തേൻവരിക്ക കെഎസ്ആർടിസി ഡ്രൈവറെ 'ഫിറ്റാ'ക്കി; ഊതി കുടുക്കി ബ്രെത്തലൈസർ

പൂജ്യത്തിലായിരുന്ന ബ്രെത്തലൈസർ ഊതിക്കലിൽ പത്തിലെത്തി

dot image

പന്തളം: നല്ല തേനൂറുന്ന തേൻവരിക്ക കിട്ടിയാൽ എങ്ങനെ കഴിക്കാതിരിക്കും? കിട്ടിയതിലൊരു പങ്കുമായി പന്തളം കെഎസ്ആർടിസി സ്റ്റാൻഡിലെത്തിയതാണ് ഡ്രൈവർ. എന്നാൽ താൻ സഹപ്രവർത്തകർക്ക് സ്നേഹത്തോടെ കൊണ്ടുകൊടുത്ത ചക്ക ചതിക്കുമെന്നയാൾ ഒരിക്കലും കരുതിയില്ല. വീട്ടിൽ ചക്ക മുറിച്ചപ്പോൾ കൊട്ടാരക്കര സ്വദേശിയായ ഡ്രൈവർ അതിലൊരു പങ്ക് മറ്റുജീവനക്കാർക്കുകൂടി കൊടുക്കാമെന്ന് കരുതി. രാവിലെ ഡ്യൂട്ടിക്കെത്തിയപ്പോൾ നല്ല ചക്കച്ചുള കണ്ട് ഡ്രൈവർമാരിലൊരാൾ ഡ്യൂട്ടിക്ക് പോകുംമുമ്പ് അത് അകത്താക്കുകയും ചെയ്തു.

എന്നാൽ ഡിപ്പോയിലെ രാവിലത്തെ പതിവുപരിപാടിയായ 'ഊതിക്കൽ' തുടങ്ങിയപ്പോഴാണ് ചക്ക ചതിച്ചെന്ന് മനസിലായത്. പൂജ്യത്തിലായിരുന്ന ബ്രെത്തലൈസർ ഊതിക്കലിൽ പത്തിലെത്തി. പെട്ടല്ലോയെന്ന് അപ്പോഴാണ് ഡ്രൈവർക്ക് മനസിലായത്.

താൻ മദ്യപിച്ചില്ലെന്നും വേണമെങ്കിൽ രക്തപരിശോധന നടത്താമെന്നും അധികൃതരോട് ഡ്രൈവർ പറഞ്ഞു. ബ്രെത്തലൈസറിനെ എങ്ങനെ അവിശ്വസിക്കുമെന്നായി അധികൃതർ. ഒടുവിൽ സാമ്പിൾ പരിശോധന നടത്താമെന്നായി തീരുമാനം.

ഊതിക്കാൻ നിയോഗിച്ച ആൾതന്നെ ആദ്യം ഊതിയപ്പോൾ പൂജ്യം. അയാൾ ചക്കച്ചുള കഴിച്ചുകഴിഞ്ഞ് ഒന്ന് ഊതി നോക്കി. ബ്രെത്തലൈസറിൽ അദ്ദേഹവും മദ്യപിച്ചെന്നാണ് തെളിഞ്ഞത്. അങ്ങനെ ചക്കച്ചുള കഴിച്ച് പലരും പരിശോധന നടത്തിയപ്പോഴാണ് മദ്യമല്ല, ചതിച്ചത് ചക്ക തന്നെയാണെന്ന് മനസിലായത്.

Content Highlights: KSRTC drivers falsely flagged for drunk driving after eating jackfruit at panthalam

dot image
To advertise here,contact us
dot image