കാന്തപുരം ശക്തമായി ഇടപെട്ടു; മുന്നോട്ടുപോകാനുള്ള ഊര്‍ജം കിട്ടി; പ്രതികരിച്ച് നിമിഷപ്രിയയുടെ ഭര്‍ത്താവ്

'എല്ലാവരും കഴിവിന്റെ പരമാവധി ചെയ്തു. ഉദ്ദേശിച്ച ഫലം ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ'

dot image

തിരുവനന്തപുരം: നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് മരവിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി ഭര്‍ത്താവ് ടോമി തോമസ്. വാര്‍ത്ത ആശ്വാസകരമാണെന്നും മുന്നോട്ടുനീങ്ങാനുളള ഊര്‍ജം കിട്ടിയെന്നും ടോമി തോമസ് പറഞ്ഞു. കാന്തപുരത്തിന് നിമിഷയെ രക്ഷിക്കാന്‍ കഴിയുമെന്ന് ഉറച്ചുവിശ്വസിക്കുന്നുവെന്നും അദ്ദേഹം വിഷയത്തില്‍ ശക്തമായി ഇടപെട്ടെന്നും ടോമി പറഞ്ഞു. 'ഭാര്യയെ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകും. എല്ലാവരും കഴിവിന്റെ പരമാവധി ചെയ്തു. ഉദ്ദേശിച്ച ഫലം ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. ചാണ്ടി ഉമ്മനും വിഷയത്തില്‍ ഇടപെട്ടിരുന്നു'- ടോമി തോമസ് പറഞ്ഞു.

മകളെ രക്ഷിക്കാന്‍ എല്ലാവരും കൈകോര്‍ത്തെന്നും ഈ ജീവിതം പോര അവര്‍ക്ക് നന്ദി പറയാനെന്നും നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി പറഞ്ഞു. സന്തോഷം കൊണ്ട് താന്‍ കരഞ്ഞുപോയെന്നും ദൈവം കൈവിടില്ലെന്ന് ഉറച്ചുവിശ്വസിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.

ഇന്ന് ഉച്ചയോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ച് ഉത്തരവ് പുറത്തിറങ്ങിയത്. സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടല്‍ നടത്തുന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് ആക്ഷന്‍ കൗണ്‍സില്‍ നന്ദി അറിയിക്കുകയും ചെയ്തു.

കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലിനെ തുടർന്നാണ് നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള അനൗദ്യോ​ഗിക ചർച്ചകൾക്ക് തുടക്കം കുറിച്ചത്. യെമനിലെ പ്രമുഖ സൂഫി​ പണ്ഡിതനായ ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദുൽ വിഷയത്തിൽ ഇടപെട്ടതോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള അനൗദ്യോ​ഗിക ചർച്ചകൾ കഴിഞ്ഞ ദിവസം യെമനിൽ ആരംഭിച്ചത്. ഗോത്ര നേതാക്കളും, കൊല്ലപ്പെട്ട തലാലിൻ്റെ ബന്ധുക്കളും, നിയമസമിതി അം​ഗങ്ങളും, കുടുംബാം​ഗങ്ങളും ചർച്ചകളിൽ പങ്കാളികളായിരുന്നു. ഹബീബ് അബ്ദുൽ റഹ്മാൻ മഹ്ഷൂസിൻ്റെ നേതൃത്വത്തിലുള്ള ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദുല്ലിൻ്റെ ഉന്നതതല സംഘം തലാലിൻ്റെ ജന്മനാടായ ഉത്തര യെമനിലെ ദമാറിലാണ് ചർച്ചകൾ നടത്തിയത്.

ഉത്തര യെമനിലെ ​ഗോത്രവിഭാ​ഗങ്ങൾക്കിടയിൽ വൈകാരികത ആളിക്കത്തിയ വിഷയമായിരുന്നു തലാലിൻ്റെ കൊലപാതകം. ഈ പശ്ചാത്തലത്തിൽ തലാലിൻ്റെ കുടുംബവുമായി സംസാരിക്കാൻ കഴിയാത്ത സാഹചര്യം തന്നെയുണ്ടായിരുന്നു. എന്നാൽ കാന്തപുരത്തിൻ്റെ ഇടപെടലോടെ കുടുംബവുമായി സംസാരിക്കാൻ സാധിച്ചു എന്നതാണ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള നീക്കങ്ങളിൽ നിർണ്ണായകമായത്. കേന്ദ്ര സർക്കാരിന് പോലും ഇടപെടാൻ പരിമിതിയുണ്ടായിരുന്ന വിഷയത്തിലായിരുന്നു കാന്തപുരം ഇടപെട്ട് അനൗദ്യോ​ഗിക ചർച്ചകൾക്കുള്ള സാധ്യത തുറന്നത്.

Content Highlights:Nimishapriya's husband about ap abubackar musliyar intervention in her release

dot image
To advertise here,contact us
dot image