വി ഡി സതീശന് ബിജെപി അധ്യക്ഷന്റെ അധികചുമതല, അദ്ദേഹം ആര്‍എസ്എസ് ഏജന്റാണ്: വി കെ സനോജ്

വി ഡി സതീശനും രാജേന്ദ്ര അര്‍ലേക്കറും ആര്‍എസ്എസുമൊക്കെ ചേര്‍ന്ന് കൂറുമുന്നണിയുണ്ടാക്കിയാലും എസ് എഫ് ഐ സമരം സംഘടിപ്പിക്കുമെന്നും എസ് എഫ് ഐയ്ക്ക് പിന്തുണയുമായി ഡി വൈ എഫ് ഐയുണ്ടാകുമെന്നും വി കെ സനോജ് പറഞ്ഞു.

dot image

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷവിമര്‍ശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. ആര്‍എസ്എസിനുവേണ്ടി പ്രവര്‍ത്തിക്കുന്ന വൈസ് ചാന്‍സലര്‍ക്കെതിരെ എസ് എഫ് ഐ സമരം നടത്തുമ്പോള്‍ വി ഡി സതീശന് പൊളളുന്നത് എന്തിനാണെന്ന് വി കെ സനോജ് ചോദിച്ചു. കേരളത്തിലെ ബിജെപി പ്രസിഡന്റിന്റെ അധിക ചുമതല കൂടി നിര്‍വഹിക്കുന്ന തരത്തില്‍ ആര്‍എസ്എസിന്റെ ഏജന്റായി പ്രവര്‍ത്തിക്കുകയാണ് വി ഡി സതീശൻ. അദ്ദേഹം ആര്‍എസ്എസ് ശാഖയില്‍ പോയി അഭ്യാസം കളിച്ച ആളാണെന്നും വി കെ സനോജ് പറഞ്ഞു. രാജ്ഭവനിലേക്ക് എസ്എഫ്‌ഐ നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലേക്കും ആര്‍എസ്എസ് ആളുകളെ അയക്കുകയാണ്. ആര്‍എസ്എസിന്റെ അജണ്ട നടപ്പിലാക്കാനായി ചാന്‍സലറായ ഗവര്‍ണര്‍ ഏജന്റായി പെരുമാറുകയാണ്. വിദ്യാര്‍ത്ഥികള്‍ സമരം നടത്തിയപ്പോള്‍ ആര്‍എസ്എസിനേക്കാള്‍ പൊളളിയത് വി ഡി സതീശനാണ്. എന്തേ സതീശാ നിങ്ങള്‍ക്കത്ര പൊളളുന്നത്? ആര്‍എസ്എസിന്റെ ആജ്ഞാനുവര്‍ത്തിയായ, അടിമയായ വൈസ് ചാന്‍സലര്‍ കേരളത്തിലെ ഉന്നതിവിദ്യാഭ്യാസം തകര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ പ്രതികരിക്കും. അതിനെ ഗുണ്ടായിസം എന്നാണ് സതീശന്‍ വിളിക്കുന്നത്, നീ വിശേഷിപ്പിക്കും. നീ ആര്‍എസ്എസിന്റെ ശാഖയില്‍ പോയി അഭ്യാസം കളിച്ചവനാണ്. ഗോള്‍വാക്കറുടെ ഫോട്ടോയ്ക്കുമുന്നില്‍ ഓച്ഛാനിച്ച് നിന്ന് വിളക്കുകൊളുത്തിയവനാണ്. നിന്റെ നേതാവ് കെ സുധാകരൻ ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍ നിന്നവനാണ്. ഇന്നലെ ബിജെപിക്കും ആര്‍എസ്എസിനും വേണ്ടി പ്രസ്താവനയിറക്കിയത് വി ഡി സതീശനാണ്. കേരളത്തിലെ ബിജെപി അധ്യക്ഷന്റെ അധിക ചുമതല കൂടി നിര്‍വഹിക്കുന്ന രൂപത്തിലേക്ക് ആര്‍എസ്എസിന്റെ ഏജന്റായി പ്രവര്‍ത്തിക്കുകയാണ് സതീശന്‍. അന്തസുളള കെഎസ്‌യുക്കാരും കോണ്‍ഗ്രസുകാരുമുണ്ടെങ്കില്‍ കേരളാ യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന സതീശന് കാര്യങ്ങള്‍ പറഞ്ഞുകൊടുക്കണം'- വി കെ സനോജ് പറഞ്ഞു.

വി ഡി സതീശനും രാജേന്ദ്ര അര്‍ലേക്കറും ആര്‍എസ്എസുമൊക്കെ ചേര്‍ന്ന് കൂറുമുന്നണിയുണ്ടാക്കിയാലും എസ്എഫ്‌ഐ സമരം സംഘടിപ്പിക്കുമെന്നും എസ് എഫ് ഐയ്ക്ക് പിന്തുണയുമായി ഡി വൈ എഫ് ഐയുണ്ടാകുമെന്നും വി കെ സനോജ് പറഞ്ഞു. ഉന്നതവിദ്യാഭ്യാസം തകര്‍ക്കാനും സര്‍വകലാശാലകളില്‍ ഭരണസ്തംഭനമുണ്ടാക്കാനുമാണ് ഭാവമെങ്കില്‍ അതിനെയെല്ലാം മറികടക്കുന്ന ഐതിഹാസികമായ പോരാട്ടത്തിന്റെ നാളുകളായിരിക്കും ഇനി വരാന്‍ പോകുന്നതെന്നും അടിയേറ്റാലും വെടിയേറ്റാലും മരിക്കേണ്ടി വന്നാലും അതിനെ കൂസാതെ മുന്നോട്ടുപോയിട്ടുളള യുവജന വിദ്യാര്‍ത്ഥി പ്രസ്ഥാനമാണ് എസ്എഫ്‌ഐ ഡിവൈഎഫ്ഐയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: VD Satheesan given additional charge of BJP president, he is an RSS agent says VK Sanoj

dot image
To advertise here,contact us
dot image