'യൂത്ത്കോൺഗ്രസ്സ് പിണറായി സർക്കാരിനെതിരെ തെരുവിലെ പോരാട്ടത്തിലാണ്;കണ്ണുള്ളവർ കാണട്ടെ,കാതുള്ളവര്‍ കേൾക്കട്ടെ'

പി ജെ കുര്യന്‍ സര്‍ എന്നായിരുന്നു ഫോണ്‍ നമ്പര്‍ സേവ് ചെയ്തിരുന്നതെന്നും എന്നാല്‍ ഇനി ആ സാര്‍ വിളി അര്‍ഹിക്കുന്നില്ലെന്നും യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജിതിന്‍ ജി നൈനാന്‍

dot image

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യനെതിരെ വീണ്ടും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റിനെ വല്ലപ്പോഴും ടി വിയിലൊക്കെ കാണാമെന്നും എന്തുകൊണ്ട് വല്ലപ്പോഴും ഓരോ മണ്ഡലത്തിലും പോയി ചെറുപ്പക്കാരെ വിളിച്ച് കൂട്ടുന്നില്ല എന്നുമുള്ള പി ജെ കുര്യന്റെ ചോദ്യങ്ങള്‍ക്കാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കിലൂടെ മറുപടി നല്‍കിയിരിക്കുന്നത്.

'പത്തനംതിട്ട ജില്ലാ യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റിനെ പിന്നെയും ടിവിയില്‍ കാണിച്ചു. കരുതല്‍ തടങ്കലിലാക്കി പൊലീസ്. കരുതല്‍ അല്ല കരുതല്‍ തടങ്കല്‍…വീണ ജോര്‍ജ്ജ് മണ്ഡലത്തില്‍ വരുന്നുണ്ടത്രേ! അപ്പോള്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍ വേണമത്രേ. യൂത്ത് കോണ്‍ഗ്രസ്സ് കഴിഞ്ഞ ഒമ്പതര വര്‍ഷമായി തുടര്‍ച്ചയായി പിണറായി സര്‍ക്കാരിനെതിരേ തെരുവിലെ പോരാട്ടത്തിലാണ്..കണ്ണുള്ളവര്‍ കാണട്ടെ..കാതുള്ളവര്‍ കേള്‍ക്കട്ടെ…', എന്നായിരുന്നു പി ജെ കുര്യന്റെ പേര് എടുത്ത് പറയാതെയുള്ള വിമര്‍ശനം.

പി ജെ കുര്യനെതിര യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി ജിതിന്‍ ജി നൈനാനും രംഗത്തെത്തി. പി ജെ കുര്യന്‍ സര്‍ എന്നായിരുന്നു ഫോണ്‍ നമ്പര്‍ സേവ് ചെയ്തിരുന്നതെന്നും എന്നാല്‍ ഇനി ആ സാര്‍ വിളി അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കോണ്‍ഗ്രസ് നേതാവെന്ന നിലയില്‍ ബഹുമാനം കൊടുത്തിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'കോണ്‍ഗ്രസ് പ്രതിസന്ധിയില്‍ കടന്നുപോകുമ്പോഴും കൂടുതല്‍ കരുത്തായി കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലം കേരളത്തില്‍ ശക്തമായ സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി. ക്രൂരമായ മര്‍ദ്ദനങ്ങള്‍ നേരിടേണ്ടി വന്ന കൊടിയ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നോക്കി അങ്ങ് പറഞ്ഞ ഈ വാക്കുകള്‍ ഞങ്ങള്‍ക്ക് ഒട്ടും അംഗീകരിക്കാന്‍ കഴിയുന്നതല്ല…പ്രത്യേകിച്ച് ഞാന്‍ ഉള്‍പ്പെടെ ഉള്ള പ്രവര്‍ത്തകരെ വീട് കേറി അറസ്റ്റ് ചെയ്ത് ജയില്‍ അടച്ചതിനുശേഷം ജയില്‍ മോചിതരായി ഇറങ്ങിയ ഞങ്ങളെ സ്വീകരിക്കുന്ന പത്തനംതിട്ട ജില്ലയില്‍ നടന്ന കോണ്‍ഗ്രസിന്റെ സമരസംഗമം എന്ന പരിപാടിയുടെ അതേ വേദിയില്‍ നിന്നുകൊണ്ട് അങ്ങനെ സംസാരിക്കുന്നത് ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്നതല്ല', ജിതിന്‍ പറഞ്ഞു.

പൊലീസിന്റെ ഒരു പിടിച്ചു മാറ്റലില്ലെങ്കിലും അങ്ങയുടെ യൂത്ത് കോണ്‍ഗ്രസ് പ്രായത്തില്‍ അങ്ങ് ഉള്‍പ്പെട്ടിട്ടുണ്ടായിരുന്നു എങ്കില്‍… അങ്ങ് പറഞ്ഞത് കുറച്ചെങ്കിലും ദഹിക്കുമായിരുന്നുവെന്നും ജിതിന്‍ കൂട്ടിച്ചേര്‍ത്തു. 'ഈ പ്രതിസന്ധിഘട്ടത്തില്‍ കൂടുതല്‍ വീര്യത്തോടെ പോരാടുന്ന യൂത്ത് കോണ്‍ഗ്രസിനെ നോക്കി അങ്ങ് വീണ്ടും പരിഹസിച്ചേക്കാം…..അധികാരത്തിന്റെ 36 വര്‍ഷങ്ങള്‍ അങ്ങയ്ക്ക് നല്‍കിയ കോണ്‍ഗ്രസ്സിന്റെ യുവത്വമാണ് ഈ പറയുന്നത്', ജിതിന്‍ പറഞ്ഞു.

കോണ്‍ഗ്രസ് പത്തനംതിട്ടയില്‍ സംഘടിപ്പിച്ച സമരസംഗമം പരിപാടിയിലാണ് യൂത്ത് കോണ്‍ഗ്രസിനെ വിമര്‍ശിച്ചും എസ്എഫ്‌ഐയെ പ്രശംസിച്ചും പി ജെ കുര്യന്‍ സംസാരിച്ചത്. ഒരു മണ്ഡലത്തില്‍ 25 പേരെയെങ്കിലും കൂടെ കൂട്ടാന്‍ യൂത്ത് കോണ്‍ഗ്രസിന് കഴിയണ്ടേ എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിനോടുള്ള കുര്യന്റെ ചോദ്യം. ക്ഷുഭിത യൗവ്വനത്തെ എസ്എഫ്‌ഐ കൂടെ നിര്‍ത്തുന്നുവെന്ന് സര്‍വ്വകലാശാല സമരം ചൂണ്ടിക്കാണിച്ച് പി ജെ കുര്യന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ വേദിയിലിരുത്തി ഓര്‍മ്മിപ്പിക്കുകയും ചെയ്തിരുന്നു.

പിന്നീട് പ്രസംഗിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ പി ജെ കുര്യന്റെ വിമര്‍ശനത്തിന് വേദിയില്‍ തന്നെ മറുപടിയും നല്‍കിയിരുന്നു. പത്തനംതിട്ട ജില്ലയില്‍ അടക്കം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീണാ ജോര്‍ജിനെതിരെ നടത്തുന്ന സമരങ്ങളും അതിന്റെ പേരില്‍ നേരിടേണ്ടി വരുന്ന കേസുകളും ചൂണ്ടിക്കാണിച്ചായിരുന്നു പി ജെ കുര്യനുള്ള രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മറുപടി.

Content Highlights: Rahul Mamkoottathil against P J Kurien

dot image
To advertise here,contact us
dot image