
പത്തനംതിട്ട: കീം പരീക്ഷ വിവാദത്തിൽ സമരം കടുപ്പിക്കാൻ കെഎസ്യു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു രാജിവെക്കും വരെ സമരം തുടരുമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന നീറുന്ന പ്രശ്‌നമായി കീം പരീക്ഷാഫലം മാറിയെന്നും ഒന്നാം റാങ്കുകാരന്‍ ഇപ്പോള്‍ ചിത്രത്തില്‍ പോലുമില്ലാത്ത അവസ്ഥയാണെന്നും അലോഷ്യസ് സേവ്യര്‍ മാധ്യമങ്ങളോട് പറഞ്ഞു.
'വിദ്യാര്‍ത്ഥികള്‍ക്ക് കടുത്ത മാനസിക സംഘര്‍ഷം ഉണ്ടാകുന്നു. ഇതാണോ സര്‍ക്കാര്‍ പറയുന്ന നമ്പര്‍ വണ്‍ വിദ്യാഭ്യാസ കേരളം. ഇതാണോ വികസിത കേരളം. ഏറ്റവും കുത്തഴിഞ്ഞ വകുപ്പായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മാറി. ഇവിടെ ഒരു മന്ത്രി ഉണ്ടോ എന്ന് പോലും സംശയമാണ്. കെടുകാര്യസ്ഥതയുടെ കൂത്തരങ്ങായി ഉന്നത വിദ്യഭ്യാസ വകുപ്പ് മാറി. വിഷയങ്ങളെ പഠിക്കാനോ പരിഹരിക്കാനോ മന്ത്രി തയ്യാറാകുന്നില്ല', അദ്ദേഹം പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്ക് പോകുമ്പോള്‍ എസ്എഫ്‌ഐക്ക് ഒരക്ഷരം പോലും മിണ്ടാന്‍ കഴിയുന്നില്ലെന്നും അലോഷ്യസ് സേവ്യര്‍ കുറ്റപ്പെടുത്തി. കുറച്ച് കാലമായി സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സലര്‍മാര്‍ ഇല്ല. 13ല്‍ 12 സര്‍വകലാശാലകളിലും സ്ഥിരം വി സിമാരില്ല. 66 സര്‍ക്കാര്‍ കോളജുകളില്‍ 65ലും സ്ഥിരം പ്രിന്‍സിപ്പല്‍മാര്‍ ഇല്ല. ഉച്ചക്കഞ്ഞി വിഷയം മൂര്‍ദ്ധന്യാവസ്ഥയിലാണ്. കീമില്‍ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്കയുണ്ട്. ഇതിലേന്തെങ്കിലും വിഷയത്തില്‍ എസ്എഫ്‌ഐ നിലപാട് പറഞ്ഞിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
'വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന ഒരു വിഷയത്തിലും എസ്എഫ്‌ഐ അഭിപ്രായം പറയുന്നില്ല. കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഫ്രീസറില്‍ ഇരിക്കുന്ന സംഘടനയാണ് എസ്എഫ്‌ഐ. അവര്‍ ഇവിടെയുണ്ടെന്ന് അറിയിക്കാന്‍ വേണ്ടി പൊറാട്ട് നാടകവുമായി സര്‍വകലാശാലകളില്‍ എസ്എഫ്‌ഐ അഴിഞ്ഞാടുന്നു. വിദ്യാര്‍ത്ഥികളെ ബാധികുന്ന പ്രശ്‌നങ്ങളില്‍ എന്തുകൊണ്ട് ഒരക്ഷരം മിണ്ടുന്നില്ല. സര്‍ക്കാരിന് വേണ്ടി, സിപിഐഎമ്മിന് വേണ്ടി അഭിനയിക്കുന്ന നടന്മാരും നടികളുമായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മാറി. ഇത് വിദ്യാര്‍ത്ഥി കേരളത്തിന് അപമാനകരമാണ്', അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് പറയുന്നു തങ്ങള്‍ സംഘപരിവാര്‍ വിരുദ്ധരാണെന്ന്. എന്നാല്‍ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ആദ്യം മുഖ്യമന്ത്രിയോട് സംഘപരിവാറിനെ തള്ളി പറയാന്‍ പറയണമെന്നും അദ്ദേഹം പരിഹസിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ആര്‍എസ്എസ് പരാമര്‍ശം വന്നപ്പോള്‍ എസ്എഫ്‌ഐ എവിടെയായിരുന്നുവെന്നും അലോഷ്യസ് ചോദിച്ചു.
'രജിസ്ട്രാറാണ് സംഘപരിവാര്‍ അനുകൂല സംഘടനയ്ക്ക് അനുമതി നല്‍കിയത്. ഈ രജിസ്ട്രാര്‍ തന്നെയാണ് ഗവര്‍ണര്‍ വന്നപ്പോള്‍ പരിപാടി നടത്താന്‍ പറ്റില്ലെന്ന് പറയുന്നത്. ആദ്യ പ്രതി രജിസ്ട്രാറാണ്. രജിസ്ട്രാര്‍ മുന്‍കാലങ്ങളില്‍ സംഘപരിവാറുമായി സന്ധിച്ചേര്‍ന്നിട്ടുണ്ട്. എസ്എഫ്‌ഐ ഒരക്ഷരം ഉരിയാടുന്നില്ല. കണ്ണൂര്‍ സര്‍വകലാശാലയില്‍ സവര്‍ക്കറെയും ഗോള്‍വാള്‍ക്കറെയും പഠനപദ്ധതിയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ എവിടെയായിരുന്നു എസ്എഫ്‌ഐയുടെ സംഘവിരുദ്ധത. മോഹനന്‍ കുന്നുമ്മലെന്ന സംഘിയായ വി സിയെ ആരോഗ്യസര്‍വകലാശാല വി സിയാക്കിയപ്പോള്‍ എവിടെയായിരുന്നു. പിണറായി വിജയനെയും എം വി ഗോവിന്ദനെയും തിരുത്തിയതിന് ശേഷം വലിയ ഗിരിപ്രഭാഷണം നടത്തണം', അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഏത് സര്‍വകലാശാലയിലും സംഘപരിവാര്‍ അഴിഞ്ഞാടാന്‍ ശ്രമിച്ചാല്‍ നഖശിഖാന്തം എതിര്‍ക്കുന്ന സംഘടനയാണ് കെഎസ്‌യു എന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇതിന്റെ പേര് പറഞ്ഞുകൊണ്ട് സിപിഐഎമ്മിന്റെ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയവും പൊറാട്ട് നാടകവും നടത്തുന്നതിന് വേണ്ടി വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ കെഎസ്‌യു സമ്മതിക്കില്ലെന്നും അലോഷ്യസ് സേവ്യര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: KSU president Aloshious Xavier against R Bindu and SFI