
തിരുവനന്തപുരം: ചൂരല്‍മല മുണ്ടക്കൈ ദുരിതാശ്വാസ നിധിയില്‍ നിന്ന് ലീഗും യൂത്ത് കോണ്‍ഗ്രസും സര്‍ക്കാരിന് പണം നല്‍കാത്തത് ദുരുദ്ദേശ്യത്തോടെയാണന്ന ആരോപണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് ഇരു കൂട്ടര്‍ക്കും കയ്യിട്ട് വാരാനായിരുന്നു ലക്ഷ്യം. ലീഗ് ഭൂമി വാങ്ങിയത് നാല് ഇരട്ടി വിലക്ക് ആണെന്ന് ആക്ഷേപമുണ്ട്. നിര്‍മ്മാണ അനുമതിയില്ലാത്ത ഭൂമിയാണിതെന്ന് വില്ലേജ് ഓഫീസര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും എം വി ഗോവിന്ദൻ ആക്ഷേപമുയർത്തി.
അതേ സമയം, നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെക്കാന്‍ കാന്തപുരത്തിന്റെ ഇടപെടലാണ് ഗുണമായതെന്നും കാന്തപുരത്തിന് എതിരായ നിലപാട് ആരോഗ്യകരമല്ലായെന്നും എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു . നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചത് ആശ്വാസകരമാണ്. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഇടപ്പെടലിനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് 3 തവണ കത്തയച്ചിരുന്നു. കെ വി തോമസ് പ്രധാനമന്ത്രിയെ നേരിട്ട് കണ്ടിരുന്നു. പക്ഷെ കാന്തപുരത്തിന്റെ ഇടപെടലാണ് ഗുണമായത്. മോചനത്തിന് ശ്രമം തുടരുമെന്ന് കാന്തപുരം അറിയിച്ചിരുന്നു. പ്രായശ്ചിത്വം ചെയ്താല്‍ ശിക്ഷാ ഇളവ് നല്‍കാമെന്നതാണ് ഇസ്ലാമിക നിയമം. കാന്തപുരത്തെ എല്ലാവരും പിന്തുണക്കണം. നവമാധ്യമങ്ങളിലും മറ്റും നടക്കുന്ന കാന്തപുരത്തിന് എതിരായ നിലപാട് ആരോഗ്യകരമല്ലായെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
Content Highlights- MV Govindan alleges that the League and Youth Congress did not give money to the government from the Chooralmala Mundakai Relief Fund.