
തൃശ്ശൂർ: കീം വിഷയത്തിൽ സർക്കാരിന് തെറ്റുപറ്റിയിട്ടില്ലെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. തെറ്റായ പ്രചാരണമാണ് നടക്കുന്നത്. എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാനുള്ള ഒരു ഫോർമുലയാണ് സർക്കാർ അംഗീകരിച്ചതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന ബോർഡിന്റെ കീഴിൽ പഠിച്ച കുട്ടികൾക്ക് പ്രയാസമുണ്ടായെന്നും അതിനു കാരണം സർക്കാരാണെന്നുമുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്.
കേരള സർക്കാർ ഇപ്പോൾ എടുത്ത തീരുമാനം റിസൾട്ടിനെ ബാധിച്ചിട്ടില്ല. കുട്ടികൾ പുറന്തള്ളപ്പെട്ടു എന്ന് പറയുന്നതിൽ അനീതിയുണ്ട് എന്ന് വ്യക്തമായി. എല്ലാ കുട്ടികൾക്കും തുല്യതയും നീതിയും വേണം എന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്. ആരാണ് ഉത്തരവാദി എന്ന് ആലോചിച്ചാൽ മതി ഉത്തരം കിട്ടുമെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി മന്ത്രി പ്രതികരിച്ചു. അടുത്തവർഷം ഒരു കോടതിക്കും റദ്ദാക്കാൻ ചെയ്യാൻ പറ്റാത്ത വിധത്തിൽ വിഷയം കൈകാര്യം ചെയ്യുമെന്നും മന്ത്രി ആർ ബിന്ദു വ്യക്തമാക്കി.
അടുത്ത വർഷം കീമിന്റെ പ്രോസ്പെക്ടസിൽ പരിഷ്കാരം നേരത്തെ ഉൾപ്പെടുത്തും. പിന്നെ നിയമപ്രശ്നങ്ങൾ ഉണ്ടാകില്ല. കീമിന്റെ പ്രോസ്പെക്ടസിൽ ഭേദഗതി വരുത്താൻ നടപടികൾ ഏറെയുണ്ടായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കീമുമായി ബന്ധപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി അംഗീകരിച്ചുകൊണ്ടാണ് പഴയ ഫോർമുല അനുസരിച്ചുള്ള റാങ്ക് ലിസ്റ്റ് കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചിരുന്നു. കീമിന്റെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചപ്പോൾ 76,230 വിദ്യാർഥികളാണ് യോഗ്യത നേടിയത്. റാങ്ക് പട്ടികയിൽ വലിയ മാറ്റമാണുണ്ടായത്. കേരള സിലബസുകാർ പിന്നിൽ പോയി. ആദ്യ 100 റാങ്കിൽ 21 പേർ കേരള സിലസിൽ നിന്നുള്ളവരാണ്. മുൻ ലിസ്റ്റിൽ 43 പേരായിരുന്നു ഉണ്ടായിരുന്നത്. തിരുവനന്തപുരം കവടിയാർ സ്വദേശിയായ ജോഷ്വ ജേക്കബിനായിരുന്നു ഒന്നാം റാങ്ക്. പഴയ ലിസ്റ്റിൽ ജോൺ ഷിനോജിനായിരുന്നു ഒന്നാം റാങ്ക്. പഴയ പട്ടികയിൽ അഞ്ചാം റാങ്കായിരുന്നു ജോഷ്വായ്ക്ക്. ചെറായി സ്വദേശി ഹരികൃഷ്ണൻ ബൈജുവിനായിരുന്നു രണ്ടാം റാങ്ക്.
. കീം റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് സിംഗിള്‍ ബെഞ്ചിന് പുറമേ ഡിവിഷന്‍ ബെഞ്ചിലും സര്‍ക്കാരിന് തിരിച്ചടി നേരിടേണ്ടിവന്നിരുന്നു. റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് നടപടിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളുകയായിരുന്നു. റാങ്ക് ലിസ്റ്റ് റദ്ദാക്കിയ നടപടിയില്‍ ഇടപെടാനില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സര്‍ക്കാര്‍ മുന്നോട്ടുവെച്ച വാദങ്ങള്‍ ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചില്ല.
കേരളത്തിലെ എൻജിനീയറിംഗ് പ്രവേശനത്തിനായി ഈ മാസം ഒന്നിന് പ്രസിദ്ധീകരിച്ച കീം റാങ്ക് ലിസ്റ്റ് ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ റദ്ദാക്കിയിരുന്നു. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് പ്രോസ്‌പെക്ടസിൽ സർക്കാർ വരുത്തിയ മാറ്റം നിയമവിരുദ്ധവും നീതികരിക്കാനാവാത്തതും ഏകപക്ഷീയവുമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് ഡി കെ സിംഗിന്റെ ഉത്തരവ്. ഫെബ്രുവരി 19ന് പുറത്തിറക്കിയ പ്രോസ്‌പെക്ടസ് പ്രകാരം പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനും എൻട്രൻസ് കമ്മീഷണർക്ക് സിംഗിൾ ബെഞ്ച് നിർദേശം നൽകിയിരുന്നു. ഇതിനെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. എന്നാൽ സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച് ഡിവിഷൻ ബെഞ്ച് സർക്കാരിൻ്റെ ഹർജി തള്ളുകയായിരുന്നു.
എൻട്രൻസ് പരീക്ഷയുടെ സ്‌കോറും പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മാർക്കും 50:50 എന്ന അനുപാതത്തിലെടുത്താണ് കീം റാങ്ക് നിശ്ചയിക്കുന്നത്. പന്ത്രണ്ടാം ക്ലാസിലെ കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി മാർക്കുകൾ 1:1:1 അനുപാതത്തിൽ കണക്കാക്കുമെന്നാണ് ഫെബ്രുവരിയിലെ പ്രോസ്‌പെക്ടസിൽ അറിയിച്ചിരുന്നത്. 2011 മുതൽ പിന്തുടർന്നിരുന്ന മാനദണ്ഡമായിരുന്നു ഇത്. ഇക്കഴിഞ്ഞ ജൂലൈ ഒന്നിന് ഭേദഗതിയിലൂടെ ഈ അനുപാതം 5:3:2 എന്നാക്കി. വിവിധ ബോർഡുകളിൽ പഠിച്ചവരുടെ മാർക്കുകൾ ഏകീകരിക്കുന്നതിലുള്ള ഫോർമുലയിലും മാറ്റം വരുത്തി. ഈ മാറ്റങ്ങൾ കേരള സിലബസ് വിദ്യാർത്ഥികൾക്ക് അനുകൂലവും സിബിഎസ്ഇ, ഐഎസ്‌സി വിദ്യാർത്ഥികൾക്ക് പ്രതികൂലവുമാണെന്ന് ചൂണ്ടിക്കാട്ടി സിബിഎസ്ഇ വിദ്യാർത്ഥികളാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ സമീപിച്ചത്. കേരള സിലബസിൽ പഠിച്ച വിദ്യാർത്ഥികൾ മാറ്റത്തെ അനുകൂലിച്ച് കക്ഷി ചേർന്നെങ്കിലും അവരുടെ വാദം കോടതി അംഗീകരിച്ചിരുന്നില്ല.
Content Highlights: R Bindu says the government did nothing wrong in the KEAM issue