
തിരുവനന്തപുരം: ആലുവയിൽ സെക്യൂരിറ്റി ജീവനക്കാരനെ യൂത്ത് കോണ്‍ഗ്രസ് നേതാവ് മർദ്ദിച്ച സംഭവത്തിൽ പ്രതികരിച്ച് തൊഴിൽ, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വാർത്ത അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. അക്രമത്തെ ശക്തമായി അപലപിക്കുന്നുവെന്നും പൊലീസ് നിയമ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ക്രിമിനലുകളെ നിലയ്ക്ക് നിർത്താൻ യൂത്ത് കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.
സെക്യൂരിറ്റി ജീവനക്കാർക്ക് ഇരിപ്പിടവും മറ്റ് സൗകര്യങ്ങളും ഉറപ്പാക്കണം എന്ന് നിർദ്ദേശിച്ച ആദ്യ സംസ്ഥാനമാണ് കേരളം. ഒരോ തൊഴിലാളിയെയും സർക്കാർ ചേർത്തുപിടിക്കുന്നു എന്നതിന്റെ ഉദാഹരണമാണതെന്നും മന്ത്രി പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ കോഡിനേറ്റര്‍ ഇജാസ് ആണ് സെക്യൂരിറ്റി ജീവനക്കാരനായ ബാലകൃഷ്ണനെ ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ ബാലകൃഷ്ണന്റെ പല്ലിളകിയിട്ടുണ്ട്. കണ്ണിനും പരിക്കേറ്റിട്ടുണ്ട്. സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണമായത്. കാര്‍ പാര്‍ക്ക് ചെയ്യേണ്ടിടത് സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്തതിനെ ചോദ്യം ചെയ്തതും മാറ്റാന്‍ ആവശ്യപ്പെട്ടതുമാണ് പ്രകോപന കാരണം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പിന്നാലെ ആലുവ പൊലീസ് ഇജാസിനെതിരെ കേസെടുക്കുകയായിരുന്നു.
Content Highlight : Strongly condemns violence; V Sivankutty on Youth Congress leader's beating of security personnel