ഇ ഡി ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലി കേസ്; ശേഖർ കുമാറിനെതിരായ നിർണ്ണായക തെളിവുകൾ വിജിലൻസിന് ലഭിച്ചു

ശേഖർ കുമാറിനെ ചോദ്യം ചെയ്യാനുള്ള വിജിലൻസ് നീക്കത്തിനിടെയാണ് പുതിയ തെളിവുകൾ ലഭിച്ചത്

dot image

കൊച്ചി: ഇ ഡി ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലി കേസിൽ വിജിലൻസിന് നിർണ്ണായക തെളിവുകൾ ലഭിച്ചു. ഇ ഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിനെതിരായ നിർണായക തെളിവുകളാണ് വിജിലൻസിന് ലഭിച്ചത്. പ്രതി രഞ്ജിത്ത് വാര്യരുമായി ശേഖർ കുമാർ നടത്തിയ സംഭാഷണത്തിൻ്റെ തെളിവുകളാണ് വിജിലൻസിന് ലഭിച്ചത്. പ്രത്യേക ആപ്പ് ഉപയോഗിച്ചായിരുന്നു ഇരുവരും തമ്മിലുള്ള സംഭാഷണം. രഞ്ജിത്ത് വാര്യരുടെ ഫോണിൽ ഫോറൻസിക് പരിശോധനയിലാണ് തെളിവ് ലഭിച്ചത്. ശേഖർ കുമാറിനെ ചോദ്യം ചെയ്യാനുള്ള വിജിലൻസ് നീക്കത്തിനിടെയാണ് പുതിയ തെളിവുകൾ ലഭിച്ചത്. ശേഖർ കുമാറിന് അന്വേഷണസംഘം ഉടൻ നോട്ടീസ് നൽകും.

നേരത്തെ കൈക്കൂലിക്കേസിൽ ഇ ഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിന് ഹൈക്കോടതി സിം​ഗിൾ ബെഞ്ച് മുൻ‌കൂർ ജാമ്യം അനുവദിച്ചിരുന്നു. കൊല്ലത്തെ കശുവണ്ടി വ്യവസായിയായ അനീഷിന്റെ പേരിലുളള കേസ് ഒഴിവാക്കാൻ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നാണ് കേസ്. ഇതിലാണ് ശേഖർ കുമാറിനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസെടുത്തത്. കൈക്കൂലി വാങ്ങാൻ ഇടനില നിന്ന രണ്ടുപേർ നേരത്തെ അറസ്റ്റിലായിരുന്നു. എന്നാൽ പരാതിക്കാരൻ തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണ് എന്നായിരുന്നു ജാമ്യാപേക്ഷയിൽ ശേഖർ കുമാർ പറഞ്ഞിരുന്നത്.

ഇ ഡി ഉദ്യോഗസ്ഥൻ പ്രതിയായ വിജിലൻസ് കേസിലെ മറ്റ് മൂന്ന് പ്രതികൾക്കും നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. കൊച്ചി തമ്മനം സ്വദേശി വിൽസൺ വർഗീസ്, രാജസ്ഥാൻ സ്വദേശി മുരളി മുകേഷ്, ചാർട്ടേഡ് അക്കൗണ്ടൻ്റ് രഞ്ജിത്ത് വാര്യർ എന്നിവർക്കാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

Content Highlights: Bribery case in which ED officer is accused Vigilance gets crucial evidence against Shekhar Kumar

dot image
To advertise here,contact us
dot image