
തിരുവനന്തപുരം: സ്‌കൂള്‍ സമയമാറ്റവുമായി ബന്ധപ്പെട്ട കോടതി വിധിയിലും വിദ്യാഭ്യാസ അവകാശ നിയമത്തിലും ഇനി ചര്‍ച്ചയില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സംഘടനകളെ ഈ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ സമയമാറ്റം സംബന്ധിച്ച് ചില അവ്യക്തതകള്‍ നിലനില്‍ക്കുന്നുണ്ട്. 8,9,10 ക്ലാസുകള്‍ക്കാണ് സമയമാറ്റം ബാധകമായിരിക്കുകയെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉള്‍പ്പെടെയുള്ള സംഘടനകള്‍ സ്കൂള്‍ സമയമാറ്റത്തിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങവേയാണ് മന്ത്രിയുടെ ഇൌ വാക്കുകള്‍.
കേരളത്തില്‍ തന്നെ സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളും സര്‍ക്കാര്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളും അവരുടെ അക്കാദമി നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി പ്രവൃത്തി ദിനസങ്ങള്‍ അടക്കം ഉയര്‍ത്തിയിട്ടുണ്ട്. അക്കാര്യങ്ങള്‍ കൂടി പരിഗണിക്കുമ്പോള്‍ ദേശീയ അടിസ്ഥാനത്തില്‍ തന്നെ മാതൃകാപരമായി പോകുന്ന കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ ഏതെങ്കിലും വിധത്തിലുള്ള ഗൂഢാലോചന നടക്കുന്നുണ്ടോ എന്ന് സംശയിക്കുന്നു. പ്രതിഷേധങ്ങള്‍ക്ക് പിന്നിലെ ലക്ഷ്യം സംശയാസ്പദമാണെന്നും മന്ത്രി പറഞ്ഞു.
പാദസേവാ വിവാദവുമായി ബന്ധപ്പെട്ടും മന്ത്രി പ്രതികരിച്ചു. വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. ആലപ്പുഴയില്‍ ബിജെപി ജില്ലാ സെക്രട്ടറിയുടെ കാല്‍ വരെ കുഞ്ഞുങ്ങള്‍ക്ക് കഴുകേണ്ടിവന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ വിഷയം അന്വേഷിക്കുകയാണ്. വിദ്യാഭ്യാസ അവകാശം നിയമപ്രകാരം ഇത് മാനസിക പീഡനമാണെന്നും മന്ത്രി പറഞ്ഞു.
പാദസേവാ വിവാദത്തില്‍ ഗവര്‍ണര്‍ക്കും മന്ത്രി മറുപടി നല്‍കി. കേരളത്തില്‍ അങ്ങനെ ഒരു സംസ്‌കാരമില്ലെന്ന് മന്ത്രി പറഞ്ഞു. ഇത് ആര്‍എസ്എസിന്റെ അജണ്ടയാണ്. അതാണ് ഗവര്‍ണറുടെ വായിലൂടെ വന്നത്. കേരളത്തിലെ ഒരു വിദ്യാര്‍ത്ഥിയും ആരുടെയും കാല്‍ കഴുകുന്ന ഒരു അവസരം ഉണ്ടാക്കില്ല. അത് ശ്രദ്ധിക്കണമെന്ന് ബന്ധപ്പെട്ട സ്‌കൂള്‍ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കും. ഗവര്‍ണറെ പോലുള്ള ഒരു ഭരണാധികാരി ഇത്രമാത്രം വേദനയുണ്ടാക്കുന്ന അഭിപ്രായപ്രകടനം നടത്തുന്നത് ദുഃഖകരമാണ്. നമ്മുടെ കൊച്ചുമക്കളെ കൊണ്ടാണ് കാല്‍ കഴുകിച്ചിരിക്കുന്നത്. അത് എവിടെയാണ് ഭാരതീയ സംസ്‌കാരത്തില്‍ പറഞ്ഞിട്ടുള്ളത് എന്നറിയില്ല. അതാണ് കേരള സംസ്‌കാരം എന്ന് ഒരിടത്തും പറയുന്നില്ല. ആര്‍എസ്എസ് ബോധപൂര്‍വ്വം നടത്തുന്ന അജണ്ടയാണിതെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കഴിഞ്ഞ നാലുവര്‍ഷംകൊണ്ട് വലിയ നേട്ടം ഉണ്ടായി. അതിനെ തകര്‍ക്കുന്ന നിലപാടാണ് പഴയ ഗവര്‍ണറും പുതിയ ഗവര്‍ണറും സ്വീകരിക്കുന്നതെനന്ും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Content Highlights- Minister v sivankutty clarify on changes school timing in kerala