രക്ഷാപ്രവര്‍ത്തനം വൈകി, ആളൊഴിഞ്ഞ കെട്ടിടമെന്ന് തെറ്റിദ്ധരിപ്പിച്ചു; ചാണ്ടി ഉമ്മന്‍ എംഎല്‍എ

തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദുവാണ് മരിച്ചത്.

dot image

കോട്ടയം: മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്നുവീണ് ഒരു സ്ത്രീ മരിച്ചതില്‍ പ്രതിഷേധം രേഖപ്പെടുത്തി പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍. രക്ഷാപ്രവര്‍ത്തനം ആരംഭിക്കാന്‍ വൈകിയെന്നാരോപിച്ചാണ് എംഎല്‍എയുടെ പ്രതിഷേധം. അപകടനം ഉണ്ടായപ്പോള്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിനുള്ള ശ്രമങ്ങള്‍ വേണ്ട രീതിയില്‍ കൈകാര്യം ചെയ്തില്ല. ആളൊഴിഞ്ഞ കെട്ടിടമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. തെറ്റായ വാര്‍ത്തകള്‍ പരത്താന്‍ ശ്രമിച്ചു. രക്ഷാപ്രവര്‍ത്തനം വൈകിയതിന് കാരണമിതാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദുവാണ് മരിച്ചത്. മകള്‍ക്കൊപ്പം കൂട്ടിരിപ്പിനായാണ് ബിന്ദു ആശുപത്രിയില്‍ എത്തിയത്. രാവിലെ കുളിക്കാനായി തകര്‍ന്ന കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ സ്ഥിതിചെയ്യുന്ന ശുചിമുറിയിലേക്ക് പോയപ്പോഴായിരുന്നു അപകടം. ബിന്ദുവിനെ പുറത്തെടുക്കുമ്പോള്‍ തന്നെ ജീവനറ്റനിലയിലായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ബിന്ദു രണ്ട് മണിക്കൂറോളം കെട്ടിടാവശിഷ്ടത്തില്‍ കുടുങ്ങി.

ജൂലൈ ഒന്നിനാണ് ഭര്‍ത്താവ് വിശ്രുതനൊപ്പം ബിന്ദു മകളുടെ ചികിത്സക്കായി ആശുപത്രിയിലെത്തിയത്. മകളെ ശസ്ത്രക്രിയക്കായി ന്യൂറോ സര്‍ജറി വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തലയോലപ്പറമ്പ് പള്ളിക്കവലയില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന ബിന്ദു വസ്ത്രശാലയില്‍ ജീവനക്കാരിയാണ്. നിര്‍മ്മാണ തൊഴിലാളിയാണ് ഭര്‍ത്താവ് വിശ്രുതന്‍.

കെട്ടിടം തകര്‍ന്നതിന് പിന്നാലെ ബിന്ദുവിനെ കാണാനില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ഭര്‍ത്താവായിരുന്നു പരാതി നല്‍കിയത്. 13ാം വാര്‍ഡിലാണ് ബിന്ദു പോയതെന്നും 13, 14 വാര്‍ഡിലുള്ളവര്‍ 14 ാം വാര്‍ഡിലാണ് പ്രാഥമിക കൃത്യങ്ങള്‍ക്കായി പോകുന്നതെന്നുമായിരുന്നു ബന്ധുക്കള്‍ ആരോപിച്ചത്. കാഷ്വാലിറ്റിയില്‍ അടക്കം തെരച്ചില്‍ നടത്തിയിട്ടും ബിന്ദുവിനെ കണ്ടുകിട്ടാതെ വന്നതോടെ വന്നതോടെ ബന്ധുക്കള്‍ പരാതി ഉന്നയിക്കുകയായിരുന്നു.

Content Highlights: Rescue operation delayed; Chandy Oommen MLA

dot image
To advertise here,contact us
dot image