സുധാകരനെ അവഗണിക്കണം, പ്രകോപനമുണ്ടാക്കരുത്; സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ തീരുമാനം

പ്രകോപനം ഉണ്ടാക്കേണ്ടതില്ലെന്നും സുധാകരൻ മത്സരിച്ചാലും ഭീഷണിയില്ലെന്നും നേതൃത്വം വിലയിരുത്തി

സുധാകരനെ അവഗണിക്കണം, പ്രകോപനമുണ്ടാക്കരുത്; സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ തീരുമാനം
dot image

തിരുവനന്തപുരം: പാർട്ടിയുമായി വഴിപിരിഞ്ഞ ജി സുധാകരനെ അവഗണിക്കാൻ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ധാരണ. പ്രകോപനം ഉണ്ടാക്കേണ്ടതില്ലെന്നും സുധാകരൻ മത്സരിച്ചാലും ഭീഷണിയില്ലെന്നും നേതൃത്വം വിലയിരുത്തി. അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് സുധാകരൻ പ്രഖ്യാപിച്ചതിന് പിന്നാലെ വർ​ഗവഞ്ചകനെന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ വ്യാപകമായി ഒട്ടിച്ചിരുന്നു. സുധാകരന്റെ ജന്മനാടായ ചാരുംമൂട്ടിൽ സിപിഐഎം നേതാക്കളുടെ നേതൃത്വത്തിൽ സുധാകരനെതിരെ പ്രകടനവും നടന്നിരുന്നു. 'കുലംകുത്തി' എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള ബോർഡുകളും ഉയർന്നിരുന്നു. എന്നാൽ ഇനിയും അത്തരത്തിലുള്ള പ്രചരണങ്ങളോ പ്രകടനങ്ങളോ നടത്തേണ്ടതില്ല എന്നാണ് സിപിഐഎമ്മിന്റെ തീരുമാനം.

സിപിഐഎമ്മുമായി ഇടഞ്ഞ ജി സുധാകരൻ കഴിഞ്ഞ ദിവസമാണ് അമ്പലപ്പുഴയിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. താൻ പാർട്ടി അംഗത്വം ഒഴിഞ്ഞെന്നും പാർട്ടി വിട്ടുവെന്നും ജി സുധാകരൻ പറഞ്ഞിരുന്നു. 'കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ ഒന്നും പറയില്ല. ആരെയും വ്യക്തിഹത്യ ചെയ്യില്ല. ആരുടെയും പിന്തുണ വേണ്ട. ഒരു പാർട്ടിയിലും മുന്നണിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ല,' സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതേസമയം യുഡിഎഫ് പിന്തുണയോടെ താൻ മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും അങ്ങനെ പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

എന്നാൽ പ്രഖ്യാപനത്തിന് പിന്നാലെ ഇന്നലെ രാത്രിയിൽ ജി സുധാകരനെതിരെ ജന്മനാട്ടിൽ സിപിഐഎം പ്രകടനം നടത്തിയിരുന്നു. ചാരുമൂട്ടിൽ നിന്നും കരിമുളയ്ക്കൽ ഭുവനേശ്വരൻ രക്തസാക്ഷി മണ്ഡപത്തിലേക്കാണ് പ്രകടനം നടന്നത്. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ രാഘവൻ, ചാരുംമൂട് ഏരിയാ കമ്മിറ്റി സെക്രട്ടറി ബി ബിനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്. നൂറുകണക്കിന് പേർ പ്രകടനത്തിൽ പങ്കെടുത്തിരുന്നു.

ജി സുധാകരനെതിരെ പുന്നപ്രയിലെ വീടിന് മുന്നിലും പ്രതിഷേധ ബാനർ ഉയർന്നിരുന്നു. കുലംകുത്തിയെന്ന് അധിക്ഷേപിച്ചാണ് ബാനർ. 'കുലംകുത്തികളെ കാലം വർഗവഞ്ചകൻ എന്ന് വിളിക്കും' എന്നാണ് ബാനറിലെ വാചകം. ഭഗവതിക്കൽ സഖാക്കൾ എന്ന പേരിലാണ് ബാനർ സ്ഥാപിച്ചിട്ടുള്ളത്. എന്നാൽ സുധാകരനെ അനുകൂലിക്കുന്ന നിരവധി പേരുണ്ടെന്നും അദ്ദേഹത്തിനൊപ്പം പോകാനായി കാത്തുനിൽക്കുന്ന പ്രവർത്തകരുണ്ടെന്നും അമ്പലപ്പുഴ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഷീബ രാകേഷ് പറഞ്ഞിരുന്നു.

Content Highlight; CPIM state secretariat agrees to ignore G Sudhakaran, who has parted ways with the party

dot image
To advertise here,contact us
dot image