
തിരുവനന്തപുരം: പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയിൽ പൊട്ടിത്തെറി. ആനുപാതികമായ പ്രാധിനിത്യമല്ല ഉണ്ടായതെന്ന പരാതി മുരളീധര പക്ഷം ദേശീയ നേതൃത്വത്തെ അതൃപ്തി അറിയിക്കും. ജനറൽ സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ട എംടി രമേശ്, ശോഭാ സുരേന്ദ്രൻ, അഡ്വ എസ് സുരേഷ്, അനൂപ് ആന്റണി എന്നിവർ മുരളീധരനോടോ സുരേന്ദ്രനോടോ അനുഭാവം പുലർത്തുന്നവരല്ല. മാത്രമല്ല ഇവരോട് അനുഭാവം പുലർത്തുന്ന സി കൃഷ്ണകുമാറിനെയും പി സുധീറിനെയും ഉപാധ്യക്ഷന്മാരാകുകയും ചെയ്തു. ഇവർ ഇരുവരെയും കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്.
യോഗ്യതയും അനുഭവസമ്പത്തുമുള വി വി രാജേഷ്, അഡ്വ കെ കെ അനീഷ്കുമാർ തുടങ്ങിയ നേതാക്കളെ മാറ്റിനിർത്തി അനൂപ് ആന്റണിയെ ജനറൽ സെക്രട്ടറിയാക്കിയതിലും അതൃപ്തിയുണ്ട്. എ എൻ രാധാകൃഷ്ണനെ ഒഴിവാക്കിയതിൽ പി കെ കൃഷ്ണദാസിനും അതൃപ്തിയുണ്ട്. ഒഴിവാക്കപ്പെട്ട ഉപാധ്യക്ഷന്മാരെ ദേശീയ സമിതിയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. എന്നാൽ വിവാദങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ തദ്ദേശ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും ഒരുങ്ങുകയാണ് 'ടീം രാജീവ് ചന്ദ്രശേഖർ'.
ഇന്നലെ ഉച്ചയോടെയാണ് പുതിയ ബിജെപി ഭാരവാഹികളെ പ്രഖ്യാപിച്ചത്. വി മുരളീധരൻ പക്ഷത്തെ വെട്ടിനിരത്തിയായിരുന്നു പട്ടിക പ്രഖ്യാപിച്ചത്. ഷോൺ ജോർജ്, മുൻ ഡിജിപി ആർ ശ്രീലേഖ, ഡോ.കെ എസ് രാധാകൃഷ്ണൻ, സി സദാനന്ദൻ, അഡ്വ. പി സുധീർ, സി കൃഷ്‌ണകുമാർ, അഡ്വ. ബി ഗോപാലകൃഷ്‌ണൻ, ഡോ.അബ്ദുൾ സലാം, കെ. സോമൻ, അഡ്വ.കെ കെ അനീഷ്കുമാർ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. അഡ്വ. ഇ കൃഷ്ണദാസാണ് ട്രഷറർ.
അതേസമയം, ബിജെപിയുടെ പുതിയ ആസ്ഥാനമന്ത്രിമായ കെ ജി മാരാർ ഭവൻ ഇന്ന് 11 മണിക്ക് ഉദ്‌ഘാടനം ചെയ്യും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഉദ്‌ഘാടനം ചെയ്യുക. ശേഷം അമിത് ഷാ പങ്കെടുക്കുന്ന നേതൃതല സംഗമം ഇന്ന് പുത്തരിക്കണ്ടത്ത് നടക്കും.
Content Highlights: V Muraleedharan to approach centre against new leadership at kerala bjp