
ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളിലൂടെയുളള ചില മലയാളികളുടെ ഇടപെടല്‍ നിമിഷപ്രിയയുടെ മോചനത്തിനായുളള ചര്‍ച്ച സങ്കീര്‍ണമാക്കുകയാണെന്ന് സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ നിയമസമിതി കണ്‍വീനര്‍ അഡ്വ. സുഭാഷ് ചന്ദ്രന്‍. ചിലര്‍ സംസാരിക്കുന്നത് വ്യക്തി താല്‍പ്പര്യങ്ങള്‍ക്കുവേണ്ടിയാണെന്നും നിമിഷപ്രിയയുടെ മോചനശ്രമങ്ങള്‍ പ്രതിസന്ധിയിലായെന്നും സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. സഹായിക്കാന്‍ സ്വയം സന്നദ്ധരായി വരുന്ന യെമനി പണ്ഡിതരെ പരിഹസിക്കുകയും തലാലിന്റെ ബന്ധുക്കളുടെ ഫേസ്ബുക്ക് പോസ്റ്റില്‍ അറബിയില്‍ കമന്റ് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് വേണ്ടി ആക്ഷന്‍ കൗണ്‍സില്‍ മാപ്പുപറഞ്ഞെന്നും അഡ്വ. സുഭാഷ് ചന്ദ്രന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോമിനെതിരെയും അദ്ദേഹം വിമര്‍ശനമുന്നയിച്ചു. സാമുവല്‍ ജെറോമിന് ക്രെഡിറ്റ് നല്‍കാമെന്നും നിമിഷയെ രക്ഷിക്കാനുളള ശ്രമങ്ങളെ പ്രതിസന്ധിയിലാക്കരുതെന്നും സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. 'സാമുവല്‍ ജെറോമിന് എന്ത് റിസള്‍ട്ട് ഉണ്ടാക്കാന്‍ സാധിച്ചു? സാമുവലിന് 44,000 ഡോളര്‍ നല്‍കി. അത് എന്തിനാണ് ഉപയോഗിച്ചതെന്ന് അറിയിച്ചിട്ടില്ല. ദയവുചെയ്ത് മോചനശ്രമങ്ങളെ പരാജയപ്പെടുത്തരുത്'- സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.
അതേസമയം, ക്രെഡിറ്റ് തര്‍ക്കം ഒഴിവാക്കണമെന്ന് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ചിലരുടെ പ്രവര്‍ത്തനങ്ങള്‍ മോചന ശ്രമങ്ങളെ സങ്കീര്‍ണമാക്കുകയാണെന്നും സൂഫി വര്യന്റെ ഇടപെടല്‍ നിഷേധിക്കുന്ന പ്രതികരണങ്ങള്‍ യെമനില്‍ ചര്‍ച്ചയായെന്നും ആക്ഷന്‍ കൗണ്‍സില്‍ പറഞ്ഞു. 'കാന്തപുരത്തെയും യെമനിലെ ഹബീബ് ഉമറിനെയും അവഹേളിക്കരുത്. സുഖമമായി നടന്നിരുന്ന മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ പ്രയാസം നേരിടുന്നു. നിമിഷയുടെ ജീവന്‍ പണയംവെച്ചുകൊണ്ടുളള ക്രെഡിറ്റ് തര്‍ക്കം ഒഴിവാക്കണം. കാന്തപുരത്തിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കണം. മറ്റെല്ലാ അപസ്വരങ്ങളും ഒഴിവാക്കണം'- നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
Content Highlights: Will give credit to samuel jerome, dont interrupt efforts to save nimishapriya: adv.subash chandran