
കാസര്‍കോട്: കാസര്‍കോട് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപർ മർദിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്താൻ കാസര്‍കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിർദേശം. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയാണ് നിർദേശം നൽകിയത്. റിപ്പോർട്ടർ ടി വി നൽകിയ വാർത്തയ്ക്ക് പിന്നാലെയാണ് നടപടി.
കാസർകോട് നായന്മാര്‍മൂലയിലെ തന്‍ബിയര്‍ ഇസ്‌ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലായിരുന്നു സംഭവം.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് വിദ്യാർത്ഥിക്ക് അധ്യാപകരിൽ നിന്ന് മർദ്ദനമേൽക്കേണ്ടി വന്നത്. ക്ലാസ് എടുക്കുന്ന സമയത്ത് അധ്യാപിക വിദ്യാര്‍ത്ഥിയോട് ബോര്‍ഡില്‍ ഒരു കാര്യം എഴുതാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥി അതിന് തയ്യാറായില്ലെന്നും കളിയാക്കിയെന്നും ആരോപിച്ച് മറ്റ് അധ്യാപകര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതായാണ് ആരോപണം.
ഇന്റര്‍വെല്‍ സമയത്ത് സ്റ്റാഫ് മുറിയിലേക്ക് വിളിച്ചുവരുത്തി അധ്യാപകര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. അധ്യാപികയെ കളിയാക്കിയത് എന്തിനെന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം. അധ്യാപകരില്‍ ഒരാള്‍ മുഖത്തടിക്കുകയും ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് ബെഞ്ചിലേക്ക് വലിച്ചിട്ടതായുമാണ് പരാതി. ഈ അധ്യാപകന്‍ അസഭ്യം പറഞ്ഞതായും വിദ്യാര്‍ത്ഥി പറഞ്ഞിരുന്നു
സ്‌കൂളില്‍ നിന്ന് വീട്ടിലെത്തിയ വിദ്യാര്‍ത്ഥി സംഭവത്തെക്കുറിച്ച് മാതാപിതാക്കളോട് പറയുകയായിരുന്നു. തുടര്‍ന്ന് പിതാവ് ഇതേപ്പറ്റി അധ്യാപകരോട് ചോദിച്ചപ്പോള്‍ മോശം അനുഭവമാണ് ഉണ്ടായതെന്നും ആരോപണമുണ്ടായിരുന്നു.
Content Highlights- Kasaragod 7th grade student beaten up by teachers; Investigation ordered