
കോഴിക്കോട്: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. കൊലക്കുറ്റം ചെയ്തവരെ കൊല്ലുകയോ അല്ലെങ്കില്‍ പ്രായശ്ചിത്തം കൊടുത്ത് ഒഴിവാക്കുകയോ ചെയ്യാന്‍ കുടുംബങ്ങള്‍ക്ക് അധികാരമുണ്ടെന്ന് കാന്തപുരം പറഞ്ഞു. ഇസ്‌ലാം മതത്തിലെ നിയമമാണ് അതെന്നും ഇസ്‌ലാം മനുഷ്യത്വത്തിന് പ്രാധാന്യം നല്‍കുന്ന മതമാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുബത്തെ തനിക്ക് അറിയില്ലെന്നും അവിടുത്തെ ഉത്തരവാദിത്തപ്പെട്ട പണ്ഡിതരെ ബന്ധപ്പെട്ട് വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. താന്‍ പറഞ്ഞതനുസരിച്ച് പണ്ഡിതര്‍ ചേര്‍ന്ന് ആലോചനകള്‍ നടത്തുകയായിരുന്നെന്നും കാന്തപുരം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
വധശിക്ഷ നടപ്പാക്കാനുളള ഉത്തരവ് മരവിപ്പിച്ചുളള കോടതിയുടെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചെന്നും കാന്തപുരം വ്യക്തമാക്കി. 'കോടതിയുടെ അറിയിപ്പ് ലഭിച്ചു. ഇനി പ്രാര്‍ത്ഥിക്കാം. വധശിക്ഷ മാറ്റിയതായി അറിയിച്ചു. നാളെ ശിക്ഷ നടപ്പാക്കില്ലെന്ന് അറിയിപ്പ് കിട്ടിയിട്ടുണ്ട്. തുടര്‍ ഇടപെടല്‍ ഉണ്ടാകും. പണ്ഡിതരും ജഡ്ജിമാരും ഇടപെട്ടാണ് തീരുമാനം. ചാണ്ടി ഉമ്മന്‍ എംഎല്‍എ മുഖേന പണം കൊടുക്കാന്‍ പലരും തയ്യാറാണെന്ന് അറിഞ്ഞു. നല്ലൊരു അന്തരീക്ഷമുണ്ടാകട്ടെ'- കാന്തപുരം പറഞ്ഞു.
മനുഷ്യന്‍ എന്ന നിലയ്ക്ക് തന്നെക്കൊണ്ട് ചെയ്യാനാവുന്നത് ചെയ്‌തെന്നും പൊതുവിഷയത്തില്‍ ജാതിയോ മതമോ നോക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തലാലിന്റെ കുടുംബത്തിന്റെ നിലപാട് സംസാരിച്ചവര്‍ക്ക് മാത്രമേ അറിയൂ എന്നും താന്‍ പണ്ഡിതരെയാണ് ബന്ധപ്പെട്ടതെന്നും കാന്തപുരം പറഞ്ഞു. 'ഇന്ത്യന്‍ സര്‍ക്കാരിനെ ഞാന്‍ കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിക്ക് കത്തയച്ചു. ദിയാധനം പറയേണ്ടത് ഞാനല്ല. കഴിഞ്ഞ വെളളിയാഴ്ച്ച മുതല്‍ വിഷയത്തില്‍ ഇടപെടല്‍ തുടങ്ങി. മനുഷ്യത്വപരമായ പ്രവര്‍ത്തനത്തിന് വേണ്ടി വന്നവര്‍ക്കെല്ലാം നന്ദി. മനുഷ്യര്‍ക്കൊപ്പം ആണ് പൊതുവിഷയങ്ങളില്‍ ഉളളത്.'- കാന്തപുരം കൂട്ടിച്ചേര്‍ത്തു.
നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം ശക്തമായി ഇടപെട്ടെന്നും അദ്ദേഹത്തിന് നിമിഷയെ രക്ഷിക്കാന്‍ കഴിയുമെന്ന് ഉറച്ചുവിശ്വസിക്കുന്നുവെന്നും ഭർത്താവ് ടോമി തോമസ് പ്രതികരിച്ചിരുന്നു. ഭാര്യയെ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകും. എല്ലാവരും കഴിവിന്റെ പരമാവധി ചെയ്തു. ഉദ്ദേശിച്ച ഫലം ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. ചാണ്ടി ഉമ്മനും വിഷയത്തില്‍ ഇടപെട്ടിരുന്നുവെന്നും തോമസ് പറഞ്ഞിരുന്നു.
ഇന്ന് ഉച്ചയോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ച് ഉത്തരവ് പുറത്തിറങ്ങിയത്. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലിനെ തുടർന്നാണ് നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള അനൗദ്യോഗിക ചർച്ചകൾക്ക് തുടക്കം കുറിച്ചത്. യെമനിലെ പ്രമുഖ സൂഫി പണ്ഡിതനായ ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദുൽ വിഷയത്തിൽ ഇടപെട്ടതോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള അനൗദ്യോഗിക ചർച്ചകൾ കഴിഞ്ഞ ദിവസം യെമനിൽ ആരംഭിച്ചത്. ഗോത്ര നേതാക്കളും, കൊല്ലപ്പെട്ട തലാലിൻ്റെ ബന്ധുക്കളും, നിയമസമിതി അംഗങ്ങളും, കുടുംബാംഗങ്ങളും ചർച്ചകളിൽ പങ്കാളികളായിരുന്നു.
ഉത്തര യെമനിലെ ഗോത്രവിഭാഗങ്ങൾക്കിടയിൽ വൈകാരികത ആളിക്കത്തിയ വിഷയമായിരുന്നു തലാലിൻ്റെ കൊലപാതകം. ഈ പശ്ചാത്തലത്തിൽ തലാലിൻ്റെ കുടുംബവുമായി സംസാരിക്കാൻ കഴിയാത്ത സാഹചര്യം തന്നെയുണ്ടായിരുന്നു. എന്നാൽ കാന്തപുരത്തിൻ്റെ ഇടപെടലോടെ കുടുംബവുമായി സംസാരിക്കാൻ സാധിച്ചു എന്നതാണ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള നീക്കങ്ങളിൽ നിർണ്ണായകമായത്. കേന്ദ്ര സർക്കാരിന് പോലും ഇടപെടാൻ പരിമിതിയുണ്ടായിരുന്ന വിഷയത്തിലായിരുന്നു കാന്തപുരം ഇടപെട്ട് അനൗദ്യോഗിക ചർച്ചകൾക്കുള്ള സാധ്യത തുറന്നത്. യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദി കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16-ന് നടപ്പാക്കാനിരിക്കുകയായിരുന്നു. 2017 മുതൽ യെമനിലെ ജയിലിൽ കഴിയുകയാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയ.
Content Highlights: Nimishapriya's release: Kanthapuram says he did what he could as a human being