'ഇങ്ങേയറ്റത്ത് ഇങ്ങനെ ഒരു സംസ്ഥാനം ഉണ്ടെന്നുപോലും കേന്ദ്രത്തിന് അറിയാത്ത അവസ്ഥ'; ബജറ്റിനെതിരെ കെ മുരളീധരൻ

കേരളത്തിൽ നിന്നുള്ള രണ്ട് കേന്ദ്രമന്ത്രിമാർ ഇനി ഇവിടെ വന്ന് വാചക കസർത്ത് നടത്തരുതെന്നും കെ മുരളീധരൻ

'ഇങ്ങേയറ്റത്ത് ഇങ്ങനെ ഒരു സംസ്ഥാനം ഉണ്ടെന്നുപോലും കേന്ദ്രത്തിന് അറിയാത്ത അവസ്ഥ'; ബജറ്റിനെതിരെ കെ മുരളീധരൻ
dot image

തിരുവനന്തപുരം: കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ബജറ്റിൽ കേരളത്തെ തീർത്തും അവഗണിച്ചുവെന്നും കേരളത്തിലെ ജനങ്ങളോട് ബിജെപി എംപിമാർ മാപ്പ് പറയണമെന്നും കെ മുരളീധരന്‍ പറഞ്ഞു. കേരളം ആവശ്യപ്പെട്ട അതിവേഗ റെയിൽ, എയിംസ്, റബർ കർഷകർക്കുള്ള താങ്ങുവില ആനുകൂല്യങ്ങൾ അടക്കം ഒന്നും തന്നെ കേന്ദ്ര ബജറ്റിൽ ഇല്ലെന്നും കെ മുരളീധരന്‍ കുറ്റപ്പെടുത്തി.

ഇങ്ങേയറ്റത്ത് ഇങ്ങനെ ഒരു സംസ്ഥാനം ഉണ്ടെന്നുപോലും കേന്ദ്രത്തിന് അറിയാത്ത അവസ്ഥയാണ്. കേരളത്തിൽ ബിജെപിക്ക് കാര്യമായിട്ട് അക്കൗണ്ട് തുറക്കാൻ കഴിയില്ല എന്ന് മനസിലായി. തുറക്കാൻ പറ്റുന്നത് ബാങ്ക് അക്കൗണ്ട് മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു. കേന്ദ്രമന്ത്രിയുടേത് ഒരു സിനിമ ഡയലോഗ് ആയി മാത്രം കണ്ടാൽ മതി. അതിനപ്പുറം അതിനെ കാണേണ്ടതില്ല. കേരളത്തിൽ നിന്നുള്ള രണ്ട് കേന്ദ്രമന്ത്രിമാർ ഇനി ഇവിടെ വന്ന് വാചക കസർത്ത് നടത്തരുതെന്നും കെ മുരളീധരൻ വിമർശിച്ചു.

കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തി. കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾ കേട്ടപ്പോൾ കേരളം ഇന്ത്യയുടെ ഭാഗമാണോ എന്ന് തോന്നിപ്പോയെന്നും കേന്ദ്ര ബ‍ജറ്റിൽ കേരളത്തിന് ഒന്നുമില്ലെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. കേരളത്തിന് ഇത്തവണയും എയിംസില്ല. അതിവേഗ റെയിൽപാതയുടെ പ്രഖ്യാപനവും ഉണ്ടായില്ല.

ബജറ്റിൽ കേരളത്തിന് ഒരു പ്രഖ്യാപനവും ഇല്ല എന്നത് സങ്കടകരമാണെന്നും വി ഡി സതീശൻ പറഞ്ഞു. ധാതു ഇടനാഴി പ്രഖ്യാപനം കേരളത്തിലെ ധാതു സമ്പത്ത് കോർപ്പറേറ്റുകൾക്ക് കൊടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും വി ഡി സതീശൻ പറഞ്ഞു. സംസ്ഥാനവുമായി കൂടിയാലോചിച്ച് വേണം ഇക്കാര്യത്തിൽ നയരൂപീകരണം നടത്താൻ കേരളത്തിലെ ധാതു സമ്പത്തിൽ പലരും കണ്ണ് വെച്ചിട്ടുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.

കേരളത്തിന് സമ്പൂർണ നിരാശ നൽകുന്നതാണ് നിർമല സീതാരാമൻ പ്രഖ്യാപിച്ച കേന്ദ്ര ബജറ്റ്. കേരളം ഏറെ പ്രതീക്ഷ വെച്ചുപുലർത്തിയ എയിംസ്, അതിവേഗ റെയിൽപാത എന്നിവയിൽ ഒരു പ്രഖ്യാപനവും ഉണ്ടായില്ല. അയൽസംസ്ഥാനമായ തമിഴ്‌നാടിന് രണ്ട് അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ചപ്പോഴാണ് സജീവ ചർച്ച ഉയർന്നുവന്ന കേരളത്തെ തഴഞ്ഞത്.

Content Highlight : Congress leader K Muraleedharan has strongly criticized the Union Budget. K Muraleedharan has said that Kerala has been completely ignored and that BJP MPs should apologize to the people of Kerala.

dot image
To advertise here,contact us
dot image