
തിരുവനന്തപുരം: വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ സസ്‌പെന്‍ഡ് ചെയ്ത കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിനെ തിരിച്ചെടുത്ത സിന്‍ഡിക്കേറ്റ് തീരുമാനം ഗവര്‍ണര്‍ ഉടന്‍ റദ്ദാക്കും. ഇതിനായുള്ള നടപടി ക്രമങ്ങള്‍ രാജ്ഭവന്‍ ആരംഭിച്ചു. സിന്‍ഡിക്കേറ്റ് തീരുമാനം റദ്ദാക്കുമ്പോള്‍ ഫലത്തില്‍ രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ തുടരും. ജോയിന്റ് രജിസ്ട്രാര്‍ പി ഹരികുമാറിനെ സസ്‌പെന്‍ഡ് ചെയ്യാനും ഗവര്‍ണര്‍ തീരുമാനിച്ചിട്ടുണ്ട്.
ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ജോയിന്റ് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാനുള്ള തീരുമാനം വൈസ് ചാന്‍സലറെ അറിയിക്കും. വിസിയാണ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുക. നിലവില്‍ സിസ തോമസിനാണ് വിസിയുടെ ചുമതല. യോഗം കഴിഞ്ഞ് സിസ തോമസ് പുറത്ത് പോയതിന് ശേഷവും സിന്‍ഡിക്കേറ്റ് യോഗം തുടര്‍ന്നതിലാണ് നടപടി.
സംഭവത്തില്‍ ഹരികുമാറിനെ സിസ തോമസ് ജോയിന്റ് രജിസ്ട്രാര്‍ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. അതേസമയം സിന്‍ഡിക്കേറ്റിനെ പിരിച്ചു വിടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നാണ് ഗവര്‍ണരുടെ അഭിപ്രായം. സിസ തോമസ് നല്‍കിയ റിപ്പോര്‍ട്ടില്‍ സിന്‍ഡിക്കേറ്റിനെ പിരിച്ചുവിടണമെന്ന ശിപാര്‍ശയുണ്ടായിരുന്നു. പിന്നാലെ സിന്‍ഡിക്കേറ്റിനെ പിരിച്ചുവിടാമെന്ന് രാജ്ഭവന്‍ അഭിഭാഷകന്‍ അഡ്വ. ശ്രീകുമാറും സ്വകാര്യ അഭിഭാഷകരും നിയമോപദേശം നല്‍കിയിരുന്നു. പക്ഷേ പൂര്‍ണമായും സിന്‍ഡിക്കേറ്റ് പിരിച്ചുവിടാനുള്ള സാഹചര്യമില്ലെന്നാണ് ഗവര്‍ണറുടെ വിലയിരുത്തല്‍. എന്നാല്‍ കോടതിയലക്ഷ്യ നടപടി നേടുന്ന സിന്‍ഡിക്കേറ്റ് അംഗവും മുന്‍ എംഎല്‍എയുമായ ആര്‍ രാജേഷിനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള നീക്കം നടക്കുന്നുണ്ടെന്നാണ് സൂചന.
നാടകീയമായ സംഭവങ്ങളാണ് കേരള സര്‍വകലാശാലയിലെ സിന്‍ഡിക്കേറ്റ് യോഗത്തില്‍ അരങ്ങേറിയത്. രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ നടപടി റദ്ദാക്കുന്നത് സംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ നിന്ന് താത്കാലിക വി സി സിസ തോമസ് ഇറങ്ങിപ്പോയിരുന്നു. തുടര്‍ന്ന് മറ്റൊരു മുതിര്‍ന്ന സിന്‍ഡിക്കേറ്റ് അംഗത്തിന്റെ നേതൃത്വത്തില്‍ ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ കെ എസ് അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതായി അറിയിച്ചിരുന്നു. പിന്നാലെ രജിസ്ട്രാര്‍ വീണ്ടും ചുമതലയേല്‍ക്കുകയായിരുന്നു.
Content Highlight: Kerala Governor plans to suspend Syndicate decision on Registrar suspension