
മലപ്പുറം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ അനുസ്മരിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളും അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും. വി എസിന്റെ വിയോഗവാര്‍ത്ത അതീവ സങ്കടകരമാണെന്നും അദ്ദേഹം ശക്തനായ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. താഴെത്തട്ടില്‍ നിന്ന് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങളിലെത്തിയ നേതാവായിരുന്നു വി എസെന്നും കൈകാര്യം ചെയ്ത മേഖലകളിലൊക്കെ ആദര്‍ശം മുറുകെപ്പിടിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
'പ്രതിപക്ഷ നേതാവെന്ന നിലയിലും മുഖ്യമന്ത്രിയെന്ന നിലയിലും സാധാരണക്കാരോട് ചേര്‍ന്നുനിന്നുകൊണ്ടുളള പ്രവര്‍ത്തനമായിരുന്നു വി എസിന്റേത്. രാഷ്ട്രീയമായി എതിര്‍പ്പുണ്ടായിരുന്നിരിക്കാം പക്ഷെ കമ്മ്യൂണിസ്റ്റുകാരന്‍ എന്ന നിലയ്ക്ക് അദ്ദേഹം ഏറെ ആദരങ്ങള്‍ നേടിയെടുത്ത വ്യക്തിത്വമായിരുന്നു. ഇന്നത്തെ കാലഘട്ടത്തില്‍ നമുക്ക് പരിചിതമല്ലാത്ത കമ്മ്യൂണിസ്റ്റുകാരനാണ് വി എസ്. അദ്ദേഹത്തിന്റെ വിയോഗം കേരള രാഷ്ട്രീയത്തിന് വലിയ നഷ്ടമാണ്. പാര്‍ട്ടിക്കും അദ്ദേഹത്തിന്റെ അനുയായികള്‍ക്കും ഉണ്ടായ വേദനയില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു'-സാദിഖലി തങ്ങള്‍ പറഞ്ഞു.
രാഷ്ട്രീയമായി എന്ത് അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും വ്യക്തിബന്ധങ്ങളും സൗഹൃദങ്ങളും കാത്തുസൂക്ഷിക്കുന്നയാളായിരുന്നു വി എസെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. 'രാഷ്ട്രീയമായ എതിര്‍പ്പില്‍ ഒരു കോംപ്രമൈസുമില്ലാതെ പോരാടിയ നേതാവായിരുന്നു. പ്രസംഗത്തിലും പ്രവര്‍ത്തനത്തിലും രാഷ്ട്രീയ എതിരാളികളെ നേരിടുന്നതിലും അദ്ദേഹത്തിന് നിയമസഭയിലായാലും പുറത്തായാലും തന്റേതായ ശൈലിയും രീതിയുമുണ്ടായിരുന്നു. ആ ശൈലി അദ്ദേഹത്തിന്റെ അനുയായികള്‍ക്ക് ഹരമായിരുന്നു. തൊഴിലാളിയായിരുന്ന കാലത്തുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് ആശയാദര്‍ശങ്ങള്‍ അതുപോലെ മുഖ്യമന്ത്രിയായപ്പോഴും കാത്തുസൂക്ഷിച്ചയാളായിരുന്നു. മുഖ്യമന്ത്രിയായപ്പോഴും പ്രതിപക്ഷ നേതാവായിരുന്നപ്പോഴും തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വേര്‍പാട് സംസ്ഥാനത്തിന് നഷ്ടമാണ്. ഒരു വലിയ ചരിത്രമാണ് അവസാനിക്കുന്നത്. കുടുംബത്തിന്റെയും പാര്‍ട്ടിയുടെയും നഷ്ടത്തില്‍ ദുഖം രേഖപ്പെടുത്തുന്നു.'- പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇന്ന് വൈകുന്നേരം 3.20 -നാണ് വിഎസ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 101 വയസ്സായിരുന്നു. സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവത്തിച്ച വിഎസ് അക്ഷരാർത്ഥത്തിൽ സമരകേരളത്തിന്റെ രാഷ്ട്രീയ മുഖമായിരുന്നു. തിരുവിതാംകൂറിലും പിന്നീട് ഐക്യകേരളത്തിലും നടന്ന തൊഴിലാളി വർഗ രാഷ്ട്രീയ പോരാട്ടങ്ങളുടെ ഒരുയുഗം കൂടിയാണ് വിഎസിന്റെ വിയോഗത്തോടെ അവസാനിച്ചിരിക്കുന്നത്.
Content Highlights: Sadikkali Thangal and PK Kunhalikkutty remembers VS Achuthanandan