
കോട്ടയം: തീവ്ര വര്‍ഗീയ പരാമര്‍ശവുമായി വീണ്ടും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരളം വൈകാതെ മുസ്‌ലിം ഭൂരിപക്ഷ നാടായി മാറുമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മുസ്‌ലിം ഭൂരിപക്ഷമായി ഇവിടെ മാറും എന്ന് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നേരത്തെ പറഞ്ഞു. അതിന് 40 വര്‍ഷം വേണ്ടി വരില്ല. കേരളത്തില്‍ ജനാധിപത്യമല്ല, മതാധിപത്യമാണുള്ളതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ഒരു കോളേജ് തന്നിട്ട് തുടങ്ങിയ കാലത്ത് തന്നെ ഉള്ള കോഴ്‌സ് മാത്രമാണ് നല്‍കിയതെന്നും മുസ്‌ലിം സമുദായത്തിന് ഇഷ്ടം പോലെ കൊടുത്തുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കാന്തപുരം പറയുന്നത് നോക്കി ഭരിച്ചാല്‍ മതി എന്ന അവസ്ഥ ആയി. സൂംബ ഉള്‍പ്പെടെ അങ്ങനെ ആയി. എല്ലാം മലപ്പുറത്ത് പോയ് ചോദിക്കേണ്ട അവസ്ഥ ആയി. സൂംബയ്ക്ക് എന്താണ് കുഴപ്പമെന്നും വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചു. താന്‍ മലപ്പുറത്തെ കുറിച്ച് പറഞ്ഞത് സത്യമാണ്. എന്നാല്‍ പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ എല്ലാവരും കൂടി ഒരുമിച്ച് തനിക്കെതിരെ രംഗത്തുവന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ കോട്ടയത്ത് പറഞ്ഞു. സ്‌കൂള്‍ സമയമാറ്റം കോടതി വിധി പ്രകാരമാണ് നടപ്പിലാക്കിയതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഉടന്‍ സമസ്ത പറഞ്ഞത് ഓണവും ക്രിസ്മസ് അവധിയും വെട്ടിക്കുറയ്ക്കാനാണ്. അവര്‍ക്ക് ഒരു അരമണിക്കൂര്‍ അഡ്ജസ്റ്റ് ചെയ്യാന്‍ ആകില്ലേ? ഇതാണോ മതേതരത്വമെന്നും വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചു.
സീറ്റ് വിഷയത്തിലും വെള്ളാപ്പള്ളി വിമര്‍ശനം ഉന്നയിച്ചു. ഇപ്പോള്‍ ആലപ്പുഴയില്‍ രണ്ട് സീറ്റ് കുറയുന്ന സാഹചര്യമുണ്ടെന്നും അപ്പോഴും മലപ്പുറത്തിന് നാല് സീറ്റ് കൂടിയെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പ്രൊഡക്ഷന്‍ കൂട്ടിയാണ് അവര്‍ മലപ്പുറത്ത് സീറ്റ് കൂട്ടിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു. അധികാരത്തില്‍ എത്താന്‍ സഭകള്‍ ഇപ്പോള്‍ തന്നെ ചരട് വലി തുടങ്ങിയെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അധികാരത്തില്‍ നമുക്ക് പ്രാതിനിധ്യം വേണം. നമ്മുടെ ആളുകള്‍ക്ക് ഓരോ പാര്‍ട്ടിയിലും അധികാരം കിട്ടണം. രാഷ്ട്രീയ ശക്തി ആയി മാറണം. ഓരോരുത്തരും അവരുടെ പാര്‍ട്ടിയില്‍ നിന്ന് ശക്തി തെളിയിക്കണം. കോട്ടയതിന്റെ ആധിപത്യം ചില പ്രത്യേക ശക്തികളുടെ കയ്യില്‍ ആയെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത് ക്രിസ്ത്യന്‍ വിഭാഗത്തിന് വേണ്ടിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ബിഷപ്പുമാരാണ്. കൊതി കിട്ടാതെ ഇരിക്കാന്‍ ആണ് ഒരു കുറിപ്പിനെ നിര്‍ത്തിയത്. മതേതരത്വം കാണിക്കാനാണ് അത് ചെയ്തത്. വിദ്യാഭ്യാസരംഗത്തിന്റെ അന്തകന്‍ ആണ് പിജെ ജോസഫെന്നും വെള്ളാപ്പള്ളി നടേശന്‍ ആഞ്ഞടിച്ചു. 34 സ്ഥാപനം ആണ് പി ജെ ജോസഫ് ഒറ്റ അടിക്ക് സ്വന്തം സമുദായത്തിന് കൊടുത്തത്. അക്കാലത്തു സെക്രട്ടറി ആയിരുന്ന കണ്ണന്താനം പിന്നീട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. സമുദായത്തിന് അര്‍ഹമായത് ഏത് പാര്‍ട്ടി കൊടുക്കുന്നോ അവര്‍ക്ക് വോട്ട് ചെയ്യണം. ഇക്കാര്യത്തില്‍ ഒരേ മനസോടെ മുന്നോട്ട് പോകണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ശ്രീനാരായണ യൂണിവേഴ്‌സിറ്റി സ്ഥാപിച്ചിട്ട് ഒരു മുസ്‌ലിമിനെ വൈസ് ചാന്‍സലറാക്കിയെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മന്ത്രി മുസ്‌ലിം ആയതുകൊണ്ട് മുസ്‌ലിം വികാരം ഉണ്ടായി. മുസ്‌ലിം വികാരം ഉണ്ടായതിനെ കുറ്റം പറയാന്‍ ആകില്ല. വിസി ആയി ഒരു മുസ്‌ലിം ഇല്ലാത്തതുകൊണ്ടാണ് മുസ്ലിമിനെ വെച്ചത് എന്ന് മന്ത്രി തന്നോട് പറഞ്ഞു. മുസ്‌ലിമിന് മുസ്‌ലിം എന്നാണ് വികാരം. അവര്‍ക്ക് ഇടത് എന്നോ വലതു എന്നോ ഇല്ല. എല്ലാം പിടിച്ചടക്കണം എന്നാണ് അവരുടെ തീരുമാനം. മലപ്പുറത്ത് മാത്രമല്ല, തിരുക്കൊച്ചി പ്രദേശത്തും നാല് സീറ്റ് വേണം എന്നാണ് ലീഗ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. തന്ത്രപൂര്‍വ്വം ഭരണം പിടിച്ച് മുഖ്യമന്ത്രി ആകാന്‍ ആണ് ലീഗിന്റെ ശ്രമമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
Content Highlights- Vellappally natesan again hate speech against malappuram and muslims