
തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാലയിലെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങി കെഎസ്‌യു. ചെയര്‍മാന്‍ സീറ്റ് എംഎസ്എഫിന് വിട്ടു നല്‍കാനാണ് തീരുമാനം. പകരം ജോയിന്റ് സെക്രട്ടറി സീറ്റിലേക്ക് കെഎസ്‌യു മത്സരിക്കും. ഇന്ന് ചേര്‍ന്ന് അടിയന്തര സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം. യോഗത്തില്‍ ഷാഫി പറമ്പിലിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സംസ്ഥാന നേതൃത്വം അറിയാതെ എംഎസ്എഫിന് വാക്ക് നല്‍കിയതിനെതിരെയാണ് വിമർശനം.
തര്‍ക്കത്തില്‍ എംഎസ്എഫുമായി വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് കെഎസ്‌യുവിനോട് കോണ്‍ഗ്രസ് മുൻപ് നിര്‍ദേശിച്ചിരുന്നു. യുഡിഎഫില്‍ വിള്ളല്‍ വീഴരുതെന്നായിരുന്നു കെഎസ്‌യുവിന് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. നേതൃത്വം നടത്തിയ അനുനയനീക്കം പരാജയപ്പെട്ടതിനെ തുടര്‍ന്നായിരുന്നു തീരുമാനം.
ചെയര്‍മാന്‍ സ്ഥാനം ഇത്തവണ തങ്ങള്‍ക്ക് നല്‍കാമെന്ന മുന്‍ധാരണ കെഎസ്‌യു നേതൃത്വം ലംഘിച്ചെന്നായിരുന്നു എംഎസ്എഫ് ആരോപണം. എന്നാല്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ചെയര്‍മാന്‍ പദവി കെഎസ്‌യുവിനെന്ന പതിവ് രീതി നിലനിര്‍ത്തണമെന്നാണ് കെഎസ്‌യു നേതാക്കൾ പറഞ്ഞത്. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ യുഡിഎസ്എഫ് യൂണിയന്‍ തിരിച്ചുപിടിച്ചപ്പോള്‍ 262 യുയുസിമാരില്‍ 41 യുയുസിമാര്‍ മാത്രമാണ് കെഎസ്‌യുവിന് ഉണ്ടായിരുന്നതെന്നും കഴിഞ്ഞ തവണയുണ്ടാക്കിയ ധാരണപ്രകാരം ഇത്തവണ ചെയര്‍മാന്‍ സ്ഥാനം എംഎസ്എഫിനാണ് ലഭിക്കേണ്ടതെന്നുമാണ് എംഎസ്എഫ് നേതാക്കള്‍ പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് ചെയർമാൻ സ്ഥാനത്തെ ചൊല്ലി ഇരു സംഘടനകളും തർക്കത്തിലേക്ക് കടന്നത്.
Content Highlights- KSU ready to compromise in the dispute over the chairmanship of Calicut University