കൊച്ചിയിൽ ലഹരിമരുന്നുമായി ലക്ഷദ്വീപ് സ്വദേശിനി ഉൾപ്പെടെ രണ്ട് ഐടി ജീവനക്കാർ പിടിയിൽ

നാല് ഗ്രാം എംഡിഎംഎയും 30 എൽഎസ്ഡി സ്റ്റാമ്പുമായി രണ്ടുപേരാണ് പിടിയിലായത്

dot image

കൊച്ചി: കൊച്ചിയിൽ ലഹരിമരുന്നുമായി ഐടി ജീവനക്കാർ പിടിയിൽ. നാല് ഗ്രാം എംഡിഎംഎയും 30 എൽഎസ്ഡി സ്റ്റാമ്പുമായി രണ്ടുപേരാണ് പിടിയിലായത്. ലക്ഷദ്വീപ് സ്വദേശിനി ഫരീദ, മൂവാറ്റുപുഴ സ്വദേശി ശിവജിത്ത് ശിവദാസ് എന്നിവരാണ് പിടിയിലായത്. പള്ളിമുക്കിലെ ഒരു ലോഡ്ജിൽ നിന്നാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. എറണാകുളം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് ഇൻസ്പെക്ടർ കെ പി പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഇന്നലെയും കൊച്ചിയിൽ നിന്ന് രാസലഹരി പിടികൂടിയിരുന്നു.  20.55 ഗ്രാം വരുന്ന എംഡിഎംഎയുമായി യൂട്യൂബറും സുഹൃത്തുമാണ് പിടിയിലായത്. കോഴിക്കോട് സ്വദേശിനി റിന്‍സി, സുഹൃത്ത് യാസര്‍ അറാഫത്ത് എന്നിവരാണ് പിടിയിലായത്. കൊച്ചി കാക്കനാടിന് സമീപം പാലച്ചുവടുള്ള ഫ്‌ളാറ്റില്‍ നിന്നാണ് റിന്‍സിയേയും സുഹൃത്തിനേയും പൊലീസ് പിടികൂടിയത്. ഇരുവര്‍ക്കുമെതിരെ ലഹരിമരുന്ന് കൈവശംവെച്ചതിന് പൊലീസ് കേസെടുത്തു. സിനിമയുടെ പ്രൊമോഷന്‍ വര്‍ക്കുകള്‍ ഏറ്റെടുത്ത് റിന്‍സി ചെയ്തിരുന്നതായി വിവരമുണ്ട്. ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്ന സ്ഥാപനത്തിലായിരുന്നു ഇവര്‍ ജോലി ചെയ്തുവന്നിരുന്നത്.

ഇന്ന് രാവിലെ തിരുവനന്തപുരത്ത് നിന്നും വൻ തോതിൽ രാസലഹരി പിടികൂടിയിരുന്നു. ഒന്നേ കാല്‍ കിലോ എംഡിഎംഎയുമായാണ് പ്രതികളെ പൊലീസ് പിടികൂടിയത്. വിദേശത്ത് നിന്ന് കടത്തിക്കൊണ്ടുവന്ന നാല് കോടിക്ക് മുകളില്‍ വില വരുന്ന എംഡിഎംഎയാണ് പിടികൂടിയത്. ഈന്തപ്പഴത്തിന്റെ പെട്ടിക്കുള്ളില്‍ കറുത്ത കവറില്‍ ആക്കിയായിരുന്നു ലഹരി ശേഖരം ഒളിപ്പിച്ചു കടത്താന്‍ ശ്രമം നടന്നത്.

സംഭവത്തില്‍ വര്‍ക്കല സ്വദേശി സഞ്ജു, വലിയവിള സ്വദേശി നന്ദു, ഉണ്ണിക്കണ്ണന്‍, പ്രമീണ്‍ എന്നിവരാണ് പിടിയിലായത്. മയക്കു മരുന്ന് മാഫിയയുടെ ഇടയില്‍ ഡോണ്‍ എന്നാണ് സഞ്ജുവിനെ അറിയപ്പെടുന്നത്. ഇയാളുടെ നേതൃത്വത്തില്‍ രാസലഹരി വ്യാപനം നടത്തുന്ന സംഘത്തെക്കുറിച്ച് പൊലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്.

Content Highlights-IT professionals arrested with drugs in Kochi

dot image
To advertise here,contact us
dot image