
തിരുവനന്തപുരം: മുഖ്യമന്ത്രിയാകാൻ ശശി തരൂർ യോഗ്യനെന്ന സർവ്വേ റിപ്പോർട്ടിൽ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. ശശി തരൂരിന് അനുകൂലമായി സര്‍വ്വേ നടത്തിയ ഏജന്‍സിക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. 'വോട്ട് വൈബിന്‍' എന്ന ഏജന്‍സിയാണ് ശശി തരൂര്‍ മുഖ്യമന്ത്രിയാകുമെന്ന തരത്തിലുള്ള സര്‍വ്വേ നടത്തിയതെന്നും നാലുമാസം മുമ്പാണ് ഏജന്‍സി പ്രവര്‍ത്തനം തുടങ്ങിയതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. കേരളത്തില്‍ മാത്രം സര്‍വ്വേ നടത്തുന്നതിലെ താത്പര്യമാണ് തരൂര്‍ വിരുദ്ധ പക്ഷം സംശയിക്കുന്നത്.
മറ്റ് നേതാക്കള്‍ക്ക് ജനപിന്തുണയില്ലെന്ന് വരുത്താനാണ് സര്‍വ്വേ നടത്തിയതെന്നും ആക്ഷേപമുണ്ട്. സര്‍വേ നടത്തിയത് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ ലക്ഷ്യമിട്ടാണെന്നും ശശി തരൂര്‍ വിരുദ്ധ പക്ഷം ആരോപിക്കുന്നു.
വിഷയത്തില്‍ രൂക്ഷമായി പ്രതികരിച്ച് പബ്ലിസിറ്റി ഉണ്ടാക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്. ശശി തരൂര്‍ കോണ്‍ഗ്രസ് വിട്ടേക്കുമെന്നും തരൂരിനെതിരെ നടപടിയെടുക്കേണ്ടതില്ലെന്നുമാണ് കോണ്‍ഗ്രസിന്‍റെ തീരുമാനമെന്നാണ് സൂചന.
കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഏറ്റവുമധികം ആളുകൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കുന്നത് തന്നെയാണെന്ന സര്‍വ്വേഫലം തരൂര്‍ പങ്കുവെച്ചിരുന്നു. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാണ്, കെ കെ ശൈലജക്ക് പിന്നിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ജനസമ്മിതി തുടങ്ങിയ കാര്യങ്ങള്‍ സര്‍വേയിലുണ്ടായിരുന്നു. സര്‍വ്വേ പ്രകാരം യുഡിഎഫ് അധികാരത്തിലെത്തിയാല്‍ 28.3 ശതമാനം പേരാണ് ശശി തരൂര്‍ മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നത്. 15.4 ശതമാനം പേര്‍ മാത്രമാണ് വി ഡി സതീശന്‍ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നത്.
Content Highlights: Congress leaders against Shashi Tharoor on Survey