നിമിഷപ്രിയയുടെ മോചനത്തിനായുള്ള ഇടപെടല്‍; സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍

മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കമുള്ളവർ കാന്തപുരത്തെ അഭിനന്ദിച്ച് രംഗത്തെത്തി

dot image

കോഴിക്കോട്: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയക്കായുള്ള ഇടപെടലില്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹം. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മന്ത്രി പി എ മുഹമ്മദ് റിയാസ്, കെ രാധാകൃഷ്ണന്‍ എംപി, എംഎല്‍എമാരായ കെ കെ ശൈലജ, രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കം നിരവധി പേരാണ് കാന്തപുരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയായിരുന്നു നേതാക്കളുടെ പ്രതികരണം.

നിമിഷപ്രിയയുടെ ശിക്ഷാ നടപടി നീട്ടിവെച്ചു എന്ന വാര്‍ത്ത ആശ്വാസജനകവും പ്രതീക്ഷാനിര്‍ഭരവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശിക്ഷാവിധിയില്‍ നിന്ന് മുക്തി നേടാനുളള കൂടുതല്‍ സമയമാണ് നിമിഷയ്ക്ക് ലഭിച്ചിരിക്കുന്നതെന്നും ആ തീരുമാനത്തിലേക്ക് നയിച്ചത് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ മുന്‍കൈയും ഇടപെടലും കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിമിഷപ്രിയയുടെ മോചനം കേരളം ആഗ്രഹിക്കുന്നതാണെന്നും അതിന് സാധ്യമായ എല്ലാ വഴിയും തേടണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. വധശിക്ഷ നീട്ടിവച്ചെന്ന വാര്‍ത്ത ആശ്വാസവും പ്രതീക്ഷയുമാണ്. വിഷയത്തില്‍ കാന്തപുരം ഉസ്താദിന്റെ ഇടപെടല്‍ ഫലപ്രാപ്തിയില്‍ എത്തട്ടെയെന്ന് ആശംസിക്കുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.

നിമിഷപ്രിയ വിഷയത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നിലപാട് മാനവികത ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് മന്ത്രി മുഹമ്മദ് റിയാസും പറഞ്ഞു. ഉസ്താതിന്റെയും നിമിഷപ്രിയയ്ക്ക് നീതി ലഭിക്കുന്നതിന് വേണ്ടി പരിശ്രമിക്കുന്ന ആക്ഷന്‍ കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള എല്ലാവരുടെയും പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണ്. നിമിഷപ്രിയയുടെ മോചനത്തിനായി ഇനിയും കൂട്ടായ പരിശ്രമം തുടരാമെന്നും മന്ത്രി പറഞ്ഞു. നിമിഷപ്രിയക്കായി നടത്തിയ ഇടപെടലിന് നന്ദി എന്നായിരുന്നു കെ രാധാകൃഷ്ണന്‍ എംപിയുടെ പ്രതികരണം.

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ച് ചര്‍ച്ചയ്ക്ക് അവസരമൊരുക്കുന്നതിന് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ നടത്തിയ ഇടപെടല്‍ ഉദാത്തമായ മനുഷ്യ സ്‌നേഹത്തിന് മാതൃകയായെന്നായിരുന്നു കെ കെ ശൈലജ പറഞ്ഞത്. മനുഷ്യര്‍ക്ക് സ്‌നേഹവും ദയയും പ്രകടിപ്പിക്കാന്‍ മതവിശ്വാസത്തിന്റെ വേലിക്കെട്ടുകളില്ലെന്ന് തെളിയിച്ച വലിയ മനസിന് നന്ദിയെന്നും കെ കെ ശൈലജ പറഞ്ഞു. ഇന്നത്തെ ദിവസം ഈ ചിരിക്ക് ഒരു മനുഷ്യന്റെ ആയുസിന്റെ വിലയുണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പോസ്റ്റ്. നിമിഷ പ്രിയ എന്നത് ഏറെ നാളായി മലയാളിക്ക് വേദന കലര്‍ന്ന പേരായിരുന്നുവെന്ന് രാഹുല്‍ പറഞ്ഞു. നിമിഷ പ്രിയയുടെ മോചനത്തിന് തുടക്കം മുതല്‍ തന്റെ ജീവിതത്തിന്റെ അവസാന നിമിഷം വരെ പരിശ്രമിച്ച ആളായിരുന്നു ഉമ്മന്‍ചാണ്ടി. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ഇടപെടലിന്റെ ഭാഗമായി നിമിഷ പ്രിയയുടെ ആയുസിന് ഒരു പിടി വള്ളി കിട്ടുമ്പോള്‍ ഏറ്റവും അധികം സന്തോഷിക്കുക ആ മനുഷ്യന്‍ തന്നെ ആകുമായിരിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

Content Highlights- Social media congratulate kanthapuram on his involvement on freeze nimishapriya's execusion

dot image
To advertise here,contact us
dot image