വി ഡി സതീശനെ നയിക്കുന്നത് മുഖ്യമന്ത്രി കസേര എന്ന മലർപ്പൊടിക്കാരന്റെ പകൽസ്വപ്‌നവും ഇടതുവിരുദ്ധതയും:ആദർശ് എം സജി

എസ്എഫ്‌ഐയുടെ പ്രതിരോധത്തെ ഗുണ്ടായിസമായാണ് വി ഡി സതീശന് തോന്നുന്നതെങ്കില്‍ അദ്ദേഹം പൂര്‍ണ്ണമായി ഒരു സംഘപരിവാറുകാരനായി പരിണമിച്ചിരിക്കുന്നുവെന്നും ആദര്‍ശ് എം സജി

dot image

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദര്‍ശ് എം സജി. പ്രതിപക്ഷ നേതാവായി വി ഡി സതീശന്‍ അവരോധിക്കപ്പെട്ടത് മുതല്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ അധഃപതനത്തിന്റെ ഗതിവേഗം വര്‍ധിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ക്കായി എന്തും ചെയ്യും എന്ന മനോനിലയിലേക്ക് അദ്ദേഹം മാറിയിരിക്കുന്നുവെന്നും ആദര്‍ശ് എം സജി ഫേസ്ബുക്കില്‍ കുറിച്ചു.

'വി ഡി സതീശനാണോ, വി ഡി സവര്‍ക്കറാണോ പ്രതിപക്ഷനേതാവ് എന്ന സംശയം ജനങ്ങള്‍ക്ക് തോന്നിത്തുടങ്ങിയിട്ടും കുറച്ച് നാളുകളായി. അദ്ദേഹത്തിനെ ഇന്ന് നയിക്കുന്നത് ഇടതുപക്ഷ വിരുദ്ധതയും, മുഖ്യമന്ത്രി കസേര എന്ന മലര്‍പൊടിക്കാരന്റെ പകല്‍സ്വപ്നവും മാത്രമാണ്.
കേരളം ഇന്നുവരെ ആര്‍ജിച്ചെടുത്ത പുരോഗമന -മതനിരപേക്ഷ കാഴ്ചപ്പാടുകളെ ഈ അധികാര ഭ്രമത്തിന്റെ ഭാഗമായി അദ്ദേഹം ഒറ്റുകൊടുത്തു കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തെ ഇന്ന് താങ്ങിനിര്‍ത്തുന്നത് മതവര്‍ഗ്ഗീയ ശക്തികളാണ്', ആദര്‍ശ് എം സജി പറഞ്ഞു.

അദ്ദേഹത്തിന്റെ ഒരു കൈയ്യില്‍ സംഘപരിവാറും, മറ്റൊരു കൈയില്‍ ജമാഅത്തെ ഇസ്‌ലാമിയുമാണെന്നും ആദര്‍ശ് കുറ്റപ്പെടുത്തി. ആര്‍എസ്എസ് 'ഭാരതാംബ' എന്ന് വിളിക്കുന്ന കാവിക്കൊടിപ്പിടിച്ച സ്ത്രീയുടെയും, ആര്‍എസ്എസ് ആചാര്യന്‍ ഗോള്‍വാള്‍ക്കറുടെയും ചിത്രങ്ങള്‍ക്ക് മുന്നില്‍ കുമ്പിട്ടു പൂജിച്ച വ്യക്തിയാണ് വി ഡി സതീശനെന്നും അദ്ദേഹം പറഞ്ഞു.

