
കൊല്ലം: ഷാര്‍ജയില്‍ ഫ്‌ളാറ്റില്‍ ജീവനൊടുക്കിയ അതുല്യയുടേത് കൊലപാതകമെന്ന് അമ്മ. ജീവനൊടുക്കില്ലെന്ന് മകള്‍ പലകുറി ആവര്‍ത്തിച്ചിട്ടുണ്ടെന്നും ഭര്‍ത്താവ് സതീഷ് മകളെ കൊലപ്പെടുത്തിയതാണെന്നും അമ്മ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. വിവാഹം കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം മകള്‍ക്ക് വിവാഹ സമ്മാനമായി നല്‍കിയ സ്വര്‍ണ്ണം സതീഷും അമ്മയും തൂക്കിനോക്കിയിരുന്നു. 50 പവന്‍ ഉണ്ടായിരുന്നില്ല. അന്ന് തുടങ്ങിയതാണ് മകള്‍ക്കെതിരായ ഉപദ്രവം എന്നും അമ്മ പറയുന്നു.
'അതുല്യ ശനിയാഴ്ച്ച ഉച്ചയ്ക്കാണ് വീട്ടിലേക്ക് അവസാനമായി വിളിച്ചത്. ഇന്ന് ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നുവെന്ന് പറഞ്ഞിരുന്നു. മകള്‍ക്ക് ഒന്നര വയസ്സുള്ള സമയത്ത് സതീഷിനെതിരെ മകള്‍ കേസ് കൊടുത്തിരുന്നു. രണ്ടാമത്തെ കൗണ്‍സിലിംഗ് കഴിഞ്ഞപ്പോള്‍ തന്നെ അറിയിക്കാതെ അവള്‍ ഒപ്പിടുകയും അവനൊപ്പം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ബ്രെയിന്‍വാഷ് ചെയ്തതാണ്. അന്ന് രാത്രിയില്‍ കൂട്ടുകാരുമായി വന്ന് മതില്‍ചാടി അവളെ വിളിച്ചിറക്കിക്കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു. കുഞ്ഞ് കരഞ്ഞാണ് അന്നുപിടിച്ചുനിര്‍ത്തിയത്. തൊട്ടടുത്ത ദിവസം സഹോദരങ്ങളെയും അമ്മയെയും വിട്ടപ്പോഴാണ് ഒപ്പം വിട്ടത്. കുട്ടിക്ക് ഒന്നരവയസ്സുള്ളസമയത്താണ് അത്', അമ്മ ഓര്‍ത്തെടുത്തു.
പിന്നീടും പലവട്ടം ഉപദ്രവിച്ചു. മദ്യപിച്ചാല്‍ മാത്രമല്ല. സൈക്കോപോലെയാണ് അവന്റെ പെരുമാറ്റം. അതുല്യ കൂട്ടുകാരോട് സംസാരിക്കുന്നത് ഇഷ്ടമല്ല. അവര്‍ ഫോണ്‍ വിളിക്കുന്നതില്‍ താല്‍പര്യമില്ല. കൂടെ പഠിച്ച കൂട്ടുകാര്‍ വഴിയില്‍വെച്ച് ഹായ് പറഞ്ഞാല്‍ അത് ഇഷ്ടപ്പെടില്ല. അങ്ങനെ വലിയ പ്രശ്‌നങ്ങളാണെന്നും അമ്മ പറഞ്ഞു.
മകളെ നാട്ടിലേക്ക് വിളിച്ചപ്പോഴെല്ലാം കുഞ്ഞിന്റെ പേരുപറഞ്ഞ് അവനൊപ്പം തുടരുകയായിരുന്നു. മിനിയാന്ന് ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ ഇട്ടിരുന്നു. ബന്ധം ഒഴിഞ്ഞാല്‍ അവളെ കൊന്ന് അവനും ചാവുമെന്നായിരുന്നു ഭീഷണി. സ്ത്രീധന പീഡനവും ഉണ്ടായിരുന്നു. ഞങ്ങള്‍ കൊടുത്ത സ്വര്‍ണ്ണം വിവാഹപിറ്റേന്ന് അമ്മയും അവനും തൂക്കിനോക്കി. അന്ന് മുതല്‍ പ്രശ്‌നം തുടങ്ങിയതാണ്. അവന് ബൈക്ക് വാങ്ങാന്‍ പൈസയുമായി അവന്റെ വീട്ടില്‍പ്പോയിരുന്നു. ഇഷ്ടപ്പെട്ട ബൈക്കാണ് വാങ്ങിക്കൊടുത്തത്. അവരുടെ ബന്ധുക്കള്‍ക്കെല്ലാം അവരുടെ ഭാര്യയുടെ വീട്ടുകാര്‍ കാറ് സ്ത്രീധനമായി നല്‍കി. അവനും കാര്‍ നല്‍കണമെന്ന് പറയുന്നുണ്ടായിരുന്നുവെന്നും അമ്മ പറഞ്ഞു.
ശനിയാഴ്ച രാവിലെയായിരുന്നു തേവലക്കര തെക്കുഭാഗം സ്വദേശി അതുല്യശേഖറിനെ (30) ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷാര്‍ജ റോളപാര്‍ക്കിന് സമീപത്തെ ഫ്‌ലാറ്റില്‍ തുങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. അതുല്യ ഇന്നലെ പുതിയ ജോലിയില്‍ പ്രവേശിക്കാനിരിക്കുകയായിരുന്നു. ദുബായില്‍ കോണ്‍ട്രാക്ടിങ് സ്ഥാപനത്തില്‍ എന്‍ജിനീയറായി ജോലി ചെയ്യുകയാണ് സതീഷ്. മരണത്തില്‍ ഷാര്‍ജ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ചവറ തെക്കുംഭാഗം പൊലീസ് സതീഷിനെതിരെ കൊലപാതകക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. അമ്മയുടെയും അച്ഛന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.
Content Highlights: kollam sharjah athulya death Mother Reaction