
ന്യൂഡല്‍ഹി: നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ അംഗവും സുപ്രീംകോടതി അഭിഭാഷകനുമായ അഡ്വ. സുഭാഷ് ചന്ദ്രന്‍. നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചത് കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി ചര്‍ച്ച നടത്താന്‍ കൂടുതല്‍ സമയം ലഭ്യമാക്കിയെന്നും ആശ്വാസകരമായ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ മാറിയിട്ടുണ്ടെന്നും സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. തലാലിന്റെ കുടുംബത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സാധിക്കുമെന്ന വിശ്വാസം നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിനുണ്ടെന്നും നിരുപാധികം മാപ്പുപറഞ്ഞുകൊണ്ട് അവര്‍ ആവശ്യപ്പെടുന്ന ദയാധനം നല്‍കിക്കൊണ്ട് നിമിഷയുടെ ജീവന്‍ രക്ഷിക്കുക എന്നതാണ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന്റെ സ്ട്രാറ്റജിയെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അഡ്വ. സുഭാഷ് ചന്ദ്രന്റെ പ്രതികരണം.
'അബൂബക്കര്‍ മുസ്‌ലിയാരുടെ ഓഫീസുമായി സംസാരിച്ചു. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിരിക്കുകയാണ്. കുടുംബവുമായി ചര്‍ച്ച നടത്താന്‍ കൂടുതല്‍ സമയം ലഭിച്ചിരിക്കുകയാണ്. ആശ്വാസകരമായ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ മാറിയിട്ടുണ്ട്. കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സാധിക്കുമെന്ന വിശ്വാസം നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിനുണ്ട്. മര്‍ക്കസുള്‍പ്പെടെയുളള സംഘടനകളും വ്യക്തികളും ഒരുപരിധിവരെ സര്‍ക്കാരും ഞങ്ങള്‍ക്കൊപ്പം നിന്നിട്ടുണ്ട്. മാധ്യമങ്ങളുള്‍പ്പെടെ ഒരു സമ്മര്‍ദശക്തിയായി വന്നിട്ടുണ്ട്. പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി. ഇതുവരെയുണ്ടായിരുന്ന സാഹചര്യം ആ കുടുംബത്തെ നേരിട്ട് ബന്ധപ്പെടാന്‍ സാധിച്ചില്ല എന്നതായിരുന്നു. ആ ഗോത്രത്തിന്റെ സമ്മര്‍ദമായിരുന്നു പ്രധാന വെല്ലുവിളി. ഗോത്രസമ്മര്‍ദങ്ങളെ മറികടന്നുകൊണ്ട് ചര്‍ച്ചയ്ക്ക് വരാന്‍ കുടുംബം തയാറായിരുന്നില്ല. പക്ഷെ കാന്തപുരത്തിന്റെ ഇടപെടലിലൂടെ യെമനിലെ പ്രധാനപ്പെട്ട രാഷ്ട്രീയ-മതനേതാക്കളെ ഒരുമിച്ചിരുത്താന്‍ സാധിക്കുകയും അവര്‍ക്ക് കുടുംബത്തെ വിളിച്ച് ഒരു തീരുമാനത്തിലെത്തിക്കാന്‍ സാധിക്കുകയും ചെയ്തു. കാന്തപുരത്തിന്റെ കൂടെ നേതൃത്വത്തിലായിരിക്കും ഇനിയുളള ചര്‍ച്ചകള്‍ പുരോഗമിക്കുക.'- അഡ്വ. സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.
വധശിക്ഷ മരവിപ്പിക്കുക എന്നത് സാങ്കേതികമായ ഒരു നടപടിക്രമം മാത്രമാണെന്നും മോചനത്തിന്റെ കാര്യത്തിലും വധശിക്ഷ ഒഴിവാക്കുന്ന കാര്യത്തിലും അന്തിമ തീരുമാനമെടുക്കേണ്ടത് ആ കുടുംബമാണെന്നും അദ്ദേഹം വ്യക്തമാക്കി. ശരിയത്ത് നിയമപ്രകാരം ഇപ്പോഴും കുടുംബത്തിന് തീരുമാനമെടുക്കാന്‍ അവകാശമുണ്ട്. ദയാധനം സ്വീകരിച്ചുകൊണ്ട് നിമിഷയുടെ ജീവന്‍ രക്ഷിക്കാനുളള തീരുമാനമെടുക്കുമെന്ന ശുഭപ്രതീക്ഷയാണ് ഞങ്ങള്‍ക്കുളളത്. നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ ശുഭാപ്തി വിശ്വാസത്തിലാണ്. ഒരു മനുഷ്യ ജീവന്‍ രക്ഷിക്കാനായി ഞങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിഫലമാകില്ല എന്ന ഉത്തമബോധ്യം ഞങ്ങള്‍ക്കുണ്ട്. യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ ഒരു കൂട്ടം ആളുകള്‍ കൂട്ടായി നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയുള്‍പ്പെടെയുളള മാധ്യമങ്ങള്‍ നല്‍കിയ പിന്തുണയെയും ഞങ്ങള്‍ ഓര്‍ക്കുകയാണ്. ഇത് നിര്‍ണായകമായ ഘട്ടമാണ്. ഇനിയും നമുക്ക് തുടരേണ്ടതുണ്ട്. ഇതിനെ പൂര്‍ണതയിലേക്ക് എത്തിക്കേണ്ടത് നമ്മളെല്ലാവരും ഒരുമിച്ചാണ്.'- അദ്ദേഹം പറഞ്ഞു.
ഒന്നര വര്‍ഷത്തോളം കേസ് നടത്തിയിട്ടാണ് നിമിഷപ്രിയയുടെ അമ്മയെ യെമനിലേക്ക് അയക്കാനായതെന്നും ആ അമ്മയുടെ കണ്ണീരിനുളള ആശ്വാസം വരുംദിവസങ്ങളില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ ജയിലില്‍ കഴിയുന്ന നിരവധി ഇന്ത്യക്കാരുണ്ടെന്നും റഹീമിനെയും നിമിഷയെയും സഹായിച്ചതുപോലെ അവരെയും രക്ഷിക്കാന്‍ കേരളീയ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ന് ഉച്ചയോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ച് ഉത്തരവ് പുറത്തിറങ്ങിയത്. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലിനെ തുടർന്നാണ് നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള അനൗദ്യോഗിക ചർച്ചകൾക്ക് തുടക്കം കുറിച്ചത്. യെമനിലെ പ്രമുഖ സൂഫി പണ്ഡിതനായ ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദുൽ വിഷയത്തിൽ ഇടപെട്ടതോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള അനൗദ്യോഗിക ചർച്ചകൾ കഴിഞ്ഞ ദിവസം യെമനിൽ ആരംഭിച്ചത്. ഗോത്ര നേതാക്കളും, കൊല്ലപ്പെട്ട തലാലിൻ്റെ ബന്ധുക്കളും, നിയമസമിതി അംഗങ്ങളും, കുടുംബാംഗങ്ങളും ചർച്ചകളിൽ പങ്കെടുത്തിരുന്നു.
Content Highlights: Adv Subash Chandran about Nimishapriya release from yemen jail