
ഇന്ത്യയുമായുള്ള മത്സരത്തിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഉടക്കിയിരുന്നു. ടൂർണമെന്റ് പാനലിൽ നിന്നും മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ നീക്കം ചെയ്തില്ലെങ്കിൽ ഏഷ്യാ കപ്പിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പാകിസ്താൻ പിന്മാറുമെന്ന് പിസിബി ചെയർമാൻ മൊഹ്സിൻ നഖ്വി മുന്നറിയിപ്പ് നൽകിയിരുന്നു.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടത്തിൽ ഹസ്തദാനം ചെയ്യാതെ ടീം ഇന്ത്യ മടങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിന് പിന്നാലെയാണ് ഈ സംഭവ വികാസങ്ങൾ അരങ്ങേറിയിരുന്നത് . മത്സരത്തിന്റെ ടോസ് സമയത്ത് പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ അലി ആഘയും ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും പതിവ് ഹസ്തദാനം ഒഴിവാക്കിയിരുന്നു.
മത്സരത്തിന്റെ ടോസ് സമയത്ത് പാകിസ്താൻ നായകനോട് ഇന്ത്യൻ നായകന് ഹസ്തദാനം നൽകരുതെന്ന് മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മാച്ച് റഫറിയെ ഒഴിവാക്കണമെന്ന് പിസിബി ആവശ്യപ്പെട്ടത്. ഒഴിവാക്കിയില്ലെങ്കിൽ ഏഷ്യാ കപ്പിൽ നിന്നും പിൻമാറുമെന്നും അറിയിച്ചു. എന്നാൽ റഫറി തെറ്റുകാരനല്ലെന്ന് ഐസിസി അറിയിച്ചു. ഇതിന് പിന്നാലെ യുഎഇക്കെതിരെയുള്ള അടുത്ത മത്സരത്തിൽ കളിക്കില്ലെന്നാണ് പാകിസ്താൻ വെല്ലുവിളിക്കുകായും ചെയ്തു.
എന്നാൽ ഏഷ്യ കപ്പ് ബഹിഷ്കരിച്ചാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഐ സിസി അറിയിച്ചു. വൻ അച്ചടക്ക നടപടികളും സാമ്പത്തിക നഷ്ടവും ഉണ്ടാകുമെന്ന് അറിയിച്ചതോടെ കടുത്ത തീരുമാനങ്ങളിൽ നിന്ന് പിന്മാറുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Content Highlights- Pakistan makes U-turn; will not withdraw from Asia Cup