അതുകൊണ്ടുതന്നെയാണ് രാജ്യത്തിന് തന്നെ മാതൃകയായി മാറിയ കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയെ കാവിവല്‍ക്കരിക്കാനും, സംഘപരിവാറിന്റെ ചൊല്‍പ്പടിയില്‍ നിര്‍ത്താനും ശ്രമിക്കുന്ന ഗവര്‍ണ്ണര്‍ക്കെതിരെ ഒരു വാക്ക് പോലും ഉരിയാടാതെ നില്‍ക്കുന്നതും, ഈ സംഘപരിവാര്‍വല്‍ക്കരണത്തെ പ്രതിരോധിക്കുന്ന എസ്എഫ്‌ഐക്കാരെ ഗുണ്ടകള്‍ എന്ന് വിളിക്കാന്‍ പാകത്തിലേക്ക് അദ്ദേഹത്തിന്റെ മനോനില മാറിയതെന്നും ആദര്‍ശ് പറഞ്ഞു. എസ്എഫ്‌ഐയുടെ പ്രതിരോധത്തെ ഗുണ്ടായിസമായാണ് വി ഡി സതീശന് തോന്നുന്നതെങ്കില്‍ അദ്ദേഹം പൂര്‍ണ്ണമായി ഒരു സംഘപരിവാറുകാരനായി പരിണമിച്ചിരിക്കുന്നുവെന്നും ആദര്‍ശ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഭരണഘടനാ പദവിയുടെ അന്തസത്തയ്ക്ക് നിരക്കാത്തവിധത്തില്‍ ഈ നാട്ടിലെ സകലകാര്യങ്ങളിലും ഇടപെട്ട് ഇവിടുത്തെ വിദ്യാഭ്യാസരംഗവും ഭരണനിര്‍വ്വഹണവും കുളമാക്കുക എന്നതാണ് രാജ്ഭവനില്‍ താമസിക്കുന്ന ആര്‍എസ്എസുകാരന്‍ രാജേന്ദ്ര അര്‍ലേക്കര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന അജണ്ട. സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്ത ഒന്നാം റാങ്കുകാരും കലാപ്രതിഭകളുമടങ്ങുന്ന വിദ്യാര്‍ത്ഥി പ്രതിനിധികളെ ഒഴിവാക്കി ആര്‍എസ്എസിന്റെ കാര്യാലയത്തില്‍ നിന്നുള്ള പട്ടികയിലുള്ള സംഘിക്കുഞ്ഞുങ്ങളെ സെനറ്റില്‍ കയറ്റിയ ആരിഫ് മുഹമ്മദ് ഖാന്‍ നമ്മുടെ സര്‍വകലാശാലകളിലെ വി സി തസ്തികകളിലടക്കം മോഹനന്‍ കുന്നുമ്മലിനെപ്പോലെയുള്ള യോഗ്യതയില്ലാത്ത സംഘപരിവാര്‍ അനുകൂലികളെ നിയമിക്കുകയും ചെയ്തിരുന്നു. ഇതിന് കുടപിടിച്ച് കൊടുത്തത് 'സേവ് യൂണിവേഴ്‌സിറ്റി ഫോറം' എന്ന ഉടായിപ്പ് സംവിധാനത്തിന്റെ നേതാവായ ആര്‍ എസ് ശശികുമാറും , എസ്‌യുസിഐ നേതാവ് ഷാജര്‍ഖാനും ഉള്‍പ്പടെ ഉള്ളവരാണ്. കോണ്‍ഗ്രസുകാരനായ ശശികുമാറും ആര്‍എസ്എസും തമ്മിലുള്ള ഈ അന്തര്‍ധാര കേവലമായ ഒരു വ്യക്തിയുടേത് മാത്രമല്ല.

ശാഖക്ക് കാവല്‍ നിന്നതിന്റെ ഓര്‍മകളില്‍ ജീവിക്കുന്ന കെ സുധാകരനും, ആര്‍എസ്എസുകാരുടെ ഗുരുജിയായ ഗോള്‍വാള്‍ക്കറിന് മുന്നില്‍ കുമ്പിട്ടു നിന്ന വി ഡി സതീശനും ഏത് നിമിഷവും താമര കുമ്പിളിനുള്ളിലെ മൂലപ്രതിഷ്ഠയില്‍ വിലയം പ്രാപിക്കാനൊരുങ്ങുന്ന ശശി തരൂരും നേതൃത്വം നല്‍കുന്ന കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്ന് മതനിരപേക്ഷതയുടെ മുദ്രാവാക്യം എന്നേ നഷ്ടപ്പെട്ടിരിക്കുന്നു.

പ്രതിപക്ഷ നേതാവായി വി ഡി സതീശന്‍ അവരോധിക്കപ്പെട്ടതു മുതല്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ അധഃപതനത്തിന്റെ ഗതിവേഗം വര്‍ധിച്ചിരിക്കുകയാണ്. അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ക്കായി എന്തും ചെയ്യും എന്ന മനോനിലയിലേക്ക് അദ്ദേഹം മാറിയിരിക്കുന്നു. വി ഡി സതീശനാണോ, വി ഡി സവര്‍ക്കറാണോ പ്രതിപക്ഷനേതാവ് എന്ന സംശയം ജനങ്ങള്‍ക്ക് തോന്നിത്തുടങ്ങിയിട്ടും കുറച്ച് നാളുകളായി.


അദ്ദേഹത്തിനെ ഇന്ന് നയിക്കുന്നത് ഇടതുപക്ഷ വിരുദ്ധതയും, മുഖ്യമന്ത്രി കസേര എന്ന മലര്‍പൊടിക്കാരന്റെ പകല്‍സ്വപ്നവും മാത്രമാണ്. കേരളം ഇന്നുവരെ ആര്‍ജിച്ചെടുത്ത പുരോഗമന - മതനിരപേക്ഷ കാഴ്ചപാടുകളെ ഈ അധികാര ഭ്രമത്തിന്റെ ഭാഗമായി അദ്ദേഹം ഒറ്റുകൊടുത്തു കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തെ ഇന്ന് താങ്ങിനിര്‍ത്തുന്നത് മതവര്‍ഗ്ഗീയ ശക്തികളാണ്.

അദ്ദേഹത്തിന്റെ ഒരു കൈയ്യില്‍ സംഘപരിവാറും, മറ്റൊരു കൈയില്‍ ജമാഅത്തെ ഇസ്‌ലാമിയുമാണ്. രണ്ടും മതരാഷ്ട്രവാദം ഉയര്‍ത്തി രാജ്യത്ത് മതരാഷ്ട്രം സ്ഥാപിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നവര്‍.

ഗോവയില്‍ നിന്ന് ഗവര്‍ണ്ണറായി രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ വരുന്നതിനും വളരെ മുന്‍പ് തന്നെ ആര്‍എസ്എസ് 'ഭാരതാംബ' എന്ന് വിളിക്കുന്ന ആ കാവിക്കൊടിപിടിച്ച സ്ത്രീയുടെയും, ആര്‍എസ്എസ് ആചാര്യന്‍ ഗോള്‍വാള്‍ക്കറുടെയും ചിത്രങ്ങള്‍ക്ക് മുന്നില്‍ കുമ്പിട്ടു പൂജിച്ച വ്യക്തിയാണ് അദ്ദേഹം. അതുകൊണ്ടുതന്നെയാണ് രാജ്യത്തിന് തന്നെ മാതൃകയായി മാറിയ കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയെ കാവിവല്‍ക്കരിക്കാനും, സംഘപരിവാറിന്റെ ചൊല്‍പ്പടിയില്‍ നിര്‍ത്താനും ശ്രമിക്കുന്ന ഗവര്‍ണ്ണര്‍ക്കെതിരെ ഒരു വാക്ക് പോലും ഉരിയാടാതെ നില്‍ക്കുന്നതും, ഈ സംഘപരിവാര്‍വല്‍ക്കരണത്തെ പ്രതിരോധിക്കുന്ന എസ്എഫ്‌ഐക്കാരെ ഗുണ്ടകള്‍ എന്ന് വിളിക്കാന്‍ പാകത്തിലേക്ക് അദ്ദേഹത്തിന്റെ മനോനില മാറിയതും.

രാജ്യത്തും, കേരളത്തിലും വിദ്യാഭ്യാസ മേഖലയിലെ കാവിവല്‍ക്കരണത്തെയും, കച്ചവടവല്‍ക്കരണത്തെയും, കേന്ദ്രീകരണത്തെയും ശക്തമായി പ്രതിരോധിക്കുന്ന സംഘടനയാണ് എസ്എഫ്‌ഐ. ഈ പ്രതിരോധത്തെ ഗുണ്ടായിസമായാണ് താങ്കള്‍ക്ക് തോന്നുന്നതെങ്കില്‍ താങ്കള്‍ പൂര്‍ണ്ണമായി ഒരു സംഘപരിവാറുകാരനായി പരിണമിച്ചിരിക്കുന്നു. അതുകൊണ്ട് താങ്കളെപ്പോലുള്ള ഒരു സംഘപരിവാറുകാരന്റെ ജല്‍പ്പനങ്ങള്‍ ഞങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയുകയാണ്. കേരളത്തിന്റെ മതനിരപേക്ഷ വിദ്യാഭ്യാസത്തെ സംരക്ഷിക്കാന്‍ ജീവന്‍ കൊടുത്തും ഈ വിദ്യാര്‍ത്ഥി സംഘടന മുന്നില്‍ കാണും.

Content Highlights: SFI All India President Adarsh M Saji against V D Satheesan

dot image
To advertise here,contact us
dot image