കൊലപാതകക്കേസ് പ്രതിക്ക് കല്യാണത്തിന് പരോൾ; വധുവിന്റെ ധീരമായ നിലപാട് അവഗണിക്കാനാവില്ലെന്ന് കോടതി

ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് പരോൾ അനുവദിച്ചത്

dot image

കൊച്ചി: കൊലപാതക കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതിക്ക് വിവാഹത്തിനായി പരോൾ നൽകി ഹൈക്കോടതി. തൃശ്ശൂർ സ്വദേശി പ്രശാന്തിനാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് പരോൾ അനുവദിച്ചത്. പ്രശാന്തിന്റെ അമ്മ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.

വിയ്യൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് പ്രശാന്ത്. കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ടയാളെ വിവാഹം കഴിക്കാൻ പോകുന്ന യുവതിക്ക് വേണ്ടിയാണ് പരോൾ എന്ന് കോടതി പറഞ്ഞു. ശിക്ഷിക്കപ്പെട്ടിട്ടും യുവാവിനോടുള്ള സ്‌നേഹം യുവതി തുടരുന്നു. വധുവിന്റെ ഈ ധീരമായ നിലപാട് കോടതിക്ക് അവഗണിക്കാനാവില്ലെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് വ്യക്തമാക്കി. അമേരിക്കൻ കവിയത്രി മായ ആഞ്ചലോയുടെ പ്രണയ കവിത ഉദ്ധരിച്ചാണ് സിംഗിൾ ബെഞ്ചിന്റെ പരോൾ അനുമതി ഉത്തരവ്. 'പ്രണയത്തിന് മുന്നില്‍ പ്രതിബന്ധങ്ങളില്ല. അതിരുകളും ചുവരുകളും ഭേദിച്ച് അതിന്റെ പ്രതീക്ഷാനിര്‍ഭരമായ ലക്ഷ്യത്തിലെത്തും' എന്നാണ് മായ ആഞ്ചലോയുടെ വരികൾ.

ജയില്‍ ചട്ടങ്ങള്‍ പ്രകാരം സ്വന്തം വിവാഹത്തിന് ഒരു കുറ്റവാളിക്ക് അടിയന്തര അവധി അനുവദിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ജയില്‍ അധികൃതര്‍ പരോള്‍ നിഷേധിച്ചിരുന്നു. പ്രശാന്ത് ശിക്ഷിക്കപ്പെടുന്നതിന് മുന്‍പേ വിവാഹം ഉറപ്പിച്ചിരുന്നു എന്നായിരുന്നു ഹര്‍ജിയില്‍ ഉന്നയിച്ച വാദം. ജൂലൈ 13-നാണ് പ്രശാന്തിന്റെയും യുവതിയുടേയും വിവാഹം. 15 ദിവസത്തേക്കാണ് പ്രശാന്തിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പരോള്‍ അനുവദിച്ചത്. പ്രതി ജൂലൈ 26-ന് വൈകുന്നേരം നാലിന് മുന്‍പായി ജയിലില്‍ തിരിച്ചെത്തണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Content Highlights: High Court grants parole to convict sentenced to life in murder case for marriage

dot image
To advertise here,contact us
dot image