മലപ്പുറത്തെ 18കാരിയുടെ മരണം നിപ ബാധിച്ചെന്ന് സ്ഥിരീകരണം; പൂനെ വൈറോളജി ലാബില്‍ നിന്നുള്ള ഫലം പോസിറ്റീവ്

നിപ രോഗലക്ഷണങ്ങളോടെ കഴിഞ്ഞ മാസം 28നാണ് പെൺകുട്ടി കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്

dot image

മലപ്പുറം: മലപ്പുറത്തെ പതിനെട്ടുകാരിയുടെ മരണം നിപ ബാധിച്ചെന്ന് സ്ഥിരീകരണം. മങ്കട സ്വദേശിനിയായ പെൺകുട്ടിയുടെ മരണമാണ് നിപ മൂലമെന്ന് സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധനയിൽ പെൺകുട്ടിക്ക് നിപ സ്ഥിരീകരിച്ചിരുന്നു. പൂനെ വൈറോളജി ലാബിൽ നടത്തിയ പരിശോധനാ ഫലവും പോസിറ്റീവാണ്.

നിപ രോഗലക്ഷണങ്ങളോടെ കഴിഞ്ഞ മാസം 28നാണ് പെൺകുട്ടി കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. നില ഗുരുതമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇക്കഴിഞ്ഞ ഒന്നാം തീയതിയാണ് പെൺകുട്ടി മരിച്ചത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോര്‍ട്ടം നടത്തി. പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചതിനാൽ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഒരു ഡോക്ടറും രണ്ട് ജീവനക്കാരും ഹോം ക്വാറന്റൈനിൽ തുടരുകയാണ്.

അതിനിടെ നിപ സ്ഥിരീകരിച്ച പാലക്കാട് സ്വദേശിനി ഗുരുതരാവസ്ഥയില്‍ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗിയുമായി സമ്പര്‍ക്കമുണ്ടായവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് മൂന്ന് ജില്ലകളില്‍ ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം.

26 കമ്മിറ്റികള്‍ വീതം മൂന്ന് ജില്ലകളില്‍ രൂപീകരിച്ചിട്ടുണ്ട്. പൊലീസിന്റെ കൂടി സഹായത്തോടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കും. സ്റ്റേറ്റ് ഹെല്‍പ്പ് ലൈനും, ജില്ലാ ഹൈല്‍പ്പ് ലൈനും ഉണ്ടാകും. രണ്ട് ജില്ലകളില്‍ ജില്ലാതലത്തില്‍ കണ്ടെയ്ൻമെന്റ് സോണുകള്‍ പ്രഖ്യാപിക്കും. ഒരാളേയും വിട്ടു പോകാതെ കോണ്ടാക്ട് ട്രേസിംഗ് നടത്തണമെന്നും ഈ കാലയളവില്‍ അസ്വാഭാവിക മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.

Content Highlight : A native of Malappuram who died while undergoing treatment has been diagnosed with Nipah

dot image
To advertise here,contact us
dot image