പ്രതിപക്ഷത്തെ പിന്തുണച്ച നിലപാടെടുത്ത മുഖ്യമന്ത്രി; വ്യക്തിപരമായ വിരോധം പ്രകടിപ്പിച്ചിരുന്നില്ല: വി ഡി സതീശൻ

നിയമസഭയ്ക്കത്തും പുറത്തും മൂര്‍ച്ചയേറിയ നാവായിരുന്നു അദ്ദേഹത്തിന്‌റേതെന്നും വി ഡി സതീശന്‍ കുറിച്ചു

dot image

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്‌റെ വിയോഗത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രണ്ടക്ഷരം കൊണ്ട് കേരള രാഷ്ട്രീയത്തില്‍ സ്വന്തം സ്ഥാനം കൃത്യമായി അടയാളപ്പെടുത്തിയ നേതാവാണ് വി എസ് അച്യുതാനന്ദന്‍ എന്ന് വി ഡി സതീശന്‍ തന്‌റെ അനുശോചന കുറിപ്പില്‍ അറിയിച്ചു. കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെയാണ് വി എസ് ത്‌നറെ രാഷ്ടീയ പ്രവര്‍ത്തനം നടത്തിയത്. പ്രതിപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് മറ്റൊരു മുഖം നല്‍കിയ നേതാവാണ് വി എസ് അച്യുതാനന്ദന്‍. പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട സമരങ്ങളുടെ മുന്‍നിരയില്‍ നിന്നുവെന്നും വി ഡി സതീശൻ പറഞ്ഞപ.

നിയമസഭയ്ക്കത്തും പുറത്തും മൂര്‍ച്ചയേറിയ നാവായിരുന്നു അദ്ദേഹത്തിന്‌റേതെന്നും വി ഡി സതീശന്‍ പറഞ്ഞു.കൊക്കകോളയ്ക്ക് എതിരായ സമരം ഉള്‍പ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകൃതി സംരക്ഷണത്തിന് വേണ്ടിയും ജലചൂഷണത്തിന് എതിരെയും നടത്തിയ സമരങ്ങളിലും വി എസ് തന്നെയായിരുന്നു നേതാവ്. പ്രതിപക്ഷ നേതാവെന്ന നിലയിലും മുഖ്യമന്ത്രിയെന്ന നിലയിലും താന്‍ അടുത്തറിയാന്‍ ശ്രമിച്ചയാളാണ് വി എസ് എന്നും വി ഡി സതീശന്‍ പറഞ്ഞു. എറണാകുളത്തെ തോഷിബാ ആനന്ദിന്റെ 200 കോടിയിലധികം വിലവരുന്ന ഭൂമി സാന്റിയാഗോ മാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന് അഞ്ചര കോടിക്ക് കൈമാറാനുള്ള നീക്കം പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു. വി എസ് അതില്‍ ഇടപെട്ടു. ഭൂമി സര്‍ക്കാരില്‍ തന്നെ നിലനിര്‍ത്തിയെന്നും വി ഡി സതീശൻ ഓർത്തെടുത്തു.

ഒരു നിയമസഭാംഗമെന്ന നിലയില്‍ മുഖ്യമന്ത്രിയായ വി എസിന്‌റെ ഇടപെടലിന് താന്‍ നന്ദി പറഞ്ഞെന്നും വി ഡി സതീശന്‍ പറഞ്ഞു. വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന നിങ്ങള്‍ക്ക് നന്ദി പറയുന്നെന്നായിരുന്നു വി എസിന്റെ മറുപടി എന്നും അദ്ദേഹം പറഞ്ഞു.. ലോട്ടറി വിവാദം ഉള്‍പ്പെടെ കേരള രാഷ്ട്രീയം വലിയ തോതില്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളില്‍ പ്രതിപക്ഷത്തെ പിന്തുണയ്ക്കുന്ന നിലപാട് എത്രയോ തവണ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് വി എസ് സ്വീകരിച്ചിട്ടുണ്ട്. രാഷ്ട്രീയമായി വി എസുമായി പിണങ്ങേണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്. പക്ഷേ ഒരിക്കലും വ്യക്തിപരമായ വിരോധവും അസ്വസ്ഥതയും അദ്ദേഹം പ്രകടിപ്പിച്ചിരുന്നില്ലെന്നും വി ഡി സതീശന്‍ തന്‌റെ അനുശോചന കുറിപ്പില്‍ അറിയിച്ചു.

ഇന്ന് ഉച്ചയ്ക്ക് 3.20 നാണ് വി എസ് അച്യുതാനന്ദന്‍ വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വിഎസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോള്‍ 101 വയസ്സായിരുന്നു വി എസ് അച്യുതാനന്ദന്റെ പ്രായം.

കേരളത്തിന്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വിഎസ് അച്യുതാനന്ദന്‍. സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവത്തിച്ച വിഎസ് അക്ഷരാര്‍ത്ഥത്തില്‍ സമരകേരളത്തിന്റെ രാഷ്ട്രീയ മുഖമായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സിലില്‍ നിന്നും ഇറങ്ങി വന്ന് സിപിഐഎം രൂപീകരിക്കുന്നതില്‍ മുന്നിലുണ്ടായിരുന്ന അവസാന നേതാവ് കൂടിയാണ് ഓര്‍മ്മയാകുന്നത്. തിരുവിതാംകൂറിലും പിന്നീട് ഐക്യകേരളത്തിലും നടന്ന തൊഴിലാളി വര്‍ഗ രാഷ്ട്രീയ പോരാട്ടങ്ങളുടെ ഒരുയുഗം കൂടിയാണ് വിഎസിന്റെ വിയോഗത്തോടെ അവസാനിച്ചിരിക്കുന്നത്.

content highlights: V D Satheeshan condemns on V S Achuthanandan's Death

dot image
To advertise here,contact us
dot image