
തിരുവനന്തപുരം: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്ത ആശ്വാസജനകവും പ്രതീക്ഷാനിര്‍ഭരവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശിക്ഷാവിധിയില്‍ നിന്ന് മുക്തി നേടാനുളള കൂടുതല്‍ സമയമാണ് നിമിഷയ്ക്ക് ലഭിച്ചിരിക്കുന്നതെന്നും ആ തീരുമാനത്തിലേക്ക് നയിച്ചത് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ മുന്‍കൈയും ഇടപെടലും കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'മനുഷ്യത്വവും സാഹോദര്യവും തുളുമ്പുളള സുമനസുകളുടെ അക്ഷീണപ്രയത്‌നത്തിന്റെ ഫലമാണ് ഈ തീരുമാനം. കാന്തപുരത്തെയും നിമിഷപ്രിയ്ക്ക് നീതി ലഭിക്കുന്നതിന് വേണ്ടി പരിശ്രമിക്കുന്ന ആക്ഷന്‍ കൗണ്‍സില്‍ ഉള്‍പ്പെടെയുളള എല്ലാവരെയും അഭിനന്ദിക്കുന്നു. എല്ലാവരുടെയും പ്രതീക്ഷയും ശ്രമങ്ങളും എത്രയും വേഗം പൂര്‍ണവിജയത്തില്‍ എത്തട്ടെ എന്ന് ആഗ്രഹിക്കുന്നു'- മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് ഉച്ചയോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ച് ഉത്തരവ് പുറത്തിറങ്ങിയത്. സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടല്‍ നടത്തുന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് ആക്ഷന്‍ കൗണ്‍സില്‍ നന്ദി അറിയിക്കുകയും ചെയ്തിരുന്നു. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലിനെ തുടർന്നാണ് നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള അനൗദ്യോഗിക ചർച്ചകൾക്ക് തുടക്കം കുറിച്ചത്.
യെമനിലെ പ്രമുഖ സൂഫി പണ്ഡിതനായ ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദുൽ വിഷയത്തിൽ ഇടപെട്ടതോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള അനൗദ്യോഗിക ചർച്ചകൾ കഴിഞ്ഞ ദിവസം യെമനിൽ ആരംഭിച്ചത്. ഗോത്ര നേതാക്കളും, കൊല്ലപ്പെട്ട തലാലിൻ്റെ ബന്ധുക്കളും, നിയമസമിതി അംഗങ്ങളും, കുടുംബാംഗങ്ങളും ചർച്ചകളിൽ പങ്കെടുത്തിരുന്നു.
ഉത്തര യെമനിലെ ഗോത്രവിഭാഗങ്ങൾക്കിടയിൽ വൈകാരികത ആളിക്കത്തിയ വിഷയമായിരുന്നു തലാലിൻ്റെ കൊലപാതകം. ഈ പശ്ചാത്തലത്തിൽ തലാലിൻ്റെ കുടുംബവുമായി സംസാരിക്കാൻ കഴിയാത്ത സാഹചര്യം തന്നെയുണ്ടായിരുന്നു. എന്നാൽ കാന്തപുരത്തിൻ്റെ ഇടപെടലോടെ കുടുംബവുമായി സംസാരിക്കാൻ സാധിച്ചു എന്നതാണ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള നീക്കങ്ങളിൽ നിർണ്ണായകമായത്. കേന്ദ്ര സർക്കാരിന് പോലും ഇടപെടാൻ പരിമിതിയുണ്ടായിരുന്ന വിഷയത്തിലായിരുന്നു കാന്തപുരം ഇടപെട്ട് അനൗദ്യോഗിക ചർച്ചകൾക്കുള്ള സാധ്യത തുറന്നത്.
Content Highlights: CM Pinarayi Vijayan about Nimishapriya Release and AP Aboobackr Musliyar intervention