
തിരുവനന്തപുരം: ഇന്നത്തെ തലമുറ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമയാണ് അനില്‍ നാഗേന്ദ്രന്‍ സംവിധാനം ചെയ്ത 'വീരവണക്കം' എന്ന തമിഴ് സിനിമയെന്ന് സിപിഐഎം നേതാവ് ഐപി ബിനു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വീറുറ്റ സമര പോരാട്ടങ്ങളുടെ ചരിത്രം ഇത്രയ്ക്ക് ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്ന ഒരു സിനിമ ഒരു ഭാഷയിലും ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
'കാലത്തിനൊപ്പം - കാഴ്ചയ്ക്ക് അപ്പുറം !
കഴിഞ്ഞ ദിവസം തിരുവനന്തപുരം ശ്രീ തിയേറ്ററില്‍ വച്ചാണ് അനില്‍ വി. നാഗേന്ദ്രന്‍ സംവിധാനം ചെയ്ത 'വീര വണക്കം' എന്ന തമിഴ് സിനിമയുടെ പ്രിവ്യൂ ഷോ കണ്ടത്. സി.പി.ഐ (എം) ജനറല്‍ സെക്രട്ടറി എം.എ ബേബി, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, ഇ.പി. ജയരാജന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍, കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ പന്തളം സുധാകരന്‍, എം. വിജയകുമാര്‍, കെ.കെ. ശൈലജ ടീച്ചര്‍, ബെല്ലാര്‍മിന്‍ എക്‌സ് എം.പി. തുടങ്ങിയ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കളും സാമൂഹ്യ- സാംസ്‌കാരിക രംഗത്തെ പ്രശസ്തരും സിനിമയിലെ നടീനടന്മാരും പിന്നണി പ്രവര്‍ത്തകരുമെല്ലാം ചേര്‍ന്ന് സമ്പന്നമായ ഒരു സദസ്സ് തന്നെ സിനിമ കാണുവാനുണ്ടായിരുന്നു.
അനില്‍ നാഗേന്ദ്രന്‍ മുന്‍പ് മലയാളത്തില്‍ സംവിധാനം ചെയ്ത 'വസന്തത്തിന്റെ കനല്‍ വഴികളില്‍' എന്ന സിനിമയുടെ രണ്ടാം ഭാഗമായാണ് തമിഴില്‍ 'വീരവണക്കം' ഒരുക്കിയിരിക്കുന്നത്. ജാതിവിവേചനങ്ങളും അനാചാരങ്ങളും കൊണ്ട് ഏറ്റവും ദുഷിച്ച സാമൂഹ്യാവസ്ഥയെ നോക്കി സ്വാമി വിവേകാനന്ദന്‍ 'ഭ്രാന്താലയം' എന്നു വിശേഷിപ്പിച്ച കേരളത്തെ മാറ്റിയെടുക്കുന്നതില്‍ നവോത്ഥാന പ്രസ്ഥാനത്തിനു ശേഷം ഏറ്റവും കരുത്തുറ്റ സംഭാവന നല്കിയതില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും അതിന്റെ ആദ്യ സെക്രട്ടറിയായിരുന്ന പി.കൃഷ്ണപിള്ളയ്ക്കുമുള്ള പങ്ക് സത്യസന്ധമായും ഹൃദയസ്പര്‍ശിയായും 'വീര വണക്കം' എന്ന ചിത്രത്തിലൂടെ കാണിച്ചുതരുന്നു. സ്വാതന്ത്ര്യവും അവകാശങ്ങളും ആരും വച്ചുനീട്ടിയതല്ലെന്നും നിര്‍വധി പോരാട്ടങ്ങളിലൂടെയും ത്യാഗങ്ങളിലൂടെയും നേടിയെടുത്തതാണെന്നും ഈ സിനിമ നമ്മെ ഓര്‍മിപ്പിക്കുന്നു.
തമിഴ്‌നാടിന്റെ ഉള്‍ഗ്രാമങ്ങളില്‍ ഇന്നും നടമാടികൊണ്ടിരിക്കുന്ന ജാതി തരംതിരിവുകള്‍ക്കെതിരെയും കീഴ്ജാതിക്കാര്‍ അനുഭവിക്കുന്ന ചൂഷണങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും എതിരെയുള്ള പോരാട്ടങ്ങളും സംഘര്‍ഷപൂരിതമായ സംഭവവികാസങ്ങളുമാണ് 'വീര വണക്ക' ത്തിന്റെ പ്രധാന പ്രമേയം. ആ കഥ ആവേശകരമായ ഗതിമാറ്റത്തിലൂടെ കേരളത്തിലേക്ക് പടരുമ്പോള്‍ രണ്ടു സംസ്ഥാനങ്ങളുടെയും പോരാട്ട ചരിത്രമായി മാറുന്നു!
'നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് ' കടമ്മനിട്ട നമ്മോട് പറഞ്ഞത് പോലെ വീര വണക്കത്തിലൂടെ അനില്‍ നാഗേന്ദ്രന്‍ നമ്മോട് പറയുന്നതും അതുതന്നെയാണ്. കേരളത്തെ ശരിയായ ദിശയില്‍ വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയ അസാധാരണ വ്യക്തിത്വമാണ് സഖാവ് പി.കൃഷ്ണപിള്ളയുടേത്. സഖാവിനെ തമിഴ്‌നാട്ടുകാര്‍ക്കും വളരെ ഹൃദ്യമായി പരിചയപ്പെടുത്തി കൊടുക്കാനുള്ള തീവ്രമായ ശ്രദ്ധ കഥയിലും, തിരക്കഥയിലും സംവിധായകന്‍ പുലര്‍ത്തിയിട്ടുണ്ട്. തമിഴ്‌നാടിന്റെ മകളായ തങ്കമ്മയെ പി. കൃഷ്ണപിള്ള വിവാഹം കഴിക്കുന്ന സാഹചര്യം അത്യന്തം വൈകാരികമായി തന്നെ വീരവണക്കത്തില്‍ അവതരിപ്പിക്കുന്നുണ്ട്. പ്രമുഖ ദക്ഷിണേന്ത്യന്‍ സംവിധായകനും നടനുമായ സമുദ്രക്കനിയാണ് സഖാവായി അഭിനയിച്ചിരിക്കുന്നത്. സഖാവിന് ഒപ്പം നിരവധി പോരാട്ടങ്ങളില്‍ പങ്കെടുത്ത 97 വയസ്സുള്ള ചിരുത എന്ന വിപ്ലവ ഗായികയായി പി.കെ മേദിനി അവിസ്മരണീയമായ അഭിനയം കാഴ്ച വച്ചിരിക്കുന്നു. രാജാ മഹേന്ദ്രന്‍ എന്ന നല്ലവനായ തമിഴ് ജമീന്താരുടെ വേഷത്തില്‍ നടന്‍ ഭരത് അഭിനയിച്ചിരിക്കുന്നു. കേരളവും തമിഴ്‌നാടും രണ്ടല്ല,ഒരേ അമ്മ പെറ്റ സഹോദരങ്ങളാണെന്ന ഓര്‍മ്മപ്പെടുത്തലാണ് സിനിമ സമ്മാനിക്കുന്നത്. ഇന്ത്യ ഇന്ന് നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളികളാണ് വര്‍ഗീയതയും പ്രാദേശികവാദവും അഴിമതിയും. ഇതിനെതിരെ പോരാടാന്‍ നമുക്ക് വലിയ ആത്മവിശ്വാസം പകരുന്ന തരത്തിലാണ് വീര വണക്കത്തിലെ ഓരോ അംഗങ്ങളും. രണ്ടേകാല്‍ മണിക്കൂര്‍ കൊണ്ട് തമിഴ്‌നാടിന്റെ ഇന്നത്തെ സാമൂഹിക ചുറ്റുപാടിലൂടെയും, കേരളത്തിലെ 1940 കളിലെ സാമൂഹിക പശ്ചാത്തലങ്ങളിലൂടെയും സിനിമ സഞ്ചരിക്കുന്നു. അന്നത്തെ കേരളത്തിന്റെ പ്രകൃതി ഭംഗി വളരെ മനോഹരമായി പുനരാവിഷ്‌കരിച്ചിരിക്കുന്നു, വീര വണക്കത്തിലൂടെ ! ഹൃദയസ്പര്‍ശിയായിട്ടുള്ള പ്രണയ രംഗങ്ങളും ഗാനങ്ങളും ത്രസിപ്പിക്കുന്ന സംഘട്ടനങ്ങളും നിറഞ്ഞതാണ് 'വീര വണക്കം' !
ഇന്നത്തെ തലമുറ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമയാണിത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വീറുറ്റ സമര പോരാട്ടങ്ങളുടെ ചരിത്രം ഇത്രയ്ക്ക് ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്ന ഒരു സിനിമ ഒരു ഭാഷയിലും ഇതുവരെ ഉണ്ടായിട്ടില്ല.
3000 ത്തിലധികം അഭിനേതാക്കള്‍ വീര വണക്കത്തില്‍ അണിനിരക്കുന്നു. സമുദ്രക്കനി,ഭരത് എന്നിവരോടൊപ്പം റിതേഷ്, രമേഷ് പിഷാരടി, അരിസ്റ്റോ സുരേഷ്, പി.കെ മേദിനി, സുരഭി, സിദ്ദിഖ്, പ്രേംകുമാര്‍, ഉല്ലാസ് പന്തളം, റിയാസ്, പ്രമോദ് വെളിയനാട്, ആദര്‍ശ്, സിദ്ധാംഗന, ഐശ്വിക കോബ്ര രാജേഷ് എന്നിവരും ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചു. ദൃശ്യ മികവ് തന്നെയാണ് 'വീര വണക്ക' ത്തെ ഏറ്റവും മികവുറ്റതാക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് തമിഴിലെയും ഹിന്ദിയിലേയും പ്രഗത്ഭ ക്യാമറമാന്‍ . സിനുസിദ്ധാര്‍ത്ഥന്‍ കവിയരശും സിനു സിദ്ധാര്‍ത്ഥും ചേര്‍ന്നാണ്. ജൂലൈ മൂന്നാം വാരത്തോടു കൂടി തിയേറ്ററുകളിലേക്ക് 'വീര വണക്കം' പ്രദര്‍ശനത്തിന് എത്തുമെന്നാണ് അറിയുന്നത്.', ഐപി ബിനു കുറിച്ചു.