപിച്ചു. 2008 ൽ പ്രവാസി ക്ഷേമനിധി നിയമം സഭ അംഗീകരിക്കുകയും ചെയ്തത് പ്രവാസികൾക്ക് ആശ്വാസം നൽകുന്ന നടപടിയായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം തൊഴിലാളിവർ​ഗ പോരാട്ടങ്ങൾക്കും ജനകീയ വിഷയങ്ങൾക്കും വേണ്ടിയുള്ള നിരന്തരമായ പോരാട്ടങ്ങൾക്ക് ഉഴിഞ്ഞുവെച്ചതായിരുന്നുവെന്നും കേളി അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി. ഇന്നലെ ഉച്ചയ്ക്ക് 3.20 നാണ് വി എസ് അച്യുതാനന്ദന്‍ വിടവാങ്ങിയത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വി എസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വി എസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. അച്യുതാനന്ദനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് 3 ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlights: Keli Remembering VS Achuthanandan

dot image
To advertise here,contact us
dot image