


 
            ഇടുക്കി: ഇടുക്കിയിലെ ഉപ്പുതറ പഞ്ചായത്തില്‍ ലൈഫ് കൊളള. കണ്ണംപടി ആദിവാസി ഉന്നതികളിലെ ലൈഫ് ഭവന പദ്ധതിയില്‍ വന്‍ ക്രമക്കേട്. ആകെ അനുവദിച്ച 96 വീടുകളില്‍ 27 എണ്ണവും പണി പൂര്‍ത്തിയാക്കാതെ മുഴുവന്‍ തുകയും കരാറുകാര്‍ വാങ്ങിയെടുത്തു. ഒട്ടുമിക്ക വീടുകളുടെയും മേല്‍ക്കൂരകള്‍ ചോര്‍ന്നൊലിക്കുകയാണ്. സര്‍ക്കാര്‍ നല്‍കിയ 6,25,000 രൂപ ഉപ്പുതറ പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരന്‍ ബിബിന്‍ തോമസ് തട്ടിയെടുത്തെന്നാണ് ആരോപണം. ഇയാള്‍ക്ക് ഉദ്യോഗസ്ഥരും സിപിഐഎം, കോണ്‍ഗ്രസ് മെമ്പര്‍മാരും ഒത്താശ ചെയ്തതെന്നും ആരോപണമുണ്ട്.
2022 മുതല്‍ ഉപ്പുതറ പഞ്ചായത്തില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്‍ഡായി ജോലി ചെയ്തിരുന്നയാളാണ് ബിബിന്‍ തോമസ്. ഇയാള്‍ കരാര്‍ ഏറ്റെടുത്ത് പണിത വീടുകള്‍ മൂന്നുവര്‍ഷം പിന്നിടുമ്പോഴേക്കും മേല്‍ക്കൂര പൊടിഞ്ഞുതാഴെ വീഴുകയാണ്. സിമന്റ് ചേര്‍ക്കാതെയാണ് കരാറുകാര്‍ മേല്‍ക്കൂര വാര്‍ത്തിരിക്കുന്നതെന്നാണ് ആരോപണം. വാസയോഗ്യമല്ലാത്ത രീതിയില്‍ വീടുകള്‍ മാറി. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെയും പിന്തുണ ബിബിന്‍ തോമസിനുണ്ടെന്നും ഇയാള്‍ ഇപ്പോഴും പഞ്ചായത്തില്‍ ജോലി ചെയ്യുന്നുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പദ്ധതിയുടെ ഫണ്ട് ലഭിക്കണമെങ്കില്‍ പഞ്ചായത്ത് സെക്രട്ടറിയുള്‍പ്പെടെ റിപ്പോര്‍ട്ട് നല്‍കണം. അതിന്റെ അടിസ്ഥാനത്തിലായിരിക്കും ഫണ്ട് ഉപഭോക്താവിന്റെ അക്കൗണ്ടില്‍ ലഭിക്കുക. ഈ തുക കരാറുകാരന്‍ ഉടന്‍ തന്നെ വാങ്ങിയെടുക്കുകയായിരുന്നെന്നും പതിനായിരം രൂപ പോലും ബാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും മുഴുവന്‍ തുകയും ബിബിന്‍ തോമസ് എടുത്തെന്നും ഉന്നതിയിലെ ഉപയോക്താവ് ആരോപിക്കുന്നു. വീടിന്റെ തേപ്പുപണികളൊക്കെ സ്വയം പണമെടുത്ത് ചെയ്യേണ്ടിവെന്നും ആരോപണമുണ്ട്.
Content Highlights: Irregularities in LIFE project in Upputhara Panchayat, Idukki: 27 houses not completed
 
                        
                